ആർത്തവകാലത്തെ ലൈംഗികബന്ധം, ഫോർപ്ലേയുടെ പ്രാധാന്യം; പ്രശ്നങ്ങൾക്ക് ഏത് ഡോക്ടറെ കാണണം?
Mail This Article
ലൈംഗിതയെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തത് പലപ്പോഴും ജീവിതത്തിൽ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പങ്കാളികൾക്കിടയിലെ ആശയവിനിമയം ശരിയായി നടക്കുന്നില്ലെങ്കിലോ തെറ്റായ വിവരങ്ങളോ ലൈംഗികബന്ധത്തെ ബുദ്ധിമുട്ടിലാക്കിയേക്കാം. ഈ സംശയങ്ങളുടെ ഉത്തരങ്ങൾ അറിയാം
∙അഗ്രചർമം പുറകിലോട്ടു മാറാത്ത അവസ്ഥ ലൈംഗികതയെ ബാധിക്കുമോ? പരിഹാരത്തിനായി ഏതു ഡോക്ടറെയാണു സമീപിക്കേണ്ടത്?
പുരുഷലിംഗം ഉദ്ധരിക്കുമ്പോൾ അഗ്രചർമം തടസ്സമില്ലാതെ പുറകോട്ട് മാറേണ്ടതാണ്. കുട്ടി ജനിക്കുമ്പോൾ തന്നെ ശിശുരോഗവിദഗ്ധൻ പരിശോധിക്കുകയാണെങ്കിൽ ഈ ജന്മസിദ്ധമായ വൈകല്യം മനസ്സിലാക്കാൻ സാധിക്കും. എന്തെങ്കിലും കാരണവശാൽ ജനനസമയത്ത് ഇക്കാര്യം മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിലും കൗമാരപ്രായത്തിൽ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. ബാല്യത്തിലോ, കൗമാരകാലത്തോ, അഗ്രചർമത്തിന്റെ ഉൾഭാഗത്ത് അണുബാധ ഉണ്ടായാലും അഗ്രചർമം പുറകോട്ട് മാറ്റാൻ സാധിക്കാതെ ഒട്ടിപ്പിടിച്ച് ഇരിക്കുന്ന അവസ്ഥ ഉണ്ടായേക്കാം. വൈകല്യം മനസ്സിലാക്കിയാൽ കഴിയുന്നതും വേഗത്തിൽ ഒരു സർജനെ കാണണം. വളരെ ലഘുവായ ഒരു ഒാപ്പറേഷനിലൂടെ ഈ വൈകല്യം മാറ്റിയെടുക്കാം.
∙ആ ദിവസങ്ങളിൽ എങ്ങനെ വേണം?
ആർത്തവദിവസങ്ങളിൽ യോനീഭാഗങ്ങളിൽ ആർത്തവ രക്തം കാണാം. ആ ദിവസങ്ങളിൽ ലൈംഗിക ഉത്തേജനവും കുറവായിരിക്കും. ആസ്വാദ്യതയുള്ള ബാഹ്യലീലകൾക്കും സംഭോഗപ്രക്രിയകൾക്കും ആർത്തവ ദിവസങ്ങളിൽ സാധിച്ചെന്നുവരില്ല. മാത്രമല്ല പല തരത്തിലുള്ള അണുബാധ ഉണ്ടാക്കാനും സാധ്യതയുണ്ട്. അടിവയറിന്റെ ഭാഗത്തു വേദനയും അസ്വസ്ഥതകളും ഉള്ള ദിവസങ്ങളായതുകൊണ്ടു സ്ത്രീകൾ പൊതുവേ ലൈംഗികബന്ധങ്ങൾക്കു താൽപര്യം കാണിക്കാറില്ല. ആർത്തവദിവസമാണ് എന്ന് ഇണയോട് പറഞ്ഞു, കഴിയുന്നതും യോനീ ലൈംഗിക ബന്ധങ്ങളും നടത്തുന്നതിനു തയസ്സമില്ല. ആർത്തവ ദിവസങ്ങളിൽ സ്ത്രീ അശുദ്ധയാണ് എന്നധാരണയിൽ പുരുഷനിൽ നിന്ന് അകന്നു നിൽക്കേണ്ടതുമില്ല.
∙സെക്സിൽ ഫോർപ്ലേ എത്രത്തോളം പ്രസക്തമാണ്? സ്ത്രീക്കും പുരുഷനും ഇത് ഒരുപോലെ ആവശ്യമാണോ?
ഫോർപ്ലേ എന്നതിനു സംഭോഗപൂർവ രതിലീലകൾ എന്നു വിവർത്തനം ചെയ്യാം. സംഭോഗപ്രക്രിയയ്ക്ക് മുമ്പുള്ള മണിക്കൂറുകൾ, ദിവസങ്ങൾ, ആഴ്ചകൾ, ഒരു പക്ഷേ, മാസങ്ങൾ പോലും ഇക്കാര്യത്തിൽ പ്രസ്കതമാണ്. സ്പർശനവും ദർശനവും മാത്രമല്ല വാമൊഴികളും ശരീരഭാഷയും മുഖഭാവവും എല്ലാം ഇണയെ തന്നിലേക്ക് ലൈംഗികമായി ആകർഷിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനും സഹായകരമായ ഘടകളാണ്. ശരീരത്തിന്റെ ഗന്ധം, മുഖഭാവങ്ങൾ വിനോദഭാഷണങ്ങൾ, വസ്ത്രധാരണരീതി എല്ലാം രതിലീലകളുടെ മുന്നോടിയാണ്. താൽപര്യമുള്ള ഫോർപ്ലേ രീതികളെക്കുറിച്ചു ദമ്പതികൾ പരസ്പരം സംസാരിച്ചു ചർച്ച ചെയ്ത് അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചു കാര‍്യങ്ങൾ നടക്കട്ടെ എന്നതാണ് അടിസ്ഥാന ആശയം.
∙ഓറൽ സെക്സ് തെറ്റാണോ? ലൈംഗിക ആസ്വാദനത്തിൽ ഇതിനു പ്രസക്തിയുണ്ടോ?
ഓറൽ സെക്സ് അഥവാ വായും നാക്കും ഉപയോഗിച്ചുള്ള രതിലീലകളുടെ കാര്യത്തിൽ തെറ്റും ശരീയും എന്നു ശാസ്ത്രീയമായ ഒരു വേർതിരിവില്ല. ലൈംഗിക കാര്യത്തിൽ ദമ്പതികൾക്ക് താൽപര്യമുള്ള ഏതുതരം ലൈംഗിക ലീലകളിലും ഏർപ്പെടാം പക്ഷേ, വൃത്തിയും വെടിപ്പും ഉണ്ടായിരിക്കണം. യോനീഭാഗങ്ങളും പൂരുഷലിംഗവും വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകി വൃത്തിയാക്കിയശേഷം ഒാറൽ സെക്സിൽ ഏർപ്പെടുന്നതിൽ ഒരു അപാകതയും ഇല്ല. ഇഷ്ടമല്ലാത്ത രതിരീതികൾ ഇണയെ അടിച്ചേൽപ്പിക്കുന്നതുപോലെയാകുമ്പോൾ ചിലർക്കു ലൈംഗികതയോടു തന്നെ അറപ്പും വെറുപ്പും തോന്നാനുള്ള സാധ്യതകൾ വളരെ ഏറെയാണ്.
∙സെക്സ് വേദനാജനകമാണോ? ഇതു മറികടക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
സ്ത്രീകളിലാണ് സെക്സ് വേദനാജനകമാണെന്ന ചിന്ത പലപ്പോഴും കാണുക. ഈ ചിന്ത തെറ്റാണ്. പക്ഷേ, സ്വന്തം അനുഭവത്തിലോ, മനസ്സിലാക്കിയ കാര്യങ്ങളിൽ നിന്നോ ചിലസ്ത്രീകൾ ലൈംഗികബന്ധം വേദനാജനകമാണ് എന്നു ധരിച്ചിട്ടുണ്ടാകാം. ശരിയായ ലൈംഗിക അഭിനിവേശവും ഉത്തേജനവും ഉണ്ടാകാത്ത അവസ്ഥയിൽ സ്ത്രീയുടെ യോനിയിൽ, യോനീസ്രവങ്ങൾ കുറവായിരിക്കും വരണ്ടിരിക്കുന്ന യോനിയിലേക്ക് പുരുഷലിംഗം കടത്താൻ ശ്രമിച്ചാൽ വേദനയുണ്ടാകും. ഉത്തേജനം ഉണ്ടായാലേ സ്ത്രീയുടെ യോനിയിൽ സ്രവങ്ങൾ ഉണ്ടാവുകയുള്ളൂ. നിർവചനങ്ങൾക്ക് എതിരായുള്ള ഘടകങ്ങളാണു സ്‍ത്രീക്ക് ശാരീരിക വേദനകൾ ഉണ്ടാക്കുന്നത്.