അരളിയുടെ വിഷം സയനൈഡിന്റെ മൂന്നിലൊന്ന് വേഗത്തിൽ പ്രവർത്തിക്കും; ഇലയും പൂവും വേരുമടക്കം വിഷമയം
Mail This Article
24 വയസ്സുള്ള സൂര്യ സുരേന്ദ്രൻ എന്ന പെൺകുട്ടി വിമാനത്താവളത്തിൽ കുഴഞ്ഞു വീണതിനെ തുടർന്നു ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഹൃദ്രോഗബാധ മൂലമാണു സൂര്യയുടെ മരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അരളി ചെടിയുടെ നീര് ഉള്ളിൽ ചെന്നതാവാം കാരണമെന്നും ഡോക്ടർമാർ അറിയിച്ചു.
അരളി ചെടിയുടെ ഇല ചവച്ചത് മരണത്തിലേക്ക് നയിച്ചോ എന്ന് അതിശയത്തോടു കൂടിയാണ് നമ്മൾ കേട്ടത്. എന്നാൽ അരളിയില്‍ വിഷമുണ്ടെന്നത് പുതിയ വിവരമല്ല. കാലാകാലങ്ങളായി ഇലയും പൂവും തണ്ടും വേരുമടക്കം സമൂലം വിഷമയമാണ് അരളി. കാണാൻ ഭംഗി ഉള്ളതിനാൽ പല വീട്ടുമുറ്റത്തും ഈ ചെടിയെ കാണാം. പണ്ട് വീടുകളുടെ വേലിയിൽ ഈ ചെടി വച്ചുപിടിപ്പിക്കുമായിരുന്നു. എന്നാൽ അന്നത്തെ ആളുകൾക്ക് അരളി എത്രത്തോളം അപകടകാരിയാണെന്ന് അറിയാമായിരുന്നു. തെളിവെന്നോണം പലപ്പോഴും അബദ്ധവശാൽ ഇത് അകത്താക്കുന്ന ആടും പശുവുമെല്ലാം ചത്തൊടുങ്ങാറാണ് പതിവ്. എന്നാൽ ഇക്കാലത്ത് അരളി വിഷാംശം ഉള്ള ചെടിയാണെന്ന് പലർക്കും അറിയില്ല
അരളിയിലെ വിഷം ഹൃദായാഘാതം ഉണ്ടാക്കും. ആദ്യം ഹൃദയത്തിന്റെ പ്രവർത്തനത്തെ പതിയെയാക്കുകയും തടയുകയും ചെയ്ത ശേഷം മരണത്തിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഈ ചെടിയിലെ വിഷം കരൾ, ശ്വാസകോശം, ഹൃദയം എന്നിവയെ നേരിട്ടു ബാധിക്കും. രക്തം കട്ടപിടിക്കുന്ന സംവിധാനം തകരാറിലാക്കും. കരളിൽ രക്തസ്രാവം, ശ്വാസതടസ്സം, ശ്വാസകോശത്തിൽ രക്തസ്രാവം, ഹൃദയസ്പന്ദനത്തിൽ വ്യതിയാനം, ഹൃദയസ്തംഭനം എന്നിവയ്ക്കു കാരണമാകാം. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറയുകയും ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടാകുകയും ചെയ്യും. പലപ്പോഴും മരണത്തിലേക്ക് തന്നെയാണ് ചെന്നെത്താറുള്ളതും.
സയനൈഡിന്റെ മൂന്നിലൊന്ന് സ്പീഡിലാണ് ഈ വിഷം ശരീരത്തിൽ പ്രവർത്തിക്കുന്നത്. ഇതിന്റെ ഒരു ഗ്രാം അകത്തെത്തിയാൽ തന്നെ വലിയ ആപത്താണ്. അരളിയുടെ ഇല ചവച്ചരച്ചതോടെ വിഷാംശമുള്ള നീര് പെട്ടെന്ന് ശരീരത്തിൽ എത്തുകയും പ്രവർത്തനം വേഗത്തിലാവുകയും ചെയ്യുകയായിരുന്നു. വിഷാംശം ശരീരത്തിലെത്തിയാൽ ഛർദ്ദി, തലകറക്കം തുടങ്ങിയവ ഉണ്ടാകാം. മോര്, ചെറുനാരങ്ങ വെള്ളം എന്നിവ രോഗിക്ക് കൊടുക്കുന്നത് പ്രഥമ ശുശ്രൂഷ എന്നോണം ചെയ്യാവുന്നത്
അരളി മാത്രമല്ല,വിഷമുള്ളവ വേറെയുമുണ്ട്
അരളി ചെടി ആകെമൊത്തം വിഷമയമാണെങ്കിൽ കാഞ്ഞിരത്തിനും ഏകദേശം അങ്ങനെ തന്നെ. കാഞ്ഞിരത്തിന്റെ കായയിലാണ് ഏറ്റവും കൂടുതൽ വിഷമുണ്ടാവുകയെന്ന് പറയാറുണ്ടെങ്കിലും വേരിലും തടിയിലും വിഷാംശങ്ങൾ ഉണ്ട്. പൂജയ്ക്കുപയോഗിക്കുന്ന എരുക്കും വിഷാംശം ഉള്ളതാണ്, എന്നാൽ മറ്റുള്ളവയെക്കാൾ വിഷാംശം കുറവുമാണ്.
ഭക്ഷണത്തില്‍ വിഷാംശം ഇല്ലാതാക്കാൻ ഇവ ചെയ്യാം
∙അതത് സമയത്തേക്കുള്ള ഭക്ഷണം ആ സമയത്ത് ഉണ്ടാക്കുന്നതാണ് നല്ലത്.
∙ഭക്ഷണം ഫ്രിജിൽ നിന്ന് പുറത്തെടുത്ത് റൂം ടെംപറേച്ചറിൽ എത്തിയാൽ മാത്രമേ ചൂടാക്കി ഉപയോഗിക്കാൻ പാടുള്ളു
∙പച്ചക്കറിയിലും പഴങ്ങളിൽ കറയുണ്ടാകാം. ആ കറ കഴുകി വൃത്തിയാക്കിയതിനു ശേഷം വേണം ഉപയോഗിക്കാൻ
∙മഞ്ഞളും ഉപ്പും ചേർത്ത വെള്ളത്തിൽ പഴങ്ങളും പച്ചക്കറിയും കഴുകുന്നത് നല്ലതാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ.വിനോദ് കൃഷ്ണൻ (അമിയ ആയുർവേദ ആശുപത്രി,പട്ടാമ്പി)
നെഞ്ചുവേദന അനുഭവപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത്: വിഡിയോ