ഇതുപോലെ ഒരു വീട് ആയുസ്സിൽ ഒരിക്കൽ മാത്രം!
Mail This Article
ഇലഞ്ഞിക്കൽ തറവാടിന്റെ പ്രതാപം അങ്ങ് വാനോളമുണ്ട്. പ്രകൃതിരമണീയമായ രണ്ട് ഏക്കർ സ്ഥലത്ത് 14400 സ്ക്വയർഫീറ്റിൽ പടർന്നു പന്തലിച്ചു നിൽക്കുകയാണ് വീട്. എറണാകുളം ജില്ലയിലെ കോതമംഗലത്ത് കുര്യൻ ജോസിന്റെ ഉടമസ്ഥതയിലുള്ള ഇൗ വീട് രൂപകൽപനയിലെ മികവുകൊണ്ടാണ് ശ്രദ്ധേയമാകുന്നത്.
ലാളിത്യത്തോടെ...
ആധുനിക ശൈലിയിലൊരുക്കിയ വീടിന് മിനിമൽ ഇന്റീരിയറാണ് നൽകിയത്. ലാളിത്യവും സൗകുമാര്യവുമുള്ള വീടിന്റെ മുഖപ്പ് നീളൻ വരകൾ കൊണ്ട് സമൃദ്ധമാണ്. വെള്ള നിറത്തിന് പ്രാധാന്യമുള്ള എലവേഷൻ വീടിന് സിംപിൾ ലുക്ക് നൽകുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. തേക്ക് കൊണ്ട് വാതിലിനും ജനാകൾക്കും നൽകിയ നീളൻ രേഖകളാണ് വീടിന്റെ ഹൈലൈറ്റ് ചെയ്യുന്ന പ്രധാന ഘടകം. ജനാലകൾക്ക് നൽകിയ വലിയ ഗ്ലാസുകളിലൂടെ അകത്തളങ്ങളിൽ ധാരാളം വെളിച്ചം നിറയുന്നു. പ്ലോട്ടിന്റെ കിടപ്പനുസരിച്ച് ഒരു ബേസ്മെന്റ് ഫ്ളോർ കൂടി ഉൾപ്പെടുത്തി. കാർ പാർക്ക് ചെയ്യുവാനുള്ള ഇടവും യൂട്ടിലിറ്റി സ്പേയ്സും ബേസ്മെന്റ് ഫ്ളോറിൽ ഒരുക്കിയിട്ടുണ്ട്.
പടിഞ്ഞാറ് അഭിമുഖമായി നിൽക്കുന്ന വീടിന് മുന്നിൽ വലിയ വരാന്തയോട് കൂടിയ സിറ്റൗട്ടുണ്ട്. പടിഞ്ഞാറു നിന്ന് ശക്തിയായി അടിക്കുന്ന വെയിൽ കുറയ്ക്കുവാൻ ഇത് സഹായിക്കുന്നു. വിശാലമായ ഒാരോ ഇടങ്ങളുടേയും മനോഹരമായ ക്രമീകരണമാണ് ഇവിടുത്തെ അകത്തളം. ഫോയർ, ഗസ്റ്റ് ലിവിങ്, സ്റ്റെയർ ഏരിയ, ഡൈനിങ്, ഫാമിലി ലിവിങ്, ബാർ സ്പേയ്സ്, റിക്രീയേഷൻ റൂം, അഞ്ച് ബെഡ്റൂമുകൾ എന്നിവയാണ് അകത്തള സൗകര്യങ്ങൾ.
ചുറ്റും ധാരാളം ബാൽക്കണി നൽകിയാണ് ഉൾവശങ്ങളെ പ്രകൃതിയുമായി ബന്ധിപ്പിക്കുവാൻ സാഹചര്യം സൃഷ്ടിക്കുന്നത്. ജനാലകളോട് സാമ്യമുള്ള നീളത്തിലുള്ള വാതിലുകളാണ് ഇത്തരം ബാൽക്കണികൾക്ക് നൽകിയത്. സ്വാഭാവികമായ കാറ്റും വെളിച്ചവും ഉള്ളിൽ എത്തുന്നത് ഇത് വഴിയാണ്. ഉൾവശങ്ങൾ സദാ പ്രകാശപൂർണ്ണമാക്കുവാൻ ഇത് മൂലം സാധിക്കുന്നു.
ഫോക്കൽ പോയിന്റായി സ്റ്റെയർ..
ലളിതമായ ശൈലി പിൻതുടരുന്ന അകത്തളങ്ങളിൽ ന്യൂട്രൽ നിറങ്ങളും മെറ്റീരിയലുകളുമാണ് ഉപയോഗിച്ചത്. മിനിമൽ ശൈലിയിലുള്ള വാൾ ഡെക്കോറാണ് ലിവിങ് റൂമിനെ അലങ്കരിക്കുന്നത്. ഡൈനിങ് റൂം, സ്റ്റെയർ ഏരിയ, ഫാമിലി ലിവിങ് എന്നിവ ഒരൊറ്റ വരിയിൽ കോർത്തെടുത്ത പോലെ ക്രമീകരിച്ചിട്ടുണ്ട്. ഇതിന് രണ്ട് വശത്തായും വലിയ ബാൽക്കണി നൽകി ക്രോസ് വെന്റിലേഷൻ ഉറപ്പാക്കി. സ്റ്റെയർ ഏരിയയിലും വലിയ ഒാപ്പണിങ് നൽകി വെളിച്ചത്തെ അകത്തെത്തിക്കുന്നുണ്ട്. ഇതാണ് വീടിന്റെ ഹൃദയഭാഗം.
തേക്ക് കൊണ്ടൊരുക്കിയ സ്റ്റെയർകേസും ചുറ്റുള്ളവയും വീടിന്റെ ഫോക്കസ് ഏരിയയാണ്. അൽപം ഉയർന്ന തടി കൊണ്ടുള്ള പ്ലാറ്റ്ഫോമാണ് ഇവിടെയുള്ളത്. മറ്റിടങ്ങളിൽ നിന്ന് വേർതിരിക്കാൻ ഇൗ പ്ലാറ്റ്ഫോമിനാകുന്നു. ചെയറുകളും കോഫീ ടേബിളുമാണ് ഇവിടം മനോഹരമാക്കുന്നത്. വുഡൻ പ്ലാറ്റ്ഫോമിൽ സ്ഥാപിച്ച ചെടിയാണ് വീടിന് ജീവൻ നൽകുന്നതിൽ പ്രധാനി. ഡൈനിങ്ങിനും സ്റ്റെയറിനും ഇടയ്ക്കുള്ള സെമി പാർട്ടീഷനും ചെടികൾ കൊണ്ട് സമൃദ്ധമാണ്. ഇന്റീരിയറിലെ നിറങ്ങളോട് ചേരുംവിധം ആന്റിക് ഫിനിഷിലുള്ള ഹാങ്ങിങ് ലൈറ്റുകൾ ഗ്രീൻ, കോപ്പർ, ബ്ലൂ എന്നീ നിറങ്ങളിൽ ഒരുക്കി.
ഡൈനിങ്ങിൽ നിന്ന് ഫാമിലി ലിവിങ്ങിലേക്ക് പോകുന്നിടത്തുള്ള ചുമർ ചാരനിറത്തിലാക്കി ഇന്റിരിയറിനോട് ചേരുംവിധമാക്കി. ഡൈനിങ്ങിന് അടുത്ത് തന്നെ വലിയ അടുക്കളയും വർക്ക് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ നിന്ന് സ്റ്റെയർകേസ് വഴി ബേസ്മെന്റ് ഫ്ളോറിൽ എത്താം. ഗ്രേ, ബ്ലൂ നിറങ്ങളാണ് കിച്ചൻ അലങ്കരിക്കുന്നത്.
കിടപ്പുമുറികൾ...
വിശാലമായ കിടപ്പുമുറികളിൽ വലിയ ഡ്രെസ് ഏരിയയും ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്. 'ലെസ് ഇൗസ് മോർ' എന്ന കൺസെപ്റ്റാണ് കിടപ്പുമുറികൾ പിൻതുടരുന്നത്. ഡെക്കോറുകൾക്കും ക്യൂരിയോസുകൾക്കും പകരം വുഡൻ ഫിനിഷിലുള്ള ടൈലുകളും വുഡൻ ഹെഡ് ബോർഡുമാണ് കിടപ്പുമുറികൾ അലങ്കരിക്കുന്നത്. അലങ്കാരവസ്തുക്കളുടെ മേമ്പോടികൾ ഒന്നും ചേർക്കാതെ തന്നെ സ്വച്ഛത പകരാൻ ഇടങ്ങൾക്ക് സാധിക്കുന്നു. വലിയ ജനാലകൾക്കുള്ളിൽ കൂടി വരുന്ന പ്രകാശം അകത്തളങ്ങളിൽ നിഴലുകൾ കൊണ്ട് ചിത്രം വരയ്ക്കുന്നു.
മാസ്റ്റർ ബെഡ്റൂമാണ് ഏറ്റവും സ്പേഷ്യസായി ഒരുക്കിയത്. ബാത്റൂമും, ഡ്രെസിങ്ങ് ഏരിയയും ബാൽക്കണിയും ഉൾക്കൊള്ളിച്ച് വിശാലമാക്കിയിട്ടുണ്ട്. എർത്തി ഫീൽ നൽകുന്ന ചാരനിറത്തിലുള്ള ടൈലുകളാണ് മുഖ്യ കിടപ്പുമുറിയെ വ്യത്യസ്തമാക്കുന്നത്. രണ്ട് ലെവലുകളിലായിട്ടാണ് കട്ടിൽ തയ്യാറാക്കിയത്. താഴത്തെ ലെവലിൽ ഇരിപ്പിട സൗകര്യവും മുകളിൽ കിടക്കയും വിരിച്ചു.
കിടപ്പുമുറി പോലെതന്നെ വിശാലമാണ് ഇവിടുത്തെ ബാത്റൂമും. എർത്തി ഗ്രേ ടൈലുകൾ കൊണ്ട് ക്ലാഡിങ്ങ് ചെയ്യുകയും ചെറിയൊരു കോർട്യാഡും ഒരുക്കിയിട്ടുണ്ട്. വലിയ ജനാലകളാണ് ബാത്റൂമിനുള്ളത്. ലക്ഷ്വറി ഫിറ്റിങ്ങ്സുകൾ നൽകി ഇവയെ മോടി പിടിപ്പിച്ചിട്ടുണ്ട്.
മുകൾനിലയിൽ നൽകിയ റിക്രിയേഷൻ റൂം തുറക്കുന്നത് ഒാപ്പൻ ടെറസിലേക്കാണ്. വുഡ് പാനൽ കൊണ്ട് ക്ലാഡിങ്ങ് ചെയ്ത ചുമരുകളാണ് ബാർ സ്പേയ്സിനെ ആകർഷമാക്കുന്നത്. ഡിസൈനിനനുസരിച്ച് ചെയ്തെടുത്ത ലൈറ്റ് ഫിറ്റിങ്സുകളും സോളിഡ് വുഡ് കൊണ്ടുള്ള പാനലിങ്ങും വീടിന് ആഢ്യത്വം നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
Project Facts
Architects Athira & Subi Surendran Aavishkar Architects, Kadavanthra, Kochi pH:8129043076