ലോകം മുഴുവൻ ചുറ്റിയടിച്ചു സിനിമ കണ്ടുവന്നാലോ!
Mail This Article
സിനിമ ഇഷ്ടമല്ലാത്തവര്‍ ആരാണ്? ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും സിനിമയെ സ്നേഹിക്കുന്നവരുണ്ട്. അതുകൊണ്ടുതന്നെ സിനിമ തിയറ്ററുകളും സജീവമാണ്. പണ്ടത്തെ ഓലമേഞ്ഞ സിനിമാകൊട്ടകകളില്‍ നിന്നും തിയറ്ററുകള്‍ ഏറെ മാറിപോയി. ഇത് വമ്പൻ മൾട്ടിപ്ലക്സുകളുടെ കാലമാണ്. പാരിസില്‍ നിന്നുള്ള സ്റ്റീഫന്‍ സൊബിറ്റ്സര്‍ എന്ന ഫൊട്ടോഗ്രഫര്‍ സിനിമകളോടും തിയറ്ററുകളോടുമുള്ള ഇഷ്ടം അവതരിപ്പിച്ചത് വളരെ വ്യത്യസ്തമായൊരു രീതിയിലാണ്.
ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള സിനിമാതിയറ്ററുകളുടെ രൂപഭംഗിയാണ് അദ്ദേഹം ചിത്രങ്ങളിലൂടെ വരച്ചുകാട്ടുന്നത്. ഏകദേശം പതിനാറുവര്‍ഷങ്ങളാണ് ഇതിനായി അദ്ദേഹം നീക്കിവെച്ചത്. ലോസാഞ്ചലല്‍സ് മുതല്‍ ഈജിപ്റ്റ് വരെ നീണ്ടയൊരു യാത്രയായിരുന്നു അത്.
മുംബൈയിലെ സാധാരണക്കാരുടെ കേന്ദ്രമായ നിഷാന്ത് സിനിമാസ്, സൗത്ത് ലണ്ടനിലെ 1,711 സീറ്റുകളുള്ള ആഡംബര തിയറ്റര്‍, അലക്സാണ്ട്രിയയിലെ റിയോ പിക്ചര്‍ ഹൗസ്, ടുണീഷ്യയിലെ ഏറെ പഴക്കം ചെന്ന മജിസ്റ്റിക്ക്, മൊറോക്കോയിലെ ലിനക്സ്, നാടകശാലയെ അനുസ്മരിപ്പിക്കുന്ന കയ്‌റോയിലെ എല്‍ ഷാര്‍ക്ക് സിനിമാസ്, ലെബനിലെ തകര്‍ന്നടിഞ്ഞ സിനിമാകൊട്ടക, കലിഫോര്‍ണിയയിലെ ഓപ്പണ്‍ തിയറ്റര്‍, പ്രേഗിലെ ആഡംബര തിയറ്റര്‍, ഡല്‍ഹിയിലെ സംഘം തിയറ്റര്‍ എന്നിവയെല്ലാം സ്റ്റീഫന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ലോസാഞ്ചലസിലെ മില്യന്‍ ഡോളര്‍ തിയറ്റര്‍ ആണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. ലോസാഞ്ചലസിന്റെ സിനിമാ വളര്‍ച്ചയുടെ ഓരോ 'പടവും' 1918ൽ നിർമിതമായ ഈ തിയറ്റര്‍ കണ്ടിരിക്കുന്നു. കയ്‌റോയിലെ മെട്രോ സിനിമാശാലയെ കുറിച്ചും ഇദ്ദേഹം എടുത്തുപറയുന്നുണ്ട്. പഴയ കാലത്തേക്കൊരു തിരിച്ചു പോക്ക് പോലെയാണ് ഇവിടം കാണുമ്പോള്‍ തോന്നുകയെന്നും സ്റ്റീഫൻ പറയുന്നു. താൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായി തോന്നിയത് ജയ്പുരിലെ രാജ് മന്ദിര്‍ സിനിമാസ് ആണെന്ന് സ്റ്റീഫൻ സാക്ഷിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച തിയറ്ററുകളില്‍ ഒന്നാണിതെന്നും അദ്ദേഹം കുറിക്കുന്നു.
തിയറ്ററുകള്‍ ഒരു നാടിന്റെ തന്റെ സ്പന്ദനമാണ്. ഒരു തിയറ്റര്‍ പൂട്ടുമ്പോള്‍ അതിനു ചുറ്റുമുള്ള അനേകം പേരുടെ ജീവിതം കൂടിയാണ് മാറുന്നത്. വിവിധ രാജ്യങ്ങളിലെ സിനിമാസംസ്കാരവും തിയറ്ററുകളുടെ വ്യത്യാസവും നിർമാണ ഘടനയുമെല്ലാം സ്റ്റീഫന്‍ തന്റെ ചിത്രങ്ങളിലൂടെ വരച്ചു കാണിക്കുന്നുണ്ട്.