ആരാണ് ഇത്തരമൊരു വീട്ടിൽ കഴിയാൻ ആഗ്രഹിക്കാത്തത്?
Mail This Article
നമ്മൾ മലയാളികളെ പോലെ രണ്ടു തലമുറയ്ക്കുവേണ്ടി വീടു പണിതിടുന്ന പരിപാടിയൊന്നും അങ്ങ് നോർവേയിൽ ഇല്ല. അതുകൊണ്ടുതന്നെ അടച്ചു തീർക്കാനുള്ള ബാങ്ക് ലോണിനെക്കുറിച്ച് ഓർത്ത് വീടിനുള്ളിൽ നീറിക്കഴിയേണ്ടിയും വരുന്നില്ല. ഇത്തരം സമീപനങ്ങൾ കൊണ്ടായിരിക്കാം ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഒന്നായി നോർവേ മാറിയത്.
നോര്‍വെയുടെ പ്രകൃതിസൗന്ദര്യം അതിന്റെ എല്ലാ ഭാവങ്ങളോടെയും ആസ്വദിച്ചുകൊണ്ട് ഒരു താമസത്തെ കുറിച്ചു ആലോചിച്ചു നോക്കൂ. നോര്‍വെയിലെ സ്റ്റൊക്കോയോ ദ്വീപിലാണ് ഈ വുഡന്‍ ഹില്‍സൈഡ് ക്യാബിന്‍ സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് കടലും കിഴക്ക് പ്രകൃതിരമണീയതയും ആവോളം നുകരാന്‍ തക്കവണ്ണമാണ് ഈ ക്യാബിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഫൈബർ സിമന്റ് ബോർഡുകൾ, ഭാരം കുറഞ്ഞ തടി എന്നിവയൊക്കെയാണ് ഇതിന്റെ നിർമാണത്തിന് ഉപയോഗിക്കുന്നത്. അതിനാൽ എത്ര വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശത്തും വളരെ വേഗത്തിൽ നിർമിച്ചെടുക്കാനാകും. ലിവിങ് ഏരിയ, ഡൈനിങ് , അടുക്കള, രണ്ടു കിടപ്പറകള്‍ എന്നിവ അടങ്ങിയതാണ് ഇത്. പുറംകാഴ്ചകളിലേക്ക് തുറക്കുന്ന വലിയ ഗ്ലാസ് ജനലുകള്‍ ഈ ക്യാബിന്റെ പ്രത്യേകതയാണ്.
അഞ്ചു പേരടങ്ങിയ കുടുംബത്തിനു കഴിയാന്‍ വിധ സൗകര്യങ്ങള്‍ ഇവിടുണ്ട്. സൂര്യാസ്തമയവും ഉദയവും ഈ ക്യാബിനില്‍ ഇരുന്നാല്‍ കാണാം. പ്രകൃതിസൗന്ദര്യം വേണ്ടുവോളമുള്ള നോര്‍വെയില്‍ ഇത്തരം ക്യാബിന്‍ വീടുകള്‍ ഏറെ പ്രസിദ്ധമാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നോര്‍വെയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ധാരാളം സഞ്ചാരികളാണ് വർഷംതോറും എത്തുന്നത്.