ബൾബ് മാറാൻ വന്നു; ഒടുവിൽ ഇവർ ചെയ്തതിന് ലോകം ഇന്ന് കയ്യടിക്കുന്നു!
Mail This Article
ഗ്ലോറിയ സ്കോട്ട് എന്ന വനിതയെ ഇലക്ട്രീഷനായ ജോണ്‍ കിന്‍ലി ആദ്യം കണ്ടു മുട്ടുന്നത് വീടിന്റെ ഇലക്ട്രിക്കല്‍ പണികളുമായി ബന്ധപെട്ടായിരുന്നു. വീട്ടിലെ കേടായ ബൾബുകൾ ശരിയാക്കാനായിരുന്നു 72 കാരിയായ ഗ്ലോറിയ, ജോണിനെ വിളിച്ചത്. എന്നാല്‍ മസാച്ചുസെറ്റ്സിലെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന ഗ്ലോറിയയെ കണ്ടപ്പോള്‍ ജോണിന് തന്റെ മരിച്ചു പോയ അമ്മൂമ്മയെയാണ് ഓര്‍മ്മ വന്നത്.
വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു ഗ്ലോറിയയുടെ വീട്. പലയിടത്തും വെളിച്ചം ഇല്ല. ഉള്ള ഒരു ബള്‍ബില്‍ നിന്നാണ് ആകെ വെളിച്ചം ലഭിക്കുന്നത്. ആകെ കൂട്ടിനുള്ളത് ഒരു വളർത്തുനായ. വയറിങ് ജോലികള്‍ ഒന്നും ചെയ്യാതെ കിടക്കുന്ന അവസ്ഥയില്‍ ആ വീട്ടില്‍ കഴിഞ്ഞ അവരെ ജോണിന് മറക്കാന്‍ സാധിച്ചില്ല.
അവിടെ നിന്നും തിരികെ വന്ന ജോണ്‍ കൂട്ടുകാരോട് ഗ്ലോറിയയുടെ അവസ്ഥ പറഞ്ഞു. അങ്ങനെ ജോണും കൂട്ടുകാരും ചേര്‍ന്ന് ഒരു തീരുമാനം എടുത്തു. എല്ലാവരും ഒന്നിച്ചു കൂടി ആ വീട് അങ്ങ് റിപ്പയര്‍ ചെയ്യുന്നു എന്ന്. പിന്നെ വൈകിയില്ല. പണി ആരംഭിച്ചു. ഫേസ്ബുക്കില്‍ ഇതെക്കുറിച്ച് ജോണ്‍ ഇട്ട പോസ്റ്റ് വൈറലായി. ഏതാണ്ട് രണ്ടു ഡസന്‍ സാമൂഹികപ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം കൂടി.
1960 ലാണ് ഗ്ലോറിയ മാതാപിതാക്കള്‍ക്കൊപ്പം ഈ വീട്ടിലേക്ക് മാറിയത്. വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം അച്ഛനും അമ്മയ്ക്കും ഒപ്പം കഴിഞ്ഞ ഗ്ലോറിയ അന്ന് ഓഫീസ് അസിസ്റ്റന്റ് ആയും ജോലി ചെയ്തിരുന്നു. മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതോടെ ഇവര്‍ ഒറ്റപെട്ടു. പിന്നീട് സാമ്പത്തികമായും തകര്‍ന്ന ഇവര്‍ ഇവിടെ ഒറ്റപെട്ടു ജീവിക്കുകയായിരുന്നു. ഗ്ലോറിയയുടെ കഥ അറിഞ്ഞ ആളുകള്‍ വലിയൊരു ഫണ്ട് ശേഖരണം വരെ ഇവര്‍ക്കായി നടത്തി. ഇപ്പോള്‍ വൃത്തിയും വെടിപ്പും ഉള്ള പുനരുദ്ധരിച്ച വീട്ടിലാണ് ഗ്ലോറിയ കഴിയുന്നത്.
English Summary- Electrician Repaired House for Old Women