ADVERTISEMENT

വീടിനുള്ളിൽ കൗതുകം കൊണ്ട് അലങ്കാര വസ്തുക്കൾ സൂക്ഷിക്കുമ്പോൾ ഇങ്ങനെയൊരു അപകടം പ്രതീക്ഷിക്കുമോ ആരെങ്കിലും? തീരെ പ്രതീക്ഷിക്കാത്ത വഴിയേ വന്നു കയറിയൊരു തീപിടിത്തം, വീട്ടുടമയ്ക്ക് ഉണ്ടാക്കിയ നഷ്ടം ഏകദേശം രണ്ടു കോടിയോളം രൂപയുടേതാണ്. വേനൽക്കാലമായതോടെ നമ്മുടെ നാട്ടിലും ഇത്തരം അപകടങ്ങൾക്ക് സാധ്യതയുണ്ട്. അപകടത്തിനിരയാക്കിയതാകട്ടെ സ്വീകരണമുറി അലങ്കരിക്കാൻ സൂക്ഷിച്ച ചെറിയൊരു സ്ഫടിക ഗോളവും. 

യുഎസിലെ വിസ്കോൺസിലിലാണ് അലങ്കാര ഗോളം മൂലം ആഡംബര വസതിയിലെ സ്വീകരണമുറിയിൽ തീപിടിത്തമുണ്ടായത്. വലിയ കണ്ണാടി ജാലകത്തിലൂടെ അകത്തേക്കു പ്രതിഫലിച്ച സൂര്യപ്രകാശം സ്ഫടിക ഗോളത്തിലൂടെ കടന്നു പോയപ്പോൾ സമീപത്തുണ്ടായിരുന്ന കിടക്കയ്ക്ക് തീ പിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം മുറിയാകെ തീയാളിപ്പടർന്നു. അഗ്നിരക്ഷാ സേന എത്തുമ്പോഴേക്കും മുറിയിലുണ്ടായിരുന്ന വസ്തുക്കളിൽ നല്ലൊരു ഭാഗവും കത്തിയമർന്നിരുന്നു.

home-fire-interior

മാർച്ച് എട്ടിനായിരുന്നു അപകടം. സൗത്ത് കൗണ്ടിയിലെ ഡെ‍ൽറ്റൺ ഫയർ ഡിപ്പാർട്മെന്റിന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണു സംഭവം പുറംലോകമറിഞ്ഞത്. ഇങ്ങനെയൊരു അപകടസാധ്യത ഒളിഞ്ഞിരിപ്പുണ്ടെന്ന വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ വീട്ടുടമയുടെ അനുമതിയോടെ ഫയർ ഡിപ്പാർട്മെന്റ് സംഭവം പരസ്യപ്പെടുത്തുകയായിരുന്നു. 

വീട്ടുടമ അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാ സേന എത്തുമ്പോൾ മുറി മുഴുവൻ പുക നിറഞ്ഞിരിക്കുകയായിരുന്നു. തീ കെടുത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് തീ പിടിത്തത്തിനു കാരണമെന്തെന്നു തിരിച്ചറിഞ്ഞ രക്ഷാസേനയും വീട്ടുടമയും ഞെട്ടിയത്. 

fire-at-house

‘‘ തീ പടർന്നത് മുറിയിലുണ്ടായിരുന്ന ചെറു കിടക്കയിൽ (കൗച്ച്) നിന്നാണെന്നു കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ അന്വേഷണമാണ് സമീപത്തെ മേശപ്പുറത്തു സൂക്ഷിച്ചിരുന്ന സ്ഫടിക ഗോളത്തിൽ ശ്രദ്ധയെത്തിച്ചത്. മുറിയുടെ വലിയ കണ്ണാടി ജാലകങ്ങളിലൂടെയെത്തിയ സൂര്യപ്രകാശം സ്ഫടിക ഗോളത്തിലൂടെ കടന്നു കിടക്കയ്ക്കു തീപിടിക്കുകയായിരുന്നു. സ്ഫടിക ഗോളം ഇവിടെ ഒരു ലെൻസ് പോലെ സൂര്യപ്രകാശം പ്രതിഫലിപ്പിച്ചതാണ് തീപിടിത്തത്തിനു കാരണമായത്.’’ – ഡെ‍ൽറ്റൺ ഫയർ ഡിപ്പാർട്മെന്റിന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നു. 

ഈയൊരപകടം ഒഴിവാക്കാനുള്ള നിർദേശങ്ങളും ഫയർ ഡിപ്പാർട്മെന്റ് മുന്നോട്ടു വയ്ക്കുന്നു. നേരിട്ടു സൂര്യപ്രകാശമേൽക്കുന്ന സ്ഥലത്ത് ഇത്തരം സ്ഫടിക അലങ്കാരങ്ങളും മറ്റും സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് അവർ നർദേശിക്കുന്നു. വെള്ളം നിറച്ച കുപ്പികൾ പോലും ഇത്തരത്തിൽ തീവ്രമായി സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ചേക്കാമെന്നതിനാൽ എളുപ്പം തീ പിടിക്കുന്ന വസ്തുക്കൾക്കടുത്ത് സൂക്ഷിക്കുന്നത് അപകടകരമാണ്. 

ഏതായാലും വീട്ടിലാർക്കും ജീവഹാനിയൊന്നുമുണ്ടാകാത്തതിൽ ആശ്വാസം പ്രകടിപ്പിക്കുകയാണ് പോസ്റ്റിനു താഴെ കമന്റുമായെത്തുന്നവർ. ഇത്തരമൊരപകട സാധ്യത ചൂണ്ടിക്കാട്ടിയതിന് നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു ചിലർ. 

English Summary- House Fire from Crystal Ball; House Fire Safety Tips Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com