ADVERTISEMENT

ലോകം കണ്ട എക്കാലത്തെയും മികച്ച ബാസ്‌ക്കറ്റ് ബോൾ താരമായാണ് മൈക്കൽ ജോർദൻ അറിയപ്പെടുന്നത്. പിന്നീട് അറിയപ്പെടുന്ന ബിസിനസ് സംരംഭകനായ ജോർദൻ,  ഇന്ന്  ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിലുമുണ്ട്. ജോർഡന്റെ ഇല്ലിനോയിസിലെ വീട് അക്ഷരാർത്ഥത്തിൽ ഒരു കൊട്ടാരം തന്നെയാണ്. എണ്ണിയാലൊടുങ്ങാത്ത ആഡംബര സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ഈ രാജകീയ സൗധം കഴിഞ്ഞ എട്ടു വർഷമായി വില്പനയ്ക്കായി വിപണിയിലുണ്ട്. 2012 ൽ 212 കോടി രൂപ വില നിശ്ചയിച്ച സൗധം വാങ്ങാൻ ആളില്ലാതെ വന്നതോടെ ഇപ്പോൾ വില നേർപകുതിയായി കുറച്ചിരിക്കുകയാണ്.

michael-jordan-home

7 ഏക്കർ സ്ഥലത്താണ് 56000 ചതുരശ്രയടി വിസ്തീർണമുള്ള ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ജോർഡന്റെ കരിയറിനും ഹോബികൾക്കും ചേർന്നുപോകുന്ന വിധത്തിൽ പ്രത്യേകം കസ്റ്റമൈസ് ചെയ്ത ഡിസൈനാണ് ബംഗ്ലാവിന്റേത്. എസ്റ്റേറ്റിന്റെ ഗേറ്റിൽ തന്നെ ജോർഡന്റെ ജേഴ്സി നമ്പറായ 23 ആലേഖനം ചെയ്തിട്ടുണ്ട്. എവർഗ്രീൻ മരങ്ങളും വനത്തിന്റെ പ്രതീതിയും പുൽത്തകിടികളും മീൻ കുളവുമെല്ലാം എസ്റ്റേറ്റിന്റെ പ്രൗഢി വർദ്ധിപ്പിക്കുന്നുണ്ട്.

ബംഗ്ലാവിന് പുറത്തായി വൃത്താകൃതിയിൽ നിർമ്മിച്ച പൂളാണ് മറ്റൊരാകർഷണം. 14 കാറുകൾ പാർക്ക് ചെയ്യാവുന്ന ഗ്യാരേജാണ് ഒരുക്കിയിട്ടുള്ളത്. ബംഗ്ലാവിനുള്ളിലേക്ക് കടക്കുന്നവർക്ക് മറ്റേതോ ലോകത്ത് എത്തിയ പ്രതീതി ഉണ്ടാകുമെന്ന് ഉറപ്പ്. കറുപ്പിനും വെളുപ്പിനും വെങ്കല നിറത്തിനുമാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. 

michael-jordan-house-court

9 കിടപ്പുമുറികളും 15 ബാത്ത്റൂമുകളും 4 ഹാഫ് ബാത്തുകളും ബംഗ്ലാവിനുള്ളിലുണ്ട്. ബാസ്ക്കറ്റ് ബോൾ കോർട്ട്, കാർഡ് റൂം, വിശാലമായ ഹോം തിയേറ്റർ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ജിം എന്നിങ്ങനെ ഒരു ആഡംബര റിസോർട്ടിന് സമാനമായ എല്ലാ സംവിധാനങ്ങളും ബംഗ്ലാവിലുണ്ട്. കായികവിനോദങ്ങൾക്കായി ഒരു സ്പോർട്സ് പവിലിയനും ഒരുക്കിയിരിക്കുന്നു.

michael-jordan-house-inside

 ഇത്രയധികം സൗകര്യങ്ങൾ ഉണ്ടായിട്ടും ബംഗ്ലാവിന്റെ വിൽപ്പന നടക്കാത്തതിന് കാരണങ്ങൾ പലതാണ്. ബംഗ്ലാവിന്റെ കസ്റ്റമൈസേഷനാണ് പ്രധാന തടസ്സം. വലിയ ഒരു കുടുംബത്തിന് താമസിക്കാനാവുന്ന വിധത്തിലാണ് ബംഗ്ലാവ് നിർമ്മിച്ചിരിക്കുന്നത്. ഇതും വിൽപ്പനയ്ക്ക് തടസ്സമാകുന്നുണ്ട്. മിഷിഗൻ ലേക്കിൽ നിന്നും അല്പം അകലെ മാറിയാണ് ബംഗ്ലാവ് എന്നതാണ് മറ്റൊരു കാരണം. ഇത്രയും തുക മുടക്കി ആഡംബര ബംഗ്ലാവ് വാങ്ങാൻ എത്തുന്നവർ തടാകത്തിനോട് ചേർന്ന സ്ഥലങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.

English Summary- Michael Jordan House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com