ഈ റെയിൽവേസ്റ്റേഷനിൽ ടിക്കറ്റ് തരില്ല; വേണമെങ്കിൽ കുടുംബമായി താമസിക്കാം; വിലയോ!...
Mail This Article
അഞ്ചു കോടി രൂപ കയ്യിലുണ്ടെങ്കിൽ നല്ല ഒരു വീട് വാങ്ങാം എന്നതിൽ തർക്കമില്ല. എന്നാൽ ഈ തുകയ്ക്ക് ഒരു റെയിൽവേ സ്റ്റേഷൻ അപ്പാടെ സ്വന്തമാക്കാനായാലോ?. നടക്കുന്ന കാര്യമാണോ എന്ന് ചിന്തിക്കാൻ വരട്ടെ. സംഗതി സത്യമാണ്. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡെവൺ പ്രവിശ്യയിലാണ് പുതിയ ഉടമസ്ഥരെ കാത്തുകിടക്കുന്ന റെയിൽവേ സ്റ്റേഷൻ ഉള്ളത്. പക്ഷേ ട്രെയിൻ പോയിട്ട് ഒരു കാർ പോലും ഇവിടേക്ക് എത്തില്ല എന്ന് മാത്രം. നിലവിൽ മൂന്നു കിടപ്പുമുറികളും അടുക്കളയും ഒക്കെയുള്ള ഉഗ്രൻ വീടാണ് ഇത്.
1883 ൽ റെയിൽവേ ലൈനിന്റെ ഭാഗമായി തുറന്ന ഒരു സ്റ്റേഷനാണ് വീടായി രൂപമാറ്റം വരുത്തിയെടുത്തിരിക്കുന്നത്. എഴു പതിറ്റാണ്ടുകൾ റെയിൽവേ സ്റ്റേഷൻ പ്രവർത്തിച്ചിരുന്നു. റെയിൽ ഗതാഗതത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനായി പുതിയ പാതകൾ തുറക്കുകയും നിലവിലുള്ളവ പുനർനിർണയിക്കുകയും ചെയ്തതോടെ 1963 ൽ സ്റ്റേഷൻ അടച്ചുപൂട്ടി. അധികം വൈകാതെ ഇതൊരു വീടാക്കി മാറ്റുകയും ചെയ്തു. പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുന്ന തരത്തിൽ നിർമ്മിച്ച പഴയ കാത്തിരിപ്പ് കേന്ദ്രം ഇപ്പോൾ ഇവിടുത്തെ ലിവിങ് റൂം ആണ്. ടിക്കറ്റ് ഓഫീസ് കിടപ്പുമുറിയായി മാറ്റിയെടുത്തിരിക്കുന്നു.
കാര്യം റെയിൽവേ സ്റ്റേഷൻ ഒക്കെ ആണെങ്കിലും വാഹനം എത്താത്ത സ്ഥലമാണ് ഇത്. തടിയിൽ നിർമ്മിച്ച പാലം കടന്ന് കാൽ കിലോമീറ്ററോളം നടന്നാൽ മാത്രമേ ഇവിടെ എത്താനാവു. സമീപത്തുള്ള നദി വേനൽക്കാലത്ത് വരണ്ടു കിടക്കുന്ന സമയത്ത് മാത്രം അതിലൂടെ കാറുകൾ ഓടിച്ച് വീട്ടിലേക്ക് എത്താൻ സാധിക്കും.
മനോഹരമായ പുൽത്തകിടിക്ക് നടുവിലാണ് വ്യത്യസ്തമായ ഈ വീട് സ്ഥിതി ചെയ്യുന്നത്. പുറംകാഴ്ചയിൽ പഴയ കെട്ടിടത്തിന്റെ പ്രതീതി തന്നെയാണെങ്കിലും എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടുംകൂടിയാണ് വീട് ഒരുക്കിയിരിക്കുന്നത്. പ്രകൃതിഭംഗി ആവോളം ആസ്വദിക്കാൻ ആവുമെന്ന നേട്ടവും ഉണ്ട്. പഴയ സ്റ്റേഷൻ പ്ലാറ്റ്ഫോം ഇരിപ്പിടങ്ങൾ ഒരുക്കി ഔട്ട്ഡോർ ലിവിങ്ങിനുള്ള സൗകര്യമായി ഉപയോഗിക്കുന്നു. വീടിന് പിൻഭാഗത്തായി ഉണ്ടായിരുന്ന റെയിൽവേ ലൈനുകൾ നീക്കം ചെയ്തിട്ടുണ്ട്. വീട്ടുമുറ്റത്ത് ഒരു പഴയ റെയിൽവേ ക്യാരിയേജും കുളവും തടിയിൽ നിർമ്മിച്ച ചെറിയ ക്യാബിനുമുണ്ട്. 55000 പൗണ്ടാണ് (അഞ്ചു കോടി 67 ലക്ഷം രൂപ ) വ്യത്യസ്തമായ ഈ വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്..
വിവരങ്ങൾക്ക് കടപ്പാട്- എൻവൈ പോസ്റ്റ്
English Summary- Old Railway Station Converted to Homestay