ADVERTISEMENT

നൂറ്റാണ്ടുകളായി മനുഷ്യൻ ശാന്തമായി ധ്യാനിക്കാനും പ്രാർത്ഥിക്കാനും ഉപയോഗിക്കുന്ന ഒരിടം. ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് കേൾക്കുമ്പോൾ ഏറെ മനോഹരമായ ഒരു ഭൂപ്രദേശമാവും മനസ്സിൽ നിറയുന്നത്. എന്നാൽ ഇറ്റലിയിലെ സാങ്ച്വറി ഓഫ് ദ ലേഡി ഓഫ് ദ ക്രൗൺ എന്ന ദേവാലയം ഈ ചിത്രത്തെയാകെ മാറ്റി എഴുതുന്ന ഒന്നാണ്. കണ്ണെത്താദൂരത്തോളം താഴ്ചയുള്ള ചെങ്കുത്തായ മലയുടെ ഒരുവശത്തായാണ് ഈ ദേവാലയം നിർമ്മിച്ചിരിക്കുന്നത്. 

cliff-church-inside

അഡിജെ നദിയോരത്തിനു നേരെ മുകളിലായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ദേവാലയം ഒറ്റനോട്ടത്തിൽ വായുവിൽ തനിയെ നിൽക്കുകയാണെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്. യഥാർത്ഥത്തിൽ  ബാൽഡോ മലയുടെ വശത്തെ  പാറ ഇടുക്കിലാണ് പള്ളി നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ആയിരം വർഷങ്ങൾക്ക് മുൻപു തന്നെ ആളുകൾ പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി ഈ സ്ഥലം ഉപയോഗിച്ചിരുന്നു എന്നാണ് വിശ്വാസം. 

cliff-church-aerial

1500 കളിലാണ് ദേവാലയവുമായി ബന്ധപ്പെട്ട ആദ്യത്തെ കെട്ടിടം നിർമ്മിക്കപ്പെട്ടത്. എങ്കിലും അക്കാലത്തും കീഴ്ക്കാംതൂക്കായ മലഞ്ചെരുവിലൂടെ ഏറെ  പ്രയാസപ്പെട്ട് സഞ്ചരിച്ചാണ് ആളുകൾ ഇവിടെ എത്തിയിരുന്നത്. പിന്നീട് നദി കടക്കുന്നതിനായി ഒരു പാലവും പള്ളിയിരിക്കുന്ന പ്രദേശത്തേക്ക് എത്തുന്നതിനായി പടവുകളും നിർമ്മിച്ചു. അതിനു ശേഷം പല നൂറ്റാണ്ടുകളിലായി ഓരോ ഭാഗമായി നിർമ്മിക്കപ്പെടുകയായിരുന്നു. ഗോഥിക് ആകൃതിയിലുള്ള കവാടം 1800 കളിലാണ് നിർമ്മിക്കപ്പെട്ടത്. 1982ൽ മൈനർ ബസിലിക്ക എന്ന പദവി പള്ളിക്ക് ലഭിച്ചു. 1988 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ സന്ദർശനം നടത്തിയതോടെ ഏറെ വ്യത്യസ്തമായ ഈ ദേവാലയത്തിന്റെ കീർത്തി വർദ്ധിക്കുകയും ചെയ്തു. 

cliff-church

സമുദ്രനിരപ്പിൽ നിന്നും 774 മീറ്റർ ഉയരത്തിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. കുരിശുമരണത്തിനു മുൻപായി യേശുക്രിസ്തു കയറിയത് എന്ന് വിശ്വസിക്കപ്പെടുന്ന സ്കാല സാന്ത പടവുകൾ ഇവിടെ പുനർ നിർമ്മിച്ചിട്ടുണ്ട്. വിശ്വാസികളും സഞ്ചാരികളുമടക്കം ആയിരക്കണക്കിനാളുകൾ ഇവിടെ സന്ദർശനം നടത്താറുണ്ട്. രണ്ടു മണിക്കൂർ ഹൈക്കിങ് നടത്തിയും റോഡ് മാർഗ്ഗം അടുത്തുള്ള നഗരത്തിൽ എത്തിയ ശേഷം ഒരു കിലോമീറ്റർ നടന്നും പള്ളിയിൽ എത്താം. കുരിശിന്റെ വഴിയെ സൂചിപ്പിക്കുന്ന 14 വെങ്കലപ്രതിമകളും വഴിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ  ദേവാലയം സ്ഥിതി ചെയ്യുന്ന ഇടംകണ്ട് നെഞ്ചിടിപ്പ് കൂടുമെങ്കിലും ഇവിടെ എത്തുന്നവർക്ക് ദൈവികമായ അനുഭവവും മനഃശാന്തിയും ഉണ്ടാകുമെന്നാണ് വിശ്വാസം.

English Summary- Cliff Church Architecture Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com