ലോകത്തെ രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടം; ആകാശംതൊട്ട് റെക്കോർഡിട്ട് മലേഷ്യ
Mail This Article
ഉയരത്തിന്റെ കാര്യത്തിൽ ലോകത്തിലെ വമ്പന്മാരുടെ പട്ടികയിൽ മുൻനിരയിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് മലേഷ്യ. ചൈനയുടെ ഷാങ്ഹായ് ടവറിനെ പിന്തള്ളിക്കൊണ്ട് ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടമാണ് മലേഷ്യയിൽ ഒരുങ്ങിയിരിക്കുന്നത്. ക്വാലാലമ്പൂരിൽ പണി പൂർത്തിയായിരിക്കുന്ന കെട്ടിടത്തിന് 'മെർടെക്ക 118' എന്നാണ് പേര് നൽകിയിരിക്കുന്നത്.
118 നിലകളിലായി നിർമ്മിക്കപ്പെട്ടിരിക്കുന്ന കെട്ടിടത്തിന്റെ ഉയരം 2227 അടിയാണ്. ഷാങ്ഹായ് ടവറിന്റെ ഉയരമാകട്ടെ 2073 അടിയും. നിലവിൽ ബുർജ് ഖലീഫ മാത്രമാണ് മെർടെക്കയെക്കാൾ ഉയരമുള്ള കെട്ടിടം. എൻജിനീയറിങ് മേഖലയിൽ രാജ്യം കൈവരിച്ച ഏറ്റവും വലിയ നേട്ടമാണ് ടവർ എന്ന് മലേഷ്യയുടെ പ്രധാനമന്ത്രിയായ ഇസ്മയിൽ സബ്രി യാക്കൂബ് പറയുന്നു. വികസിത രാജ്യം എന്ന നിലയിൽ ലോകഭൂപടത്തിൽ മലേഷ്യയുടെ സ്ഥാനം ഉറപ്പിക്കുന്ന ഒന്നുകൂടിയാണ് ടവർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
3.1 ദശലക്ഷം ചതുരശ്ര അടിയാണ് മെർടെക്കയുടെ ആകെ വിസ്തീർണ്ണം. പകുതിയിലേറെ ഭാഗവും ഓഫിസുകൾക്കായാണ് നീക്കിവച്ചിരിക്കുന്നത്. ഇതിനുപുറമേ ഷോപ്പിങ് മാൾ, ആരാധനാലയം, ഹോട്ടൽ, വടക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക് എന്നിവയും ടവറിൽ ഉണ്ട്. നാലേക്കർ വിസ്തൃതമായ പ്രദേശത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ടവറിന് ചുറ്റുമായി പൊതു ഇടങ്ങളും പാർക്കും ക്രമീകരിച്ചിട്ടുണ്ട്. ത്രികോണാകൃതിയിലുള്ള ഗ്ലാസ്സുകൾ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ 'ഫസാഡ്' (മുഖപ്പ്)ഒരുക്കിയിരിക്കുന്നത്. മലേഷ്യയുടെ തനത് കലകളിൽ കണ്ടുവരുന്ന പാറ്റേണുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഫസാഡ് രൂപകൽപന ചെയ്തിരിക്കുന്നത് എന്ന് ഓസ്ട്രേലിയൻ ആർക്കിടെക്റ്റായ ഫെൻഡർ കറ്റ്സാലിദിസ് പറയുന്നു.
ടവറിന്റെ നിർമാണം സംബന്ധിച്ച തീരുമാനമെടുത്തത് 2010 ൽ ആണെങ്കിലും അഞ്ചു വർഷം മുൻപാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2020 മാർച്ച് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനായിരുന്നു പദ്ധതി. എന്നാൽ കോവിഡ് മൂലം നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയായിരുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അംബരചുംബികളായ കെട്ടിടങ്ങൾ നിർമിക്കുന്നതിൽ പ്രത്യേക ശ്രദ്ധയാണ് മലേഷ്യൻ ഭരണകൂടം ചെലുത്തുന്നത്. നിലവിൽ ഉയരമുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ ലോകത്തിൽ പതിമൂന്നാം സ്ഥാനത്താണ് ക്വാലാലമ്പൂർ നഗരം.
English Summary- Second Largest Building in the World coming in Malaysia