ഇത് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട്; ധൈര്യമുണ്ടോ ഇവിടെ താമസിക്കാൻ!
Mail This Article
ചെങ്കുത്തായ പർവ്വതത്തിന്റെ ചരിവിൽ കുടുങ്ങിക്കിടക്കുന്നതുപോലെ ഒരു വീട്. പുറത്തേക്ക് കാൽ വയ്ക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ആയിരക്കണക്കിന് അടികൾ താഴേക്ക് പതിച്ച് പൊടിപോലും കിട്ടാത്ത അവസ്ഥയിലാവുമെന്ന് ഉറപ്പ്. ഇങ്ങനെ ഒരു വീട് ആരെങ്കിലും നിർമ്മിക്കുമോ എന്നാണ് ചിന്തിക്കുന്നതെങ്കിൽ സംഗതി സത്യമാണ്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീടിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇറ്റലിയിലെ ഡോളോമൈറ്റ് പർവ്വതനിരകളിലാണ് വിചിത്രവും നിഗൂഢവുമായ ഈ വീട് സ്ഥിതി ചെയ്യുന്നത്.
സമുദ്രനിരപ്പിൽ നിന്നും 9000 അടി മുകളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന വീട് ഒറ്റനോട്ടത്തിൽ അവിശ്വസനീയമായേ തോന്നൂ. പർവ്വതത്തിന്റെ വശത്തെ പാറക്കെട്ടുകളിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 'ബഫാ ഡി പെരേരോ' എന്നറിയപ്പെടുന്ന ഈ വീടിന് 100 വർഷത്തിന് മുകളിൽ പഴക്കമുണ്ട് എന്നതാണ് മറ്റൊരു അതിശയിപ്പിക്കുന്ന വസ്തുത. ആധുനിക സംവിധാനങ്ങൾ ഒന്നും ഇല്ലാത്തകാലത്ത് ഇത്തരത്തിൽ ഒരു വീട് എങ്ങനെ നിർമ്മിച്ചെടുത്തു എന്നത് ഇന്നും തിരിച്ചറിയാനാവാത്ത രഹസ്യമായി തുടരുകയാണ്.
ഒന്നാം ലോകമഹായുദ്ധകാലത്താവാം വീട് നിർമ്മിക്കപ്പെട്ടത് എന്നാണ് അനുമാനം. യുദ്ധത്തിനിടെ വിശ്രമിക്കാനും യുദ്ധസാമഗ്രികളും മറ്റും സൂക്ഷിക്കാനുമുള്ള സൗകര്യം കണക്കിലെടുത്ത് ഇറ്റാലിയൻ സൈനികരാവാം ഇത് നിർമ്മിച്ചത് എന്നും കരുതപ്പെടുന്നു. എന്തായാലും നൂറിൽ പരം വർഷങ്ങൾ പഴക്കമുള്ള ഈ വീട് ആൾപ്പാർപ്പില്ലാത്ത ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. ഏറെ അപകടം പിടിച്ച മേഖലയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന വീട്ടിലേക്ക് എത്തിപ്പെടുന്നത് അത്ര എളുപ്പമല്ല. കേബിൾ കാർട്ടുകളും റോപ്പ് ലാഡറുകളും ഉപയോഗിക്കേണ്ടിവരും. നല്ല ധൈര്യമുള്ളവർക്ക് മാത്രമേ ഇവിടേക്കുള്ള വഴിത്താരയിലൂടെ നടന്നെത്താനാവു. വാതിലുകളും ജനാലകളും ചെറുവരാന്തയുമെല്ലാം ഈ വീട്ടിലുണ്ട്.
ഇടുങ്ങിയ ഒറ്റമുറിക്കുള്ളിൽ തടികൊണ്ടുള്ള ചില കസേരകൾ ഉണ്ടെന്നുള്ളതൊഴിച്ചാൽ മറ്റൊന്നും വീടിനുള്ളിൽ ഇല്ല. പർവ്വതത്തിന്റെ ഏറ്റവും മുകൾഭാഗത്തായതുകൊണ്ട് തന്നെ ചുറ്റുമുള്ള പ്രദേശങ്ങളുടെ മനോഹരമായ കാഴ്ച ഇവിടെനിന്ന് ആസ്വദിക്കാനാവും. എന്നാൽ താഴേക്ക് നോക്കിയാൽ കാലിടറില്ല എന്ന് ഉറപ്പുള്ളവർ മാത്രമേ ഇവിടെ എത്താൻ പാടുള്ളൂ എന്ന മുന്നറിയിപ്പുണ്ട്. ഇവിടം സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒരു കേന്ദ്രമായി മാറിക്കഴിഞ്ഞു.
English Summary- Loneliest House in the World- Architecture News