ഇവിടം സ്വർഗമാണ്! അടിമുടി പ്രകൃതിസൗഹൃദമായി ഫാം ഹൗസ്
Mail This Article
ഏതാനും വര്‍ഷങ്ങള്‍ക്ക് മുൻപൊരു സായാഹ്നത്തിലാണ് അഹമ്മദാബാദിലെ തോള്‍ നദിയ്ക്ക് സമീപം, അധികമാരും കടന്നു ചെല്ലാത്ത, പ്രകൃതിരമണീയമായ പ്ലോട്ട് ജയേഷ് പട്ടേല്‍ ആദ്യമായി കാണുന്നത്. പക്ഷികളുടെ കളകളാരവവും സദാ വീശുന്ന ഇളങ്കാറ്റുമൊക്കെ കൂടിച്ചേര്‍ന്ന ആ സ്ഥലത്ത് പിന്നീട് ജയേഷിന്റെ ഫാം ഹൗസുയര്‍ന്നു. സദാ പക്ഷികളുടെ ശബ്ദമുള്ളത് കൊണ്ട് തന്നെ 'കള്‍രവ്' എന്നാണ് ജയേഷ് തന്റെ ഫാംഹൗസിന് പേരിട്ടത്.
കള്‍രവ് ഒരു ഇക്കോ-ഫ്രണ്ട്‌ലി ഫാംഹൗസാണ്. ജാപ്പനീസ് ടെക്‌നോളജി ആയ മിയാവകി ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഈ ഫാംഹൗസില്‍ ചെടികള്‍ സാധാരണയില്‍ നിന്ന് പത്തുമടങ്ങ് വേഗത്തില്‍ വളരും. കള്‍രവിനുള്ളിലെ സ്റ്റെയറുകളെല്ലാം റീസൈക്കിള്‍ ചെയ്ത തടിയുപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. കോട്ട കല്ലുപയോഗിച്ച് തറയും സ്റ്റീല്‍ ഉപയോഗിച്ച് മേല്‍ക്കൂരയും നിര്‍മിച്ചിരിക്കുന്നു. അടുക്കളയിലും ബാത്‌റൂമില്‍ നിന്നുമുള്ള മലിന ജലം റീസൈക്കിള്‍ ചെയ്താണ് വലിയ തോട്ടത്തിലെ ചെടികളെല്ലാം നനയ്ക്കുന്നത്. കുളം നിറയ്ക്കാനുപയോഗിക്കുന്നതും ഈ വെള്ളം തന്നെ. സോളര്‍ പാനലുകള്‍ ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഇലക്ട്രിസിറ്റി ബില്ലിനെ പേടിക്കേണ്ട.
പരമ്പരാഗത രീതിയില്‍ കൊത്തുപണികളോട് കൂടിയാണ് ഫാംഹൗസിന്റെ പ്രധാന വാതില്‍. കളിമണ്ണിന്റെ പ്ലാസ്റ്റര്‍ ഉപയോഗിച്ചാണ് ഭിത്തി കെട്ടിയിരിക്കുന്നത്. ഫാം ഹൗസിലെ പ്രധാന ഹൈലൈറ്റ് ആണ് ഇവിടെ പക്ഷികള്‍ക്കായി ഒരുക്കിയിരിക്കുന്ന വലിയ ഏവിയറി. മുറ്റത്തിന്റെ ഒത്ത നടുക്കായി ഒരു വേപ്പിന്‍ മരത്തിലാണ് പക്ഷികള്‍ക്കായുള്ള ഈ കൂട് ഒരുക്കിയിരിക്കുന്നത്. പക്ഷികള്‍ക്ക് യഥേഷ്ടം വന്നിരിക്കാനും കൂട് കൂട്ടാനും വെള്ളം കുടിക്കാനുമൊക്കെയുള്ള സൗകര്യം ഇതിനുള്ളിലുണ്ട്.
പക്ഷികള്‍ ഏറെയുള്ള സ്ഥലമായത് കൊണ്ട് തന്നെ അവരെ ശല്യം ചെയ്യാതിരിക്കാനും അവരെ ആകര്‍ഷിക്കാനുമൊക്കെയായി കുറച്ചുമാത്രം അടച്ചുകെട്ടി കൂടുതലും തുറന്ന രീതിയിലാണ് ഫാംഹൗസിന്റെ നിര്‍മാണം. 250ലധികം മരങ്ങള്‍ ഇതിന് ചുറ്റുമായുണ്ട്. രണ്ട് നിലകളിലായുള്ള ഹൗസില്‍ മുകളിലെ നിലയില്‍ ലോഞ്ച് ഏരിയയും താഴത്തെ നിലയില്‍ ആക്ടിവിറ്റി ഏരിയയും ഒരുക്കിയിരിക്കുകയാണ്.
2020ലാണ് 3000 സ്‌ക്വയര്‍ഫീറ്റിലുള്ള ഫാം ഹൗസിന്റെ പണി പൂര്‍ത്തിയായത്. വിപുല്‍ പട്ടേല്‍ ആര്‍ക്കിടെക്ട്‌സുമായി ചേര്‍ന്നായിരുന്നു നിര്‍മാണം. ചുറ്റും പച്ചപ്പും തണലും ധാരാളം കുളങ്ങളുമൊക്കെയുള്ള ഈ ഫാംഹൗസ് ഒരേസമയം പക്ഷികളുടെയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമാണ്.
English Summary- Kalrav- Ecofriendly Sustainable Farm House; News