പ്രളയത്തിൽനിന്ന് വീട്ടുകാരെ രക്ഷിച്ച 'ജനൽ'! ഇത് പണിതയാൾക്ക് കയ്യടി; വൈറലായി ചിത്രം
Mail This Article
കഴിഞ്ഞ 90 വർഷത്തിനിടെ അമേരിക്കയിലെ ഫ്ലോറിഡയിൽ ആഞ്ഞടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റും പേമാരിയുമാണ് അടുത്തിടെയുണ്ടായ 'ഇയാൻ'. കടുത്ത നാശനഷ്ടങ്ങളും ദുരിതവും വിതച്ച പ്രകൃതിദുരന്തവാർത്തകൾക്കിടയിൽ ശ്രദ്ധേയമാവുകയാണ് ഒരു ജനലിന്റെ ചിത്രവും വീട്ടുകാരുടെ അനുഭവവും.
ശക്തമായ കാറ്റിനും പേമാരിക്കും പിടികൊടുക്കാതെയാണ് ഒരു വീട്ടിലെ ജനലുകള്‍ ഉറപ്പോടെ നില്‍ക്കുന്നത്. ഫ്ലോറിഡയിലെ നേപ്പിള്‍സ് നഗരത്തില്‍ നിന്നുള്ളതാണ് ചിത്രം. വീട്ടിലേക്ക് പ്രളയജലം ഇരച്ചെത്തുന്നു. ചുറ്റിനും മുങ്ങുന്നു. പക്ഷേ വീടിനകത്തേക്ക് ഒരുതുള്ളി ജലംപോലും കടത്തിവിടാതെ കാവൽനിൽക്കുകയാണ് കരുത്തനായ ആ ജനൽ.
സംഭവം ശ്രദ്ധയില്‍പ്പെട്ട് ട്വിറ്ററില്‍ ചിത്രം ഷെയര്‍ ചെയ്തത് മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായ ഡിക്സി വാട്‌ലിയാണ്. 'അനുഭവത്തില്‍ നിന്ന് വളരെ അധികം ശ്രദ്ധചെലുത്തിയ ഒരു ചിത്രം' എന്ന അടിക്കുറിപ്പോടെയാണ് ഡിക്സി സംഭവം ട്വിറ്റ് ചെയ്തത്.
ഈ ജനൽ നിർമിച്ചവർക്കും ഇത് വീട്ടിൽ സ്ഥാപിച്ചവർക്കും ആശംസാവാക്കുകൾ പൊഴിക്കുകയാണ് സോഷ്യൽമീഡിയ. ഈ ജനലിന്‍റെ ബ്രാന്‍ഡ് ചോദിച്ചും മറ്റും അനുകൂലമായ അഭിപ്രായങ്ങളാണ് ചിത്രത്തിന് താഴെ വരുന്നത്. മൂന്ന് ലക്ഷത്തിലധികം ലൈക്കുകളും 42,000 ഷെയറുകളും പോസ്റ്റിന് ലഭിച്ചു
'ഞാനൊരു എന്‍ജിനിയറല്ല, എന്നിരുന്നാലും ഈ ശക്തമായ കാറ്റിലും വെള്ളപ്പൊക്കത്തിലും ഈ ജനലുകള്‍ ഇങ്ങനെ കരുത്തോടെ ഇരിക്കുന്നതില്‍ അത്ഭുതം തോന്നുന്നു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ആയിരിക്കാമിത്'. 'ഈ ജനല്‍ സ്ഥാപിച്ച ആളുകള്‍ക്ക് മെഡല്‍ അര്‍ഹിക്കുന്നു, ആ കുടുംബത്തെ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്' -ഇത്തരത്തിലുള്ള കമന്‍റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്.
ഇയാന്‍ ചുഴലിക്കാറ്റ് ഫ്ലോറിഡയിലുണ്ടാക്കിയ നാശനഷ്ടം ചെറുതൊന്നുമല്ല. 100ലധികം ആളുകള്‍ മരണമടയുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. അതിനിടയിലാണ് ഈ ചെറിയ വാർത്ത വേറിട്ടുനിൽക്കുന്നത്.
English Summary- Window that saved a family from deadly Hurrycane and flood; Viral News