ഇതും ഒന്നാമൻ! ദുബായിലേക്ക് മറ്റൊരു വിസ്മയനിർമിതി കൂടിയെത്തുന്നു
Mail This Article
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന റെക്കോർഡ് സ്വന്തമാക്കിയ ബുർജ് ഖലീഫക്ക് ശേഷം 'ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റസിഡൻഷ്യൽ ടവർ' എന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് ദുബായ്. കെട്ടിട നിർമ്മാതാക്കളായ ബിൻഗാട്ടി ഡവലപ്പേഴ്സും വാച്ച്, ആഭരണ നിർമ്മാണ രംഗത്തെ വൻകിട ബ്രാൻഡായ ജേക്കബ് ആൻഡ് കോയുമായി കൈകോർത്ത് ഒരുക്കുന്ന പദ്ധതിക്ക് 'ബുർജ് ബിൻഗാട്ടി ജേക്കബ് ആൻഡ് കോ റസിഡൻസസ്' എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഇത് ആദ്യമായാണ് ഇരു കമ്പനികളും ഒരു പദ്ധതിക്കായി ഒരുമിച്ച് ചേരുന്നത്. ദുബായിലെ പ്രശസ്ത ധനകാര്യ കേന്ദ്രമായ ബിസിനസ് ബേയുടെ ഹൃദയഭാഗത്തായാണ് റസിഡൻഷ്യൽ ടവർ ഉയരുന്നത്. നൂറിൽപരം നിലകളിലായി നിർമ്മിക്കപ്പെടുന്ന ടവറിൽ ലക്ഷ്വറി റെസിഡൻഷ്യൽ യൂണിറ്റുകളാണ് ഉൾപ്പെടുത്തുന്നതന് നിർമാതാക്കൾ അറിയിച്ചു. രണ്ട്, മൂന്ന് BHK അപ്പാർട്ടുമെന്റുകളായിരിക്കും പദ്ധതിയിൽ ഉൾപ്പെടുത്തുക. ഔട്ട്ഡോർ ഇൻഫിനിറ്റി പൂൾ, ലക്ഷ്വറി സ്പാ, ജിംനേഷ്യം തുടങ്ങിയ നിരവധി ആഡംബര സൗകര്യങ്ങളും താമസക്കാർക്കായി ടവറിൽ ഒരുങ്ങും.
ഡേ കെയർ, ബോഡിഗാർഡ്, ഡ്രൈവർ, പ്രൈവറ്റ് ഷെഫ് തുടങ്ങിയ സ്വകാര്യ സേവനങ്ങൾ നൽകുന്നതിനായി ഒരു പ്രത്യേക ടീം തന്നെ ഇവിടെയുണ്ടാവും. ജേക്കബ് & കോ, ബിൻഹാട്ടി ഡെവലപ്‌മെന്റ് എന്നിവയുടെ സിഗ്നേച്ചർ സ്റ്റെൽ പിൻതുടർന്നാവും ടവറിന്റെ രൂപകൽപന. സാധാരണയിൽ നിന്നും വ്യത്യസ്തമായ ശൈലി പിന്തുടരുന്ന കാര്യത്തിൽ ഒരേ മനസ്സോടെ ചിന്തിക്കുന്ന രണ്ടു ബ്രാന്റുകൾ ഒരുമിച്ചുചേരുന്ന ഒരു സുപ്രധാന പങ്കാളിത്ത പദ്ധതിയാണ് ഇതെന്ന് ബിൻഗാട്ടി ഡെവലപ്മെന്റ്സിന്റെ സിഇഒ ആയ മുഹമ്മദ് ബിൻഗാട്ടി അറിയിച്ചു.
എന്നാൽ റസിഡൻഷ്യൽ ടവറിന്റെ കൃത്യമായ ഉയരം എത്രയായിരിക്കും എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 472.4 മീറ്റർ ഉയരമുള്ള ന്യൂയോർക്കിലെ സെൻട്രൽ പാർക്ക് ടവറാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ റസിഡൻഷ്യൽ ടവർ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ നിലവിൽ ദുബായിലെ ഏറ്റവും വലിയ റസിഡൻഷ്യൽ ടവർ എന്ന റെക്കോർഡ് 393 മീറ്റർ ഉയരമുള്ള പ്രിൻസസ് ടവറിനാണ്.
English Summary- Worlds Largest Residential Tower to be built in Dubai- Architecture News