ദുബായിക്ക് പുതിയ എതിരാളി? വിസ്മയിപ്പിക്കാൻ സൗദിയിൽ 'മുക്കാബ്' ഒരുങ്ങുന്നു
Mail This Article
ആകാശം തൊട്ടുനിൽക്കുന്ന വ്യത്യസ്തമാർന്ന കെട്ടിടങ്ങൾ നിർമ്മിച്ച് ലോകത്തെ അദ്‌ഭുതപ്പെടുത്തുകയാണ് ഗൾഫ് രാജ്യങ്ങൾ. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെതാണ് സൗദി അറേബ്യയിൽ ഒരുങ്ങുന്ന മുക്കാബ് എന്ന കെട്ടിടം. മുക്കാബ് എന്നാൽ അറബിയിൽ ക്യൂബ് എന്നാണ് അർത്ഥം. പേരുപോലെതന്നെ ക്യൂബ് ആകൃതിയിലാണ് വ്യത്യസ്തമായ ഈ നിർമിതി റിയാദിൽ ഒരുങ്ങുന്നത്.
400 മീറ്റർ ഉയരവും വീതിയും നീളവുമുള്ള കെട്ടിടം ഒരു ഇൻഡോർ സൂപ്പർ സിറ്റിയായാണ് വിഭാവനം ചെയ്യുന്നത്. 20 എംപയർ സ്റ്റേറ്റ് ബിൽഡിങ്ങുകളെ ഉൾക്കൊള്ളാവുന്നത്ര വലുപ്പമാവും നിർമ്മാണം പൂർത്തിയാകുമ്പോഴേക്കും കെട്ടിടത്തിന് ഉണ്ടാവുക. ന്യൂ മുറാബ ഡെവലപ്മെന്റ് കമ്പനിയുടെ ചെയർമാനും സൗദി അറേബ്യയുടെ അടുത്ത കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസാണ് പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ ആധുനിക ഡൗൺടൗണാക്കുകയാണ് ലക്ഷ്യം.
ആധുനിക നാജ്ദി വാസ്തുവിദ്യാ ശൈലി അടിസ്ഥാനമാക്കിയാണ് കെട്ടിടത്തിന് നിർമ്മാണം. കെട്ടിടത്തിനകത്തെ കാലാവസ്ഥ ക്രമീകരിച്ച് നിർത്താനാവും എന്നതാണ് ഈ വാസ്തു വിദ്യാശൈലിയുടെ പ്രത്യേകത. രണ്ടു മില്യൻ ചതുരശ്ര മീറ്റർ ഫ്ലോർ സ്പേസാവും നിർമ്മാണം പൂർത്തിയാകുമ്പോൾ മുക്കാബിന് ഉണ്ടായിരിക്കുന്നത്. 1,04,000 റസിഡൻഷ്യൽ യൂണിറ്റുകൾ, 9000 ഹോട്ടൽ മുറികൾ, വാണിജ്യയിടങ്ങൾ, വിനോദത്തിനായുള്ള ഇടങ്ങൾ, റീറ്റെയിൽ -സാംസ്കാരിക -ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകിയുള്ള കേന്ദ്രങ്ങൾ, 1.4 മില്യൻ ചതുരശ്ര മീറ്ററിൽ ഓഫീസ് സ്പേസ് എന്നിങ്ങനെ നിരവധി സൗകര്യങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി പച്ചപ്പു നിറഞ്ഞ ഒരിടവും നടപ്പാതയും കെട്ടിടത്തിൽ ഒരുങ്ങുന്നുണ്ട്.
ഡിജിറ്റൽ സാങ്കേതികവിദ്യയും ഹോളോഗ്രാഫിക്സും ഉപയോഗിച്ച് മുക്കാബിനുള്ളിൽ പ്രവേശിക്കുന്നവർക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കാനാണ് ഉദ്ദേശം. പരമാവധി സ്ഥലം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യൂബ് ആകൃതിയിൽ കെട്ടിടം നിർമ്മിക്കാൻ തീരുമാനമായിരിക്കുന്നത്.
എയർപോർട്ട് അടക്കമുള്ള എല്ലാ സൗകര്യങ്ങളും കയ്യെത്തും ദൂരത്ത് തന്നെയുണ്ട് എന്നതാണ് മുക്കാബിന്റെ ലൊക്കേഷന്റെ പ്രത്യേകത. നിർമ്മാണ പ്രവർത്തനങ്ങൾ 2030 ഓടെ പൂർത്തിയാകും എന്നും നിർമ്മാതാക്കൾ അറിയിക്കുന്നു. അതേസമയം മുക്കാബിന്റെ നിർമ്മാണ ചെലവ് എത്രയാണെന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
English Summary- Mukaad Saudi Arabia Upcoming Architecture Wonder