അമേരിക്കൻ പ്രസിഡന്റിനെ പോലെ ജീവിക്കാം : വൈറ്റ് ഹൗസിന്റെ തനിപ്പകർപ്പ് വിൽപനയ്ക്ക്!
Mail This Article
വൈറ്റ് ഹൗസിൽ താമസിക്കുക എന്നത് പൊതുജനങ്ങൾക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാനാവാത്ത കാര്യമാണ്. എന്നാൽ 'വൈറ്റ് ഹൗസ്' സ്വന്തം ഉടമസ്ഥതയിലാക്കാൻ സാധിച്ചാലോ? കലിഫോർണിയയിലെ ഹിൽസ്ബറോയിലാണ് യഥാർഥ വൈറ്റ് ഹൗസിന്റെ അതേ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഡ്യൂപ്ലിക്കേറ്റ് വൈറ്റ് ഹൗസ് ഉള്ളത്. 'വെസ്റ്റേൺ വൈറ്റ് ഹൗസ്' എന്നറിയപ്പെടുന്ന ഈ വസതി ഇപ്പോൾ പുതിയ ഉടമസ്ഥരെ കാത്ത് വിപണിയിൽ എത്തിയിരിക്കുകയാണ്.
24,350 ചതുരശ്ര അടി വിസ്തീർണത്തിലാണ് വെസ്റ്റേൺ വൈറ്റ് ഹൗസ് ഒരുക്കിയിരിക്കുന്നത്. 11 കിടപ്പുമുറികളും 14 ബാത്റൂമുകളും ഇവിടെയുണ്ട്. യഥാർഥ വൈറ്റ് ഹൗസിലെ റിസപ്ഷൻ റൂമായ ഈസ്റ്റ് റൂമിന്റെയും പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓഫിസിന്റെ ഭാഗമായ ഓവൽ ഓഫിസിന്റെയും അതേമാതൃകയിൽ രണ്ടു മുറികളും കലിഫോർണിയയിലെ വൈറ്റ് ഹൗസിൽ ഒരുക്കിയിട്ടുണ്ട്. മൂന്നേക്കർ എസ്റ്റേറ്റിലാണ് വസതി സ്ഥിതിചെയ്യുന്നത്. എന്നാൽ യഥാർഥ വൈറ്റ് ഹൗസ് 18 ഏക്കർ വിസ്തൃതമായ എസ്റ്റേറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്.
കാഴ്ചയിൽ വൈറ്റ് ഹൗസിന്റെ നേർപകർപ്പായി തോന്നുന്ന വെസ്റ്റേൺ വൈറ്റ് ഹൗസിൽ സ്റ്റാഫ് ക്വാർട്ടേഴ്സ്, വൈൻ നിലവറ, തിയറ്റർ റൂം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരുക്കിയിരിക്കുന്നു. വൈറ്റ് ഹൗസ് റോസ് ഗാർഡൻ, ഔട്ട് ഡോർ സ്വിമ്മിങ് പൂൾ, പവലിയൻ എന്നിവയാണ് മറ്റു കാഴ്ചകൾ. വ്യത്യസ്തമായ ഈ നിർമ്മിതിക്ക് പിന്നിൽ ഒരു കഥയുമുണ്ട്. മാധ്യമ പ്രമുഖനായിരുന്ന വില്യം റാൻഡോൾഫ് ഹേസ്റ്റിന്റെ മൂത്ത മകനായ ജോർജ് റാൻഡോൾഫ് ഹേസ്റ്റിനുവേണ്ടി 1930 ലാണ് ഈ വീട് ഇത്തരത്തിൽ രൂപകൽപന ചെയ്തത്. ഒരിക്കൽ അമേരിക്കയുടെ പ്രസിഡന്റ് ആകണമെന്ന അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹമാണ് വസതിക്ക് വൈറ്റ് ഹൗസിന്റെ അതേ രൂപം നൽകാനുള്ള കാരണം.
കലിഫോർണിയയിലെ ആദ്യത്തെ വനിത ആർക്കിടെക്ടായിരുന്ന ജൂലിയ മോർഗനാണ് വീടിന്റെ രൂപകൽപന നിർവഹിച്ചത്. എന്നാൽ പിന്നീടിങ്ങോട്ട് പലതവണ ഈ വസതി കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ 2022 ഒക്ടോബറിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപകനായ മെർഡാഡ് എലിയും ഭാര്യയും ചേർന്ന് 15 മില്യൻ ഡോളറിനാണ് (123 കോടി രൂപ) വീട് സ്വന്തമാക്കിയത്. ഇവർ വീടിന്റെ മേൽക്കൂരയിലും ബാത്റൂമുകളിലുമെല്ലാം നിരവധി മാറ്റങ്ങളും വരുത്തിയിരുന്നു. വൈൻ നിലവറ, ക്വാർട്ടേഴ്സ് തുടങ്ങിയ സൗകര്യങ്ങളെല്ലാം കൂട്ടിച്ചേർക്കുകയും ചെയ്തു. നിലവിൽ 38.9 മില്യൻ ഡോളർ 321 കോടി രൂപ) ആവശ്യപ്പെട്ടു കൊണ്ടാണ് ഈ വീട് വിപണിയിലെത്തിയിരിക്കുന്നത്.
എട്ടു കാറുകൾ പാർക്ക് ചെയ്യാനാവുന്ന ഗ്യാരേജ്, വിശാലമായ സൺ ഡെക്ക് തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കൊളോണിയൽ വാസ്തുവിദ്യാ ശൈലിക്ക് മാറ്റം വരുത്താതെയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. ഇത്രയധികം സ്ഥലവിസ്തൃതിയുള്ള ഒരു വീട് കലിഫോർണിയ നഗരത്തിൽ തന്നെ അപൂർവമാണെന്ന് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ പറയുന്നു.
English Summary- While House Lookalike Mansion for Sale-Architecture News