ഇത് ഇരട്ട സഹോദരിമാരുടെ 'ഇരട്ട'വീട്! ഇവർ ജീവിതത്തിലും ഒരുപോലെ
Mail This Article
ഇരട്ടകളുടെ ജീവിതം എപ്പോഴും മറ്റുള്ളവർക്ക് കൗതുകമായിരിക്കും. വസ്ത്രത്തിലും സ്റ്റൈലിലുമെല്ലാം സമാനതകൾ പുലർത്തുന്നവരാണെങ്കിൽ പറയുകയും വേണ്ട. പക്ഷേ വിവാഹ ശേഷമോ കുട്ടികൾ ജനിച്ചതിന് ശേഷമോ ഇതേ ജീവിതരീതി പിന്തുടരാൻ സാധിക്കാത്തവരാണ് അധികവും. എന്നാൽ ഫ്ലോറിഡ സ്വദേശികളായ സ്റ്റെഫാനിയുടെയും സമ്മിയുടെയും ജീവിതം അങ്ങനെയല്ല. രൂപം പോലെത്തന്നെ ഒരുപാട് കൗതുകകരമായ സാമ്യതകളുണ്ട് ഇരുവരുടെയും ജീവിതത്തിലും. ഒട്ടേറെ സമാനതകളുമായി ജീവിക്കുന്ന ഇവർ ഇപ്പോൾ 'ഇരട്ട' വീടുകൾ നിർമ്മിച്ചെടുക്കുന്ന തിരക്കിലാണ്.
രണ്ട് സഹോദരിമാരും തങ്ങളുടെ ജീവിതപങ്കാളികളെ ആദ്യമായി കണ്ടത് ഒരു ദിവസമായിരുന്നു. പിന്നീട് ആഴ്ചകളുടെ വ്യത്യാസത്തിൽ ഇരുവരും കുഞ്ഞുങ്ങൾക്ക് ജന്മവും നൽകി. ഒരേ പ്രസവത്തിൽ ജനിച്ച രണ്ട് ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായകളെയാണ് സ്റ്റെഫാനിയും സമ്മിയും ഓമനിച്ചു വളർത്തുന്നത്. ഇതിനെല്ലാം പുറമേ ഒരേ സ്പായിൽ ഇരുവരും ഏസ്തെറ്റിക് ഫിസിഷ്യൻ അസിസ്റ്റന്റുകളായി ജോലിയും ചെയ്തു വരുന്നു. ഇരുവരുടെയും ജീവിതത്തിൽ ആകെയുള്ള വ്യത്യാസം വീടുകളായിരുന്നു. ആ കുറവ് കൂടി നികത്താം എന്ന് ഒടുവിൽ സഹോദരിമാർ തീരുമാനിച്ചു.
അങ്ങനെ ജോലി സ്ഥലത്തിനും മാതാപിതാക്കളുടെ വീടിനും അടുത്തായി തന്നെ ഇരുവരും ഇരട്ട വീടുകളുടെ നിർമ്മാണം ആരംഭിച്ചു. പുറംകാഴ്ചയിൽ മാത്രമല്ല അകത്തളത്തിലും സമാനത പുലർത്തിക്കൊണ്ടാണ് ഇവർ വീടുകൾ ഒരുക്കുന്നത്. പിൻഭാഗത്ത് ഇരുവീടുകൾക്കുമായി പൊതുമുറ്റവും ഒരുക്കും. അഞ്ചുമാസത്തിനുള്ളിൽ 'ഇരട്ട വീടുകൾ' എന്ന തങ്ങളുടെ സ്വപ്നം പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ഇവർ.
2900 ചതുരശ്ര അടി വിസ്തീർണ്ണമാണ് ഇരു വീടുകൾക്കും ഉള്ളത്. നാലു കിടപ്പുമുറികളും മൂന്നു ബാത്റൂമുകളും ഉണ്ടാവും. മാസ്റ്റർ സ്യൂട്ടുകൾ ഒന്നാം നിലയിലും മറ്റെല്ലാ കിടപ്പുമുറികളും മുകൾനിലയിലുമാണ് ഒരുക്കുന്നത്. ഐലൻഡും ബ്രേക്ഫാസ്റ്റിനുള്ള പ്രത്യേക ഇടവും അടുക്കളയിൽ ഉൾപ്പെടുത്തും. രണ്ടു വീടുകളുടെയും പിൻഭാഗത്തായി ഗാരിജും മുൻവശത്ത് കാർപോർച്ചും ഉൾപ്പെടുത്തുന്നുണ്ട്. തങ്ങളുടെ ഭർത്താക്കന്മാർ ബന്ധുക്കൾ എന്നതിലുപരി ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്ന് സ്റ്റെഫാനിയും സമ്മിയും പറയുന്നു.
അവർക്ക് ഇരുവർക്കും ഒരുമിച്ച് സമയം പങ്കിടാൻ ഏറെ ഇഷ്ടമുള്ളതും സഹോദരിമാർക്ക് അനുഗ്രഹമായി. തങ്ങളുടെ ജീവിതത്തെക്കുറിച്ച് കേൾക്കുന്നവർക്ക് ഇതൊരു പുതുമയും കൗതുകവുമായി തോന്നുമെങ്കിലും ജനിച്ച നാൾ മുതൽ ഇതേ ജീവിതരീതി പിന്തുടരുന്നതിനാൽ എന്തെങ്കിലും മാറ്റമുള്ളതായി തോന്നുന്നില്ല എന്ന് സ്റ്റെഫാനി പറയുന്നു. തങ്ങൾ ഇരുവർക്കുമൊപ്പം ഒരേ പ്രായത്തിലുള്ള മക്കളും ഒരമ്മയ്ക്ക് ജനിച്ച വളർത്തുനായകളും ഒരേ മുറ്റത്ത് കളിച്ചു വളരുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇരുവരും.
English Summary- Twin Sisters Building Twin Houses- News