മത്സരസമ്മാനം 20 കോടിയുടെ വീട്: പക്ഷേ വിജയിക്ക് ലഭിച്ചത് വെറും 5 ലക്ഷം രൂപ!
Mail This Article
താനും ഭർത്താവും താമസിക്കുന്ന വീടിന്റെ ശോചനീയാവസ്ഥ കണ്ട് മനംമടുത്താണ് ഇംഗ്ലണ്ടിലെ റാഡ്ഫോർഡ് സ്വദേശിനിയായ ലോറേറ്റ എന്ന യുവതി പുതിയ ഒരുവീട് തേടി തുടങ്ങിയത്. അതിനിടെ 'വിൻ മൈ ഹോം' എന്ന സംഘടന നടത്തുന്ന ഒരു മത്സരത്തെക്കുറിച്ച് ഇവർ കേൾക്കാനിടയായി. നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയിക്ക് നോട്ടിംഗ്ഹാമിലെ പാർക്ക് എസ്റ്റേറ്റിലുള്ള രണ്ട് മില്യൻ പൗണ്ട് (20 കോടി രൂപ) വിലമതിക്കുന്ന വീട് സമ്മാനമായി ലഭിക്കുമെന്ന് അറിഞ്ഞതോടെ രണ്ടാമതൊന്ന് ആലോചിക്കാതെ പണം മുടക്കി എൻട്രിയും സമർപ്പിച്ചു. എന്നാൽ നറുക്കെടുപ്പിൽ വിജയിച്ച ലൊറേറ്റയ്ക്ക് ലഭിച്ചത് കേവലം 5000 പൗണ്ട് (5.17 ലക്ഷം രൂപ) മാത്രമാണ്. മത്സര നിയമങ്ങളിലെ ഒരു പഴുത് ചൂണ്ടിക്കാട്ടിയാണ് സംഘാടകർ വീട് കൈമാറാതിരുന്നത്.
പ്രഖ്യാപിച്ച സമ്മാനം കൈമാറിയില്ലെങ്കിലും അക്കാര്യങ്ങളൊന്നും വ്യക്തമാക്കാതെ വിൻ മൈ ഹോം പ്രതിനിധി നേരിട്ട് ലൊറേറ്റയുടെ വീട്ടിലെത്തി വിജയിയാണെന്ന് അറിയിക്കുന്നതിന്റെ വിഡിയോ വെബ്സൈറ്റിൽ പങ്കുവച്ചിട്ടുമുണ്ട്. പൂക്കളുമായി വീട്ടുപടിക്കൽ എത്തിയ ഒരു വനിത ഒന്നാം സമ്മാനം ലഭിച്ചെന്ന കാര്യം അറിയിച്ചതല്ലാതെ എന്താണ് സമ്മാനം എന്ന് പറഞ്ഞിരുന്നില്ലന്ന് ലൊറേറ്റ പറയുന്നു. സമ്മാനമായി പ്രഖ്യാപിച്ചിരുന്നത് വീടായതിനാൽ തനിക്ക് അത് ലഭിക്കുമെന്നോർത്ത് ഇവർ അങ്ങേയറ്റം സന്തോഷിക്കുകയും ചെയ്തു. പിന്നീടാണ് വീട് ലഭിക്കില്ലെന്നും 5000 പൗണ്ട് മാത്രമാണ് സമ്മാനമായി ലഭിക്കുകയെന്നും അറിഞ്ഞത്.
മത്സര നിയമങ്ങളിൽ വ്യക്തമാക്കിയിരുന്ന ഒരുകാര്യം ശ്രദ്ധിക്കാതെ പോയതാണ് ലൊറേറ്റയ്ക്ക് വിനയായത്. ടിക്കറ്റ് വിൽപനകളിൽ നിന്ന് രണ്ട് മില്യൻ പൗണ്ട് സംഘാടകർക്ക് നേടാനാകാത്തപക്ഷം ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം മാത്രമാവും ജേതാവിന് ലഭിക്കുക എന്നായിരുന്നു നിബന്ധന. ഇതേക്കുറിച്ച് തിരക്കിയപ്പോൾ മത്സരം പരാജയമായിരുന്നു എന്നും നഷ്ടം നേരിട്ടെങ്കിലും നറുക്കെടുപ്പിൽ വിജയിച്ച വ്യക്തിക്ക് പാരിതോഷികമായി 5000 പൗണ്ട് നൽകുകയായിരുന്നു എന്നുമാണ് സംഘാടകർ നൽകിയ മറുപടി.
മാർച്ച് മുതൽ ഓഗസ്റ്റ് വരെ നീണ്ടുനിന്ന മത്സരത്തിന്റെ സമ്മാനമായി പ്രഖ്യാപിച്ചിരുന്നത് നാലുനിലകളും ആറ് കിടപ്പുമുറികളുമുള്ള ഒരു ഗംഭീര വില്ലയായിരുന്നു. എന്നാൽ ഇത് ലൊറേറ്റയ്ക്കും ഭർത്താവിനും കൈമാറി എന്ന തരത്തിലാണ് വിൻ മൈ ഹോം സമൂഹമാധ്യമങ്ങളിൽ വിഡിയോയ്ക്കൊപ്പം കുറിച്ചത്. 'സ്വന്തമായി ഒരുവീട് വാങ്ങാൻ കാത്തിരിക്കുകയായിരുന്നു വിജയി എന്നും ജീവിതത്തിന്റെ പുതിയ അധ്യായത്തിലേയ്ക്ക് കടക്കുന്ന ഇവർക്ക് ആശംസകൾ നേരുന്നു' എന്നുമായിരുന്നു കുറിപ്പ്. ഇപ്പോൾ താമസിക്കുന്ന വീട്ടിൽനിന്നും എന്നെങ്കിലും സ്വന്തമായൊരിടം കണ്ടെത്തി മാറണമെന്ന് ആഗ്രഹിച്ച് കാത്തിരുന്ന ലൊറേറ്റയ്ക്ക് ഈ തിരിച്ചടി ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.
സമ്മാനാർഹയായ വിവരം അറിയിക്കുന്ന ദൃശ്യങ്ങൾ ധാരാളമാളുകൾ കണ്ടതോടെ പുറത്തിറങ്ങുന്നവരെല്ലാം അഭിനന്ദനങ്ങൾ കൊണ്ട് ലൊറേറ്റയെ പൊതിയുകയാണ്. 'വീട് ലഭിച്ചിട്ടില്ല' എന്ന മറുപടി കേൾക്കുന്നവരാരും അത് വിശ്വസിക്കാനും കൂട്ടാക്കുന്നില്ല. നിയമാവലിയിൽ പറഞ്ഞതുപോലെ 20 കോടി രൂപയുടെ വീട് നൽകാൻ സാധിച്ചില്ലെങ്കിൽ അതിനു പകരമായി വെറും അഞ്ചു ലക്ഷം രൂപ തരുന്നത് ന്യായമല്ല എന്നാണ് ലൊറേറ്റയുടെ പക്ഷം. യുകെയിലെ ജീവിതച്ചെലവ് വച്ചുനോക്കുമ്പോൾ ഇത് വളരെ ചെറിയ തുകയാണ്. അരക്കോടി രൂപയെങ്കിലും താൻ അർഹിക്കുന്നുണ്ട് എന്നും ഇവർ പറയുന്നു. അതേസമയം പ്രതീക്ഷിക്കാത്ത നഷ്ടമാണ് മത്സരത്തിൽ സംഭവിച്ചതെന്നും അടുത്ത മത്സരങ്ങളിൽ സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെടില്ല എന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകരും അറിയിക്കുന്നു.
English Summary0- Lottery Winner Denied Luxury House offered as Prize- News