വീട്ടുമുറ്റത്ത് ഒരുതരിമണ്ണില്ല; വളർത്തിയെടുത്തത് പ്ലാവും മാവും പേരയുമൊക്കെയുള്ള ഉഗ്രൻ തോട്ടം!
Mail This Article
തിരക്കിട്ട നഗരജീവിതത്തിനിടയിലും കൃഷിയോടുള്ള ഇഷ്ടവും വിഷമില്ലാത്ത ആഹാരം കഴിക്കാനുള്ള ആഗ്രഹവുംകൊണ്ട് ചെറിയ അടുക്കളത്തോട്ടമെങ്കിലും ഉണ്ടാക്കുന്നവരാണ് ഇന്ന് ഏറെയും. അതിനായി പലരും ഉപയോഗിക്കുന്നത് വീട്ടിലെ ടെറസുകളാണ്. എന്നാൽ രണ്ടര സെന്റിനുള്ളിലെ വീട്ടിൽ ഒഴിഞ്ഞ ടെറസ് പോലുമില്ലാത്തയിടത്ത് ഒരു ഉഗ്രൻ കൃഷിത്തോട്ടം ഉണ്ടാക്കി വിസ്മയിപ്പിക്കുകയാണ് എറണാകുളം തൃക്കാക്കരയിലുള്ള മിനി ശ്രീകുമാർ. സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത മിനിയുടെ കൃഷിത്തോട്ടത്തിലെ വിശേഷങ്ങളിലേക്ക്.
മണ്ണില്ലെങ്കിലും പൊന്നുവിളയിക്കാം
ചെടികളും പച്ചക്കറികളും നടാനുള്ള ഇഷ്ടം ചെറുപ്പകാലംതൊട്ടേ കൂടെക്കൂടിയതാണ്. മാറിമാറി താമസിച്ചുവന്ന വീടുകളിലൊക്കെയും ചെറിയ രീതിയിലെങ്കിലും കൃഷിയിടം ഒരുക്കിയിരുന്നു. തൃക്കാക്കരയിലെ വീടിരിക്കുന്നത് രണ്ടര സെന്റ് സ്ഥലത്താണ്. അതിനുള്ളിൽ 600 ചതുരശ്രഅടി വിസ്തീർണമുള്ള മൂന്നു നിലകളുള്ള വീടാണ് നിർമ്മിച്ചിരിക്കുന്നത്. മുകൾനിലകൾ വാടകക്കാർക്കായി ഒഴിച്ചിട്ടിരിക്കുന്നു.
മതിൽക്കെട്ടിനകത്ത് വീടിനു ചുറ്റുമുള്ള ഇത്തിരി ഇടയിലും മണ്ണ് ഉണ്ടായിരുന്നില്ല. എങ്കിലും എന്തെങ്കിലും നട്ടുപിടിപ്പിക്കാനുള്ള ആഗ്രഹംമൂലം ചട്ടികളിലും മറ്റുമായി കുറ്റികുരുമുളകും കറിവേപ്പും ഒക്കെ നട്ടായിരുന്നു തുടക്കം. അതിൽനിന്നുമാണ് ഇന്നീ കാണുന്ന നിലയിലേക്ക് കൃഷി വിപുലീകരിച്ചത്. അഞ്ചടി മാത്രം വീതിയുള്ള വരാന്തയിലും ചെറിയ സ്റ്റെയർകേസിന്റെ വശങ്ങളിലും സൺഷേഡിലും ഒക്കെയായി തക്കാളിയും കാരറ്റും ബീറ്റ്‌റൂട്ടും കൂർക്കയും ചീരയും വിവിധയിനം മുളകുകളും മഞ്ഞളും എന്തിനേറെ രണ്ട് പ്ലാവുകളും മാവും പേരയും മുരിങ്ങയും നെല്ലിമരവുംവരെ തഴച്ച് വളരുന്നു.
വഴികാട്ടിയത് ഫെയ്സ്ബുക്..
കൃഷിയോട് താൽപര്യമുണ്ടെങ്കിലും ആധികാരികമായ അറിവുണ്ടായിരുന്നില്ല. പിന്നീട് ഫേസ്ബുക്കിൽ സജീവമായതോടെയാണ് പലവിധ കൃഷിരീതികളെക്കുറിച്ചും വിവിധയിനം വിത്തുകളെക്കുറിച്ചുമൊക്കെ അറിഞ്ഞത്. അങ്ങനെ കൃഷി ഗ്രൂപ്പുകളിൽ നിന്ന് വിത്തുകളും തൈകളും വാങ്ങി. സ്ഥലപരിമിതി മൂലം ഫലവൃക്ഷങ്ങൾ പൊക്കം വയ്ക്കാത്ത ഇനം നോക്കിയാണ് വാങ്ങിയത്. അപ്പോഴും പ്രധാന പ്രശ്നം മണ്ണില്ലാത്തതായിരുന്നു. വീടിനടുത്ത് കെട്ടിടം പണി നടക്കുന്ന സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച മണ്ണ് ചട്ടികളിലും ബേസനിലുമെല്ലാം നിറച്ച് കൃഷിചെയ്തു. പ്ലാവ്, മാവ്, പേര, നെല്ലി, മുരിങ്ങ എന്നിവയൊക്കെ കൃഷി ചെയ്യുന്നതിനായി വലിയ വീപ്പകൾ വാങ്ങി. ഫേസ്ബുക്കാണ് തന്നെ കൃഷി പഠിപ്പിച്ചത് എന്ന് മിനി പറയുന്നു.
രാസവളങ്ങളും കീടനാശിനി പ്രയോഗവുമില്ല
ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും കുമ്മായവുമെല്ലാം ചേർത്താണ് ഓരോ ചട്ടിയിലെയും മണ്ണൊരുക്കുന്നത്. രാസവളങ്ങൾ ഒന്നും ഉപയോഗിക്കാറില്ല. അടുക്കള മാലിന്യങ്ങൾ ജൈവവളമാക്കി മാറ്റിയശേഷം അത് മാത്രമാണ് ഉപയോഗിക്കുന്നത്. വീട്ടിലേക്ക് വേണ്ട പച്ചക്കറികൾ കൃഷിയിടത്തിൽ നിന്നും ധാരാളമായി ലഭിക്കുന്നുണ്ട്. അധികം വരുന്നവ അയൽക്കാർക്കും സുഹൃത്തുക്കൾക്കും നൽകുകയാണ് ചെയ്യുന്നത്.
ഓരോ വിളവും മനസ്സ് നിറയ്ക്കും
മക്കളെ പോലെ ചെല്ലപേരുകൾ നൽകിയാണ് മിനി കൃഷിത്തോട്ടത്തിലെ ഓരോന്നിനെയും പരിപാലിക്കുന്നത്. ആ സ്നേഹമത്രയും കായ്ഫലമായി തിരിച്ചു ലഭിക്കുന്നുമുണ്ട്. വീപ്പയിൽ കായ്ച്ചു കിടക്കുന്ന ചക്കയും കൈപിടിയിലൊതുങ്ങാത്തത്ര വലിപ്പമുള്ള കിലോ പേരയും പോലെയുള്ളവ വീട്ടുകാരെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് കായ്ച്ചത്.
കൂടുതൽ തൈകൾ നട്ടുപിടിപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിലും സ്ഥലം ഇല്ലാത്തതാണ് പ്രധാന പ്രശ്നം. അതിനാൽ ഓരോ ചട്ടിയിലെയും തൈകൾ പ്രായമെത്തിക്കഴിയുമ്പോൾ നീക്കം ചെയ്തു പുതിയവ നട്ടുപിടിപ്പിക്കുന്നു. ഇൻഷുറൻസ് ഏജന്റ് കൂടിയായ മിനി ലോക്ക്ഡൗൺ കാലമത്രയും കൃഷിയുടെ പരിപാലനത്തിനായി നീക്കിവച്ചിരിക്കുകയാണ്. പച്ചക്കറികൾക്ക് പുറമേ ചെറിയ ഇനം പൂച്ചെടികൾ വീടിനു മുൻഭാഗത്തെ മതിലിൽ വച്ചുപിടിപ്പിക്കാനും ഇടം കണ്ടെത്തിയിട്ടുണ്ട്.
കുടുംബമാണ് പിന്തുണ..
കൃഷിയുടെ ഓരോ ഘട്ടത്തിലും മിനിയ്ക്ക് പിന്തുണയും സഹായവും നൽകുന്നത് കുടുംബം തന്നെയാണ്. രാഷ്ട്രീയ പ്രവർത്തകനായ ഭർത്താവും രണ്ട് ആൺമക്കളും അടങ്ങുന്നതാണ് മിനിയുടെ കുടുംബം . കൃഷിചെയ്യാൻ ഏക്കർകണക്കിന് സ്ഥലം വേണ്ടെന്നും ഒന്നു മനസ്സുവച്ചാൽ ഒരടി മണ്ണിലും പൊന്നുവിളയിക്കാമെന്നും തന്റെ ജീവിതത്തിലൂടെ കാണിച്ചു തരികയാണ് മിനി ശ്രീകുമാർ .
English Summary- Vegetable Garden in Small Plot; Home Garden Malayalam