വീടുപണിക്ക് തടി വാങ്ങുമ്പോൾ ലക്ഷങ്ങൾ വെറുതെ കളയരുത്; ഇവ ശ്രദ്ധിക്കുക
Mail This Article
കാർപെന്ററുടെ സഹായത്തോടെ ഫർണിച്ചറിന് എല്ലാം കൂടി എത്രമാത്രം തടി വേണമെന്നു കണക്കാക്കി അതിനനുസരിച്ച് തടി വാങ്ങാം. ക്യൂബിക് അടി യൂണിറ്റിലാണ് തടിയുടെ അളവ് കണക്കാക്കുന്നത്. മൂപ്പെത്തിയതും വളവുംതിരിവും കേടുപാടു കളും ഇല്ലാത്തതുമായ മരത്തിന്റെ തടി വേണം തിരഞ്ഞെടുക്കാൻ. തടി അളന്നെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. തടിയുടെ നീളം, ചുറ്റളവ് എന്നിവ അളന്ന ശേഷം തടിമില്ലിൽ ലഭിക്കുന്ന ലോഗ് ബുക്കിൽ നോക്കി എത്ര ക്യൂബിക് അടിയു ണ്ടെന്ന് കണ്ടുപിടിക്കാം. തടി വാങ്ങുമ്പോൾ ഇടനിലക്കാരായി നിൽക്കുന്നവർക്ക് നാലിലൊന്നു ശതമാനത്തോളം കമ്മിഷൻ ലഭിക്കാറുണ്ട്. അതുകൊണ്ട് വിശ്വസ്തരായവരെ കൂട്ടി വേണം തടി വാങ്ങാൻ പോവാൻ. അല്ലെങ്കിൽ അത്രയും കമ്മിഷൻ തുക നിങ്ങളിൽ നിന്ന് ഈടാക്കിയേക്കാനുള്ള സാധ്യതയേറെയാണ്. അറുത്തു പലകകളായി ലഭിക്കുന്ന തടി വാങ്ങുന്ന താണ് ഏറ്റവും സുരക്ഷിതം. തടിയുടെ വേസ്റ്റേജ് കുറയും എന്നതാണ് ഇവയുടെ പ്രത്യേകത. തടിയുടെ ചെലവിന്റെ അഞ്ചു ശതമാനം വരെ ഈ രീതിയിൽ ലാഭിക്കാനും സാധി ക്കും.
തേക്ക്, വീട്ടി തുടങ്ങിയ വിലകൂടിയ തടികൾ ഒഴിവാക്കി മഹാഗണി, ചെറുതേക്ക്, പുളിവാക, പൂവരശ്, പ്ലാവ് തുടങ്ങിയ മരങ്ങളുടെ തടികൾ ഉപയോഗിച്ചാൽ തന്നെ ഫർണിച്ചർ ചെലവിന്റെ 40 ശതമാനം വരെ കുറയ്ക്കാം. തടി നഷ്ടപ്പെടുന്ന രീതിയിൽ വളവും കൊത്തുപണികളുമൊക്കെയുള്ള ഡിസൈൻ ഒഴിവാക്കിയാൽ മറ്റൊരു 10 ശതമാനം കൂടി ലാഭിക്കാൻ സാധിക്കും. സ്ട്രെയിറ്റ് ലൈൻ ഡിസൈനിലുള്ള ഫർണിച്ചറുകളാണ് പണിയുന്നതെങ്കിൽ മെഷീനുകളുടെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. ഇതുവഴി പണിക്കൂലി കുറയ്ക്കാനും ഈ ഇനത്തിൽ ഏതാണ്ട് 30 ശതമാനത്തോളം ലാഭം നേടാനും സാധിക്കും.
തടിയുടെ പ്രതീതി മാത്രമല്ല, തടിയുടെ ഒട്ടേറെ ഗുണങ്ങളുമുണ്ട് മൾട്ടിവുഡിന്. വെള്ളം, കറ, കെമിക്കലുകൾ, ആസിഡ് എന്നിവയെല്ലാം പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് മൾട്ടിവുഡിന്. പുതുക്കിപ്പണിയൽ, അലങ്കാരപ്പണികൾ എന്നിവയ്ക്കെല്ലാം മൾട്ടിവുഡ് ഉപയോഗിക്കുന്നുണ്ട്. കിച്ചൻ ക്യാബിനറ്റുകൾ, ഷെൽഫുകൾ എന്നിവയുടെ നിർമാണത്തിനും ഇന്റീരിയറിലെ ഡെക്കറേഷനുമെല്ലാം മൾട്ടിവുഡ് ഉപയോഗിച്ചു വരുന്നു. ഇഷ്ടമുള്ള രൂപത്തിലേക്ക് ഇവ മാറ്റിയെടുക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.
പ്ലൈവുഡ് പോലെതന്നെ, താരതമ്യേന പുതിയ മെറ്റീരിയലുകളാണ് എംഡിഎഫും വെനീറും ലാമിനേറ്റഡ് വുഡുമൊക്കെ. അതുകൊണ്ടു തന്നെ ഇവയുടെ ഈടിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഈ മെറ്റീരിയലുകൾ എല്ലാം പല ഗ്രേഡില്‍ ലഭ്യമാണ്. വില കുറയട്ടെ എന്നു കരുതി ഏറ്റവും കുറഞ്ഞ ഗ്രേഡിലുള്ള സാധനം വാങ്ങിയാൽ ഈടിന്റെ കാര്യത്തിൽ ചതിവു പറ്റാം. ഗുണനിലവാരമുള്ള എംഡിഎഫിന് തടിയുടെ അടുത്തു തന്നെ ചെലവു വരും.
ചെലവു കുറഞ്ഞ രീതിയിൽ ഫർണിഷിങ് പൂർത്തിയാക്കാൻ പഴയ ഫർണിച്ചറുകൾ മാറ്റി പുതിയ മെറ്റീരിയൽ തിരഞ്ഞെടു ത്തു നോക്കൂ. അപ്പോൾ തന്നെ പ്രകടമായ മാറ്റം കാണാം. ഇങ്ങനെ കഴിയാവുന്നിടത്തോളം കാര്യങ്ങൾ പുനരുപയോഗിക്കാൻ ശ്രമിച്ചാൽ ഫർണിഷിങ്ങിലെ അധികച്ചെലവ് ഒഴിവാക്കാൻ സാധിക്കും.