ADVERTISEMENT

ഒരു വീടിനെ വീടാക്കി മാറ്റുന്നതിൽ ഫർണിച്ചറിനുള്ള സ്ഥാനം വലുതാണ്. എത്ര മനോഹരമായി പണിത വീടുകളാണെങ്കിലും വീടിന്റെ ഇന്റീരിയറിനു ചേരാത്ത ഫർണിച്ചറാണു വാങ്ങുന്നതെങ്കിൽ അതുവരെ ചെയ്ത പണി വെള്ളത്തിലായി എന്നു സാരം. ഭംഗി, കോംപാറ്റബിലിറ്റി, ഈട്, ബജറ്റ് തുടങ്ങിയ കാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഫർണിച്ചർ തിരഞ്ഞെടുക്കേണ്ടത്. തടി, ചൂരൽ, വെനീർ, മൾട്ടിവുഡ് തുടങ്ങി വിവിധതരം മെറ്റീരിയലുകൾകൊണ്ടു നിർമിച്ച ഫർണിച്ചർ വിപണിയിൽ ലഭ്യമാണ്. സാധാരണയായി വീടുപണിയുടെ മൊത്തം ചെലവിന്റെ 10 ശതമാനത്തോളമാണ് സോഫ, ഡൈനിങ് ടേബിൾ, കട്ടിലുകൾ, കസേരകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഫർണിച്ചറിനായി വിനിയോഗിക്കുക.

സൂപ്പർമാർക്കറ്റുകളിൽ ഇഷ്ടമുള്ള സാധനങ്ങളൊക്കെ വാങ്ങിക്കൂട്ടുന്നപോലെയല്ല ഫർണിച്ചർ വാങ്ങേണ്ടത്. എത്രയാണ് ബജറ്റ്, എന്തു മെറ്റീരിയലാണു വേണ്ടത്, വീടിന്റെ നിറത്തിനും ആകൃതിക്കും യോജിച്ച കസ്റ്റമൈസ്ഡ് ഫർണിച്ചർ വേണോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം. വിപണിയിൽ 4,00,000 രൂപ വില മതിക്കുന്ന സോഫാ സെറ്റുകളും ശരാശരി 15,000 രൂപയുടെ സോഫാസെറ്റുകളും ലഭ്യമാണ്. ഇതിൽ ഏതാണ് ആവശ്യമെന്നു വീട്ടുടമ തീരുമാനിക്കണം. ഇപ്പോൾ പല ഫർണിച്ചർ ഷോപ്പുകളും ഇഎംഐ സ്കീമുകളിൽ ഉൽപന്നങ്ങൾ നൽകുന്നുണ്ട്. ഇത്തരത്തിൽ വാങ്ങേണ്ടത് ആവശ്യമാണോയെന്നു നിശ്ചയിക്കണം. 

ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോൾ പലപ്പോഴും ഭംഗിക്ക് അമിത പ്രാധാന്യം നൽകുന്നതാണ് വീഴ്ചകൾക്കു കാരണം. ഫർണിച്ചർ വാങ്ങുമ്പോൾ ഈടിനു തന്നെയാണ് ആദ്യ പ്രാധാന്യം നൽകേണ്ടത്. ഗൃഹോപകരണങ്ങൾ വീട്ടുടമസ്ഥരുടെ ജീവിതശൈലിയെയും വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കും. അതിനാൽ വീട്ടിലെ താമസക്കാരുടെ കൂട്ടായ തീരുമാനത്തിലായിരിക്കണം ഓരോ ഉൽപന്നവും വാങ്ങേണ്ടത്. 

ഭംഗിക്കപ്പുറവും ചിലതുണ്ട് 

Instead of cramming rooms with too many pieces of furniture, the best bet would be to go in for multi-purpose furniture.
Instead of cramming rooms with too many pieces of furniture, the best bet would be to go in for multi-purpose furniture.

വീടിന്റെ ആകൃതിക്കും അകത്തളത്തിനും ചേരാത്ത രീതിയിലും വലുപ്പത്തിലുമുള്ള ഫർണിച്ചർ അഭംഗി തന്നെയാണ്. വീട്ടിലെ ഓരോ ഇഞ്ച് സ്ഥലവും മികച്ച രീതിയിൽ ഉപയോഗപ്രദമാക്കുന്ന തരത്തിലുള്ള ഫർണിച്ചറാണ് ആവശ്യം. കടകളിൽ ചെന്നാൽ ഇതു കൃത്യമായ സൈസിൽ ലഭ്യമാകണമെന്നില്ല. അങ്ങനെയുള്ളപ്പോഴാണ് കസ്റ്റമൈസ്ഡ് ഫർണിച്ചർ വേണ്ടി വരിക. ഇതു പ്രകാരം ഷോപ്പുടമകൾ വീട്ടിലെത്തി സ്ഥലത്തിന്റെ അളവെടുത്ത് ഫർണിച്ചർ നിർമിച്ചു നൽകുന്നു. ഇത്തരത്തിൽ ചെയ്യുമ്പോൾ ഇഷ്ടമുള്ള ആകൃതി, വർക്കുകൾ, മെറ്റീരിയൽ, കളർ എന്നിവ തിരഞ്ഞെടുക്കാൻ കഴിയും. കൃത്യമായ സ്ഥലത്ത് കൃത്യമായ വലുപ്പത്തിൽ ഒരു ഫർണിച്ചർ കിടന്നാൽ അതു ഭംഗി വർധിപ്പിക്കുകയും ചെയ്യും. സോഫകളാണ് ഇത്തരത്തിൽ കൂടുതലായും കസ്റ്റമൈസ് ചെയ്തെടുക്കുന്നത്.

വ്യക്തിഗത ആവശ്യത്തിനു വേണ്ടിയുള്ള ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോൾ വ്യക്തികളുടെ താൽപര്യം പരിഗണിക്കണം. മുറിയുടെ വലുപ്പം, സീലിങ്ങിന്റെ ഉയരം എന്നിവയ്ക്ക് ആനുപാതികമായാണ് അവ തിരഞ്ഞെടുക്കേണ്ടത്. ഗൃഹോപകരണങ്ങൾ സാധാരണഗതിയിൽ ദീർഘകാല നിക്ഷേപമാണ്.  അതിനാൽ ട്രെൻഡുകൾക്കൊപ്പം പോകുന്നതിൽ അർഥമില്ല. 

കടകളിൽ പോയി വാങ്ങുന്ന രീതി മറന്നേക്കൂ 

rented-furniture

മുൻകാലങ്ങളിൽ വീടിനടുത്തുള്ള കടകളിൽ പോയി, അവിടെയുള്ള സ്റ്റോക്കുകൾ നോക്കി, കൂട്ടത്തിൽ നല്ലതെന്നു തോന്നുന്ന ഫർണിച്ചർ തിരഞ്ഞെടുക്കുന്ന രീതിയായിരുന്നു. എന്നാൽ ഇന്ന് അതു മാറി. ആളുകൾ കൂടുതൽ കടകളിൽ പോയി വ്യത്യസ്തമായ സ്റ്റോക്കുകൾ വിലയിരുത്തുകയും ഓൺലൈനിൽ സമാനമായ ഉൽപന്നത്തിന്റെ വില താരതമ്യം ചെയ്യുകയും ചെയ്യുന്നു. ഓൺലൈനിലൂടെ ഫർണിച്ചർ വാങ്ങാനും ഉപഭോക്താക്കൾ തയാറാണ്. നിലവിൽ കട്ടിൽ, വാഡ്രോബ്, കാബിനറ്റുകൾ പോലുള്ളവയെല്ലാം കസ്റ്റംമെയ്‍ഡായി നിർമിച്ചെടുക്കുകയാണു ചെയ്യുന്നത്. മാത്രമല്ല, കൈവശമുള്ള പഴയ ഫർണിച്ചർ റീഡിസൈൻ ചെയ്യുന്നവരും ഉപയോഗിച്ച ഫർണിച്ചർ വിൽക്കുന്നിടത്തുനിന്നു വാങ്ങുന്നവരുമുണ്ട്. കസ്റ്റമൈസ് ചെയ്‌തെടുക്കുന്ന ഫർണിച്ചറാണ് ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരം.

ആരു പറഞ്ഞു തടി തന്നെ വേണമെന്ന്?

multipurpose-furniture

ഫർണിച്ചർ എന്നു കേട്ടാൽ ഈട്ടിയും തേക്കുമൊക്കെയാണ് ഒരു കാലത്ത് മനസ്സിലേക്കു വന്നിരുന്നത്. നല്ല കാതലുള്ള ഇത്തരം മരങ്ങളിൽ നിർമിക്കുന്ന ഫർണിച്ചറുകൾ ദീർഘകാലം നിലനിൽക്കും എന്ന വിശ്വാസമാണ് ഇതിനു കാരണം. എന്നാൽ ഇപ്പോൾ തടിയുടെ നോൺ നാച്ചുറൽ വുഡുകൾ കയ്യടക്കി. എംഡിഎഫ്, പ്ലൈവുഡ് പോലുള്ള മെറ്റീരിയലുകൾകൊണ്ടുള്ള അലമാരകൾ, മേശകൾ, കസേരകൾ എന്നിവ ഇന്നു സർവസാധാരണമാണ്. എംഡിഎഫ്, ലാമിനേറ്റഡ് പ്ലൈ, മറൈൻ പ്ലൈ, വെനീർ തുടങ്ങിയ മെറ്റീരിയലുകൾ കൊണ്ട് ഇന്ന് ഒട്ടേറെ ഉൽപന്നങ്ങൾ നിർമിക്കപ്പെടുന്നു. കാബിനറ്റുകൾ, വോൾ പാനലിങ്, വാഡ്രോബ്, ഷെൽഫ്, ഫർണിച്ചർ എന്നിവയുടെയെല്ലാം നിർമാണത്തിന് പ്ലൈവുഡാണ് ഇന്നു വ്യാപകമായി ഉപയോഗിക്കുന്നത്. മികച്ച രീതിയിൽ സംരക്ഷിക്കുമെങ്കിൽ ദീർഘകാലം നിലനിൽക്കുന്നവയാണ് ഇവ. സോഫ്റ്റ് വുഡ്, ഹാർഡ് വുഡ്, െഡക്കറേറ്റീവ്, ട്രോപ്പിക്കൽ, മറൈൻ എന്നിങ്ങനെ അഞ്ചു തരം പ്ലൈവുഡുകളുണ്ട്. ബലം, ഈട്, വില എന്നിവയുടെ അടിസ്ഥാനത്തിൽ വേണം ഏതു പ്ലൈവുഡാണ് വേണ്ടതെന്നു തീരുമാനിക്കാൻ.

പ്ലൈവുഡിനെ ചെറുതാക്കേണ്ട!

പ്ലൈവുഡ് എന്നു കേൾക്കുമ്പോൾ ഒരു കാലത്ത് ആളുകൾ മുഖം തിരിച്ചിരുന്നു. എന്നാൽ ഈ പ്ലൈവുഡ് അത്ര നിസ്സാരക്കാരനല്ല. പൈൻ, ഫിർ മരങ്ങളിൽനിന്ന് ഉണ്ടാക്കിയെടുക്കുന്നവയാണ് സോഫ്റ്റ് വുഡ് പ്ലൈ, തേക്ക്, റോസ് വുഡ്, ഓക്ക്, മഹാഗണി, മേപ്പിൾ മരങ്ങൾ ഉപയോഗിച്ച് ഡെക്കറേറ്റീവ് ജോലികൾക്കു വേണ്ടി പ്രത്യേകം നിർമിച്ചെടുക്കുന്നവയാണ് ഡെക്കറേറ്റീവ് പ്ലൈ. ഇവ ഈർപ്പത്തെ മികച്ച രീതിയിൽ ചെറുക്കും. അതിനാൽ അടുക്കള, ബാത്റൂമുകൾ എന്നിവയ്ക്ക് ഉചിതമാണ്. തടിയുടെ പൾപ്പിൽനിന്നു നിർമിക്കുന്ന പ്ലൈവുഡിന് തടിയുടെ അത്ര ഗുണമേന്മ അവകാശപ്പെടാനില്ല എങ്കിലും താരതമ്യേന മികച്ച ഈടാണുള്ളത്. 

ഓൺലൈനിൽ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഓർക്കുക

furniture-online

ഓൺലൈനിൽ വാങ്ങുമ്പോൾ ഒരൽപം കരുതൽ കാണിച്ചില്ലെങ്കിൽ അബദ്ധം പറ്റാനുള്ള സാധ്യത കൂടുതലാണ്. സോഫയോ ബെഡ്ഡോ ഓൺലൈനിൽ വാങ്ങാൻ തീരുമാനിക്കും മുൻപ് അവ വയ്ക്കേണ്ട സ്ഥലത്തെക്കുറിച്ചു നന്നായി മനസ്സിലാക്കിയിരിക്കണം. ഫർണിച്ചറിന്റെ  സൈസ് ഉറപ്പുവരുത്തണം. വീട്ടിലെത്തിക്കുന്നതിന്റെ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ നേരിട്ടു വാങ്ങുന്നതാണോ ഉത്തമം എന്നു പരിശോധിക്കണം. ഓൺലൈൻ റീടെയ്‌ലറെക്കുറിച്ച് നന്നായി പഠിക്കണം. ഏതെങ്കിലും കാരണവശാൽ ഉൽപന്നം മടക്കി നൽകേണ്ടി വന്നാൽ അതു തിരിച്ചെടുക്കാൻ സാധ്യതയുള്ള സെല്ലറാണോ എന്നും പരിശോധിക്കണം.

English Summary- Furniture Buying for House- Cost Saving Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com