ചിരട്ട ഉപയോഗിച്ച് സൂപ്പർ അടുക്കള ഉപകരണങ്ങൾ; സംരംഭം ഹിറ്റാക്കി യുവതി
Mail This Article
തേങ്ങ ചേർത്ത ഒരു വിഭവം എങ്കിലുമില്ലാത്ത ഒരു ദിവസവും മലയാളിക്ക് ഉണ്ടാകില്ല. എന്നാൽ ഇന്നുവരെ കറികളിലും പലഹാരങ്ങളിലുമൊക്കെ മാത്രം ഇടംനേടിയ തേങ്ങ ഇപ്പോൾ അടുക്കളയാകെ അടക്കി ഭരിക്കാൻ തുടങ്ങിയിരിക്കുകയാണ്. വിഭവങ്ങളായും ചായക്കപ്പായും എന്തിനേറെ മെഴുകുതിരിയായി വരെ തേങ്ങ നമുക്ക് മുന്നിൽ എത്തും. സംഭവം എന്തെന്നല്ലേ ? തൃശ്ശൂർ സ്വദേശിനിയായ മരിയ കുര്യാക്കോസ് ആരംഭിച്ച സംരംഭത്തിന്റെ പേരാണ് തേങ്ങ. ചിരട്ട ഉപയോഗിച്ച് വൈവിധ്യമേറിയ അടുക്കള ഉപകരണങ്ങൾ നിർമ്മിച്ച് വിപണനം ചെയ്യുകയാണ് മരിയ.
സ്വന്തമായി ബിസിനസ് ആരംഭിക്കണം എന്ന ആഗ്രഹം പഠനകാലം മുതൽ മരിയയ്ക്കൊപ്പം കൂടിയതാണ്. എന്നാൽ വ്യത്യസ്തമായ പദ്ധതികളൊന്നും മനസ്സിൽ തെളിഞ്ഞതുമില്ല. ഒടുവിൽ 'തേങ്ങ'യിലേക്ക് എത്തിച്ചേരാൻ പഠനത്തിനുശേഷം ഏതാനും വർഷങ്ങൾ വേണ്ടി വന്നു. തൃശ്ശൂരിൽ ഒരു വെളിച്ചെണ്ണ മില്ലിൽ സന്ദർശനം നടത്തിയതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായത് എന്ന മരിയ പറയുന്നു.
എല്ലാ ഭാഗങ്ങളും ഉപയോഗിക്കാവുന്ന വിള എന്നതാണ് തേങ്ങയുടെ പ്രത്യേകത. എന്നാൽ കൂടുതൽ ആളുകളും ചിരട്ടകൾ ഉപേക്ഷിക്കുകയാണ് പതിവ്. മുൻകാലങ്ങളിൽ ചിരട്ട തവികളും മറ്റും ഉപയോഗത്തിലുണ്ടായിരുന്നു എന്ന അറിവുവച്ച് അവയെക്കുറിച്ച് കൂടുതൽ കൂടുതൽ പഠനം നടത്തി. അങ്ങനെയാണ് ചിരട്ട ഉപയോഗിച്ചുള്ള അടുക്കള ഉപകരണങ്ങൾ നിർമ്മിക്കുന്നതിന്റെ സാധ്യത മനസ്സിലാക്കിയത്.
തന്റെ ബ്രാൻഡിന് 'തേങ്ങ' എന്നതിനേക്കാൾ യോജിച്ച മറ്റൊരു പേരില്ല എന്ന് മരിയ പറയുന്നു. ചിരട്ട മിനുസപ്പെടുത്തിയെടുക്കാനുള്ള ഉപകരണം നിർമ്മിച്ചു നൽകിയത് അച്ഛൻ തന്നെയാണ്. തവികൾ, കട്ലറികൾ, ബൗളുകൾ, ചായ കപ്പുകൾ, കാൻഡിൽ ഹോൾഡറുകൾ, ഹാങ്ങിങ് പ്ലാന്ററുകൾ എന്നിങ്ങനെ ചിരട്ടകൊണ്ട് വൈവിധ്യമാർന്ന വസ്തുക്കളാണ് മരിയ വിപണിയിലെത്തിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നായി ചിരട്ടകൊണ്ട് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന വിദഗ്ധരെയും മരിയ ഒപ്പം കൂട്ടിയിട്ടുണ്ട്. ഇതിനോടകം എണ്ണായിരത്തിൽപ്പരം ഉൽപന്നങ്ങൾ വിറ്റഴിക്കുകയും ചെയ്തു. ചിരട്ട മിനുസപ്പെടുത്തിയെടുക്കാനോ മോടി പിടിപ്പിക്കുന്നതിനോ വേണ്ടി നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിലും രാസപദാർത്ഥങ്ങൾ ഉപയോഗിക്കാറില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് ഉൽപന്നങ്ങളുടെ വിൽപന. ഏതാനും മാസങ്ങൾക്കുള്ളിൽ 'തേങ്ങ' കടൽ കടത്താനും മരിയയ്ക്ക് പദ്ധതിയുണ്ട്. ആമസോണിലൂടെ ജർമൻ വിപണിയിൽ ഉൽപന്നങ്ങൾ എത്തിക്കാനാണ് ലക്ഷ്യം.
English Summary- Kitchen Utensils Using Coconut; Home Decor Startup