എന്നും ഒാഫിസിൽ താമസിച്ചാണോ എത്തുന്നത്? കുഴപ്പം നിങ്ങളുടേതല്ല
Mail This Article
ഓഫീസിലേക്ക് കയ്യിൽ കിട്ടുന്നതണിഞ്ഞ് പോകുന്ന ആളാണോ നിങ്ങൾ? കുഴപ്പം നിങ്ങളുടേതല്ല, നിങ്ങളുടെ വാഡ്രോബിന്റേതാണ്. അടുക്കും ചിട്ടയുമുളള ഒരു വാഡ്രോബ് ജീവിതംതന്നെ മാറ്റിമറിക്കുമെന്നതിന് അനുഭവങ്ങൾ തെളിവ്. എത്ര അടുക്കിയാലും വീണ്ടും പഴയപടി എന്ന പരാതി ഇനി വേണ്ട. ബെഡ്‍റൂമുകളുടെ അവിഭാജ്യ ഘടകമായ വാഡ്രോബുകൾ ഇന്ന് സൗകര്യം കൊണ്ടും ഭംഗികൊണ്ടും ആരെയും അദ്ഭുതപ്പെടുത്തും.
വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, ചെരിപ്പ് എന്നു വേണ്ട ബാഗ് മുതൽ കമ്മൽ വരെ ന്യൂജെൻ വാഡ്രോബിൽ ഇരിപ്പിടം നേടിക്കഴിഞ്ഞു. ബെഡ്‍റൂമിനും ടോയ്‍ലറ്റിനും ഇടയിൽ ഡ്രസിങ് ഏരിയ നൽകി അവിടെ വാഡ്രോബുകൾ കൊടുക്കുന്നതാണ് നല്ലത്. കാരണം, തുണികൾ വലിച്ചുവാരി കട്ടിലിൽ ഇടാതിരിക്കാനും അധികം വലുപ്പമില്ലാത്ത കിടപ്പുമുറികളിൽ സ്ഥലം ലാഭിക്കാനും ഇതുപകരിക്കും. ഡ്രസിങ് ഏരിയയ്ക്ക് സ്ലൈഡിങ് ഡോറുകൾ കൊടുക്കുന്നതാണ് നല്ലത്.
35 ചതുരശ്രയടി വിസ്തീർണമുണ്ടെങ്കിൽ ആറ് കതകുകളുളള വാഡ്രോബ് (Wardrobe) തയാറാക്കാം. ഷട്ടറുകൾ തുറക്കാൻ ഒന്നരയടി ദൂരം വിടണം. ഏറ്റവും കുറഞ്ഞ ചെലവിൽ വാഡ്രോബ് പണിയാൻ നല്ലത് ഫെറോസിമന്റ് ആണ്. ഇതിൽ അലുമിനിയം ഷട്ടറുകൾ നൽകാം. എംഡിഎഫ്, എച്ച്ഡിഎഫ്, പ്ലൈ എന്നിവയാണ് വാഡ്രോബ് പണിയാൻ ഏറ്റവുമധികം ഉപയോഗിക്കുന്നത്. ഫ്രോസ്റ്റഡ് ഗ്ലാസ്, അക്രിലിക് എന്നിവകൊണ്ടുളള സ്ലൈഡിങ് ഡോറുകളും ട്രെൻഡ് ആണ്. വിജാഗിരിയുടെയും ഹാർഡ്‍വെയറിന്റെയും ഗുണനിലവാരം ശ്രദ്ധിക്കണം അല്ലെങ്കിൽ പെട്ടെന്ന് കേടാകാം.
വലിയ തട്ടുകൾ നൽകുന്നതിനു പകരം ചെറിയ ഡ്രോയറുകളാണ് സൗകര്യപ്രദം. വലുപ്പവും ആഴവും ഉളള തട്ടുകൾ ഉപയോഗിക്കുമ്പോൾ വസ്ത്രങ്ങൾ പിന്നിലേക്കു മറിഞ്ഞ് കണ്ണിൽപെടാതെ കിടന്നുപോകാം. ഒരു ഹാങ്ങറിന്റെ അളവിൽ മാത്രം വീതിയുണ്ടായാൽ മതി തട്ടുകൾക്ക്. ഉപയോഗിക്കുന്നവരുടെ ജീവിതരീതിയനുസരിച്ച ് ഇതിൽ മാറ്റങ്ങളാകാം.
വാഡ്രോബിൽ സാരി, പാന്റ്സ്, ടൈ, ടവൽ എന്നിവയൊക്കെ സൂക്ഷിക്കാൻ പ്രത്യേകം ഫിറ്റിങ്ങ്സുകൾ ലഭ്യമാണ്. അതുകൊണ്ട് അടുക്കിവച്ചിരിക്കുന്ന വസ്ത്രങ്ങളിലൊന്ന് വലിച്ചെടുക്കുമ്പോൾ അവയെല്ലാം കൂടി ചീട്ടുകൊട്ടാരം പോലെ തകിടം മറിയുന്ന അവസ്ഥയോടു ഗുഡ് ബൈ പറയാം. സാരി/ഷർട്ട് ഹോൾഡർ പുറത്തേക്കു വലിച്ചെറിഞ്ഞ് ആവശ്യമുളള വസ്ത്രം മാത്രം എടുക്കാം. ചെരിപ്പ് കൈകൊണ്ട് എടുക്കുകപോലും വേണ്ട. കാലുകൊണ്ട് തട്ടിയാൽ ചെരിപ്പ് സൂക്ഷിച്ചിരിക്കുന്ന വലിപ്പുകൾ തുറന്നുവരും. സൗന്ദര്യവർധക വസ്തുക്കളും ആഭരണങ്ങളും സൂക്ഷിക്കാൻ ചെറിയ അറകളുളള ഡ്രോയർ പണിയിക്കാം. ഓരോരോ വിഭാഗങ്ങളായി ഒരോ അറകളിൽ ക്രമീകരിച്ചാൽ കണ്ടുപിടിക്കാൻ എളുപ്പമായിരിക്കും.
ഒരിക്കൽ ഉപയോഗിച്ചതിനുശേഷം വീണ്ടും ഉപയോഗിക്കാനുളള വസ്ത്രങ്ങൾ തൂക്കിയിടാനുളള സൗകര്യം വാഡ്രോബിൽ നൽകണം. ഇതിനുപയോഗിക്കുന്ന കളളിയുടെ ഷട്ടറുകൾക്ക് ലൂവർ ഡിസൈൻ നൽകിയാൽ വായുസഞ്ചാരം ലഭിക്കുന്നതുകൊണ്ട് ദുർഗന്ധം ഉണ്ടാവുകയില്ല. മുഷിഞ്ഞ തുണികൾ സൂക്ഷിക്കാൻ ചക്രമുളള വലിച്ചുകൊണ്ടു പോകാൻ സാധിക്കുന്ന സ്റ്റീൽ, പ്ലാസ്റ്റിക് ബാസ്കറ്റുകൾ നൽകിയാൽ വാഷിങ്മെഷീന്റെ അടുത്തേക്ക് അവ വാരിക്കൊണ്ടുപോകുന്നത് ഒഴിവാക്കാം. ചെരിപ്പുകൾ സൂക്ഷിക്കുന്ന ഡ്രോയറിന്റെ ഷട്ടറിന്റെ ലൂവർ ഡിസൈനോ സുഷിരങ്ങളുളള ഡിസൈനോ നൽകാം.
ഉപയോഗിക്കുന്ന ആളുകളുടെ രീതിയനുസരിച്ചുവേണം വാഡ്രോബിന്റെ ഡിസൈൻ. ചിലർ ദിവസവും തേച്ചുമടക്കി വയ്ക്കുന്നവരാകാം, ചിലർ ആഴ്ചയിലൊരിക്കൽ തേച്ചുമടക്കി വയ്ക്കുന്നവരാകാം. അതുപോലെ, ഏതുതരം വസ്ത്രം ഇഷ്ടപ്പെടുന്നവരാണെന്നതും സൗന്ദര്യവർധകവസ്തുക്കളുടെയും ആഭരണങ്ങളുടെയുമെല്ലാം ഉപയോഗരീതിയും വാഡ്രോബ് ഡിസൈനെ സ്വാധീനിക്കേണ്ടതാണ്.
കബോർഡുകൾ അടുക്കിവയ്ക്കുന്നതും ഒരു കലയാണ്. വസ്ത്രങ്ങൾ അടുക്കുമ്പോൾ ഭാര്യയുടെ, ഭർത്താവിന്റെ, കുട്ടികളുടെ എന്നിങ്ങനെ തരംതിരിച്ച് വയ്ക്കുക. കാഷ്വൽവെയറിനും പാർട്ടിവെയറിനും പ്രത്യേകം സ്ഥാനം നൽകുക. കണ്ടെടുക്കാൻ വിഷമമുളളവയാണ് ടൈ, സോക്സ്, സ്റ്റോളുകൾ എന്നിവ. സ്റ്റോളുകളും ടൈയും വാഡ്രോബിലെ റോഡിൽ ക്ലിപ് ചെയ്തിടാം സോക്സുകൾ ഒന്നിനുളളിൽ ഒന്ന് തിരുകിവച്ചാൽ ജോടി മാറിപ്പോകില്ല.
കുട്ടികളുടെ വസ്ത്രങ്ങൾ രണ്ടാഴ്ച കൂടുമ്പോൾ സ്ഥാനം മാറ്റി അടുക്കണം. പെട്ടെന്നു കണ്ണിൽപ്പെടുന്ന ഒന്നോ രണ്ടോ ഉടുപ്പുകൾ വലിച്ചെടുത്ത് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് കുട്ടികളുടെ ശീലമാണ്. കുട്ടികളുടെ വാഡ്രോബിന്റെ ഒരു ഭാഗം കളിപ്പാട്ടങ്ങൾ സൂക്ഷിക്കാൻ നീക്കിവയ്ക്കാം.
ബജറ്റ് വീടുകളുടെ വിഡിയോ കാണാം
Content Summary : Learn how to organise your wardrobe