കരിപിടിച്ച പാത്രങ്ങൾ, സ്റ്റൗ, കുക്കർ; വൃത്തിയാക്കാൻ എളുപ്പവഴികളുണ്ട്
Mail This Article
അടുക്കളയിലെ ഏറ്റവും ബോറൻ പണി ഏതാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം വീട്ടമ്മമാരും പറയും, കറയും കരിയും പിടിച്ച പാത്രങ്ങളും സ്റ്റൗവുമൊക്കെ വൃത്തിയാക്കുന്നതാണെന്ന്.. പാത്രങ്ങള്‍ക്കടിയില്‍ കരി പിടിച്ചാല്‍ പിന്നെ അത് തേച്ചുരച്ച് കളയുന്നത് വലിയൊരു തലവേദനയാണ്. ഇങ്ങനെ ശക്തിയായി ഉരയ്ക്കുമ്പോള്‍ പാത്രങ്ങളില്‍ പോറല്‍ വീഴാനും സാധ്യതയുണ്ട് . എന്നാല്‍ ഇത്രയൊന്നും മിനക്കെടാതെ തന്നെ കരി പിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാന്‍ എളുപ്പവഴികളുണ്ട്.
പണ്ടുകാലത്ത് പാത്രങ്ങള്‍ മുറ്റത്ത് കൊണ്ടിട്ടു ചാരവും ചകിരിയും കൊണ്ടായിരുന്നു വീട്ടമ്മമാര്‍ പാത്രങ്ങള്‍ കഴുകിയിരുന്നത്. എന്നാല്‍ ഇന്ന് അവയുടെ സ്ഥാനം ഡിഷ് വാഷ് ബാറുകളും ലിക്വിഡ് സോപ്പുകളും കൈയ്യടക്കി. പാകം ചെയ്യുമ്പോള്‍ മീഡിയം ഫ്ലെയിമില്‍ വച്ച് പാകം ചെയ്യുക എന്നതാണ് ആദ്യമായി പാത്രങ്ങള്‍ കരി പിടിക്കാതെ നോക്കാന്‍ ശ്രദ്ധിക്കേണ്ടത്. ഫ്ലെയിം കൂട്ടി വെച്ച് പാകം ചെയ്‌താല്‍ ഒരു നിമിഷത്തെ ശ്രദ്ധകുറവ് മതി കരിപിടിക്കാന്‍.
കരി പിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വിനാഗിരി നല്ലതാണ്. വിനാഗിരി ഒഴിച്ച് വച്ചശേഷം പാത്രങ്ങള്‍ വൃത്തിയാക്കിയാല്‍ കരി പോയികിട്ടും. പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് ഒരു കപ്പ് വിനാഗിരി ചേര്‍ത്ത് അടുപ്പില്‍ വച്ച് തിളപ്പിക്കണം. വിനാഗിരിയും വെള്ളവും തിളച്ച് തുടങ്ങുമ്പോള്‍ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറ ഇളകിമാറുന്നതായി കാണാം. ഇപ്രകാരം സ്റ്റൗവിലെ കറകളും കളയാൻ സാധിക്കും.
നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ തീ ഏറ്റവും കുറച്ചു വച്ച് വേണം പാകം ചെയ്യാന്‍. നിശ്ചിതമായ പരിധിക്കപ്പുറം ഇവക്ക് ചൂടേറ്റാൽ ഇത്തരം പാത്രങ്ങൾ നശിക്കുമെന്ന് മാത്രമല്ല, ഇവയിലെ കോട്ടിങ് ഇളകി പോയാല്‍ വിഷാശം ആയി മാറുകയും ചെയ്യും. നോണ്‍സ്റ്റിക്ക് പാത്രങ്ങളിലെ കോട്ടിങ് പോയ ശേഷവും ഒരിക്കലും അത് ഉപയോഗിക്കരുത്. ഹൈ കൊളസ്ട്രോൾ, ഹൈപ്പോ തൈറോയ്ഡിസം എന്നിവയ്ക്ക് ഇത്തരം പാത്രങ്ങളിലെ പാചകം കാരണമാകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
അതുപോലെ പ്രഷര്‍ കുക്കറിന്റെ ഉള്ളിലെ കറ കളയാന്‍ കുറച്ചു പുളി കലക്കിയ വെള്ളം ഒഴിച്ച് തിളപ്പിച്ചാല്‍ മതി. ചായപാത്രങ്ങളിലെ കരി കളയാന്‍ പറ്റിയ ഒരു വിദ്യയുമുണ്ട്. ഉമിക്കരിയും ഉപ്പുവെള്ളവും ചേര്‍ത്ത് തേച്ചാല്‍ സ്റ്റീല്‍ പാത്രങ്ങളിലെ ചായക്കറ അപ്രത്യക്ഷമാകും. ഇനി സവാള കൊണ്ട് പാത്രങ്ങള്‍ വൃത്തിയാക്കുന്ന ഒരു വിദ്യയുമുണ്ട്. സ്റ്റീല്‍ പാത്രത്തിനടിയില്‍ ഭക്ഷണ സാധനങ്ങള്‍ കരിഞ്ഞു പിടിച്ച പാടുകള്‍ മാറുന്നതിനു പാത്രത്തില്‍ വെള്ളമൊഴിച്ച് സവാള അതിലിട്ട് തിളപ്പിച്ചാല്‍ മതി. കുതിച്ചു കയറുന്ന സവാള വിലയില്‍ ഈ വിദ്യ ഇപ്പോള്‍ അത്ര ക്ലിക്ക് ആകില്ലെന്ന് മാത്രം.
English Summary- Remove Stain from Stove, stainless steel Vessels; Home Cleaning Tips