ADVERTISEMENT

എല്ലാ ദിവസവും ഏറ്റവും കുറഞ്ഞത് 7- 8 മണിക്കൂർ സമയം ഓരോരുത്തരും സ്വന്തം മെത്തയിൽ ചിലവഴിക്കാറുണ്ട്. സുഖകരമായ ഉറക്കം ആരോഗ്യത്തിന് ഏറെ പ്രധാനവുമാണ്. ചിലപ്പോഴെങ്കിലും ശരിയായ ഉറക്കം കിട്ടുന്നില്ല എന്ന് പരാതിപ്പെടാത്തവർ ഉണ്ടാവില്ല. ഇത് ആരോഗ്യപ്രശ്നങ്ങൾ കൊണ്ടുതന്നെ ആവണമെന്നില്ല. കിടക്കുന്ന മെത്ത ശരിയായ വിധത്തിലല്ല ഉപയോഗിക്കുന്നത് എങ്കിൽ അത് ഉറക്കത്തിന് തടസ്സം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. മെത്ത ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ നോക്കാം.

 

മെത്ത വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്

എല്ലാ മുറികളിലേക്കും ഒരേതരം മെത്ത വാങ്ങാതെ അവയിൽ കിടക്കുന്ന ആളുകളുടെ വ്യക്തിഗത പ്രത്യേകതകൾ മനസ്സിലാക്കി അതിന് യോജിച്ച മെത്തകൾ തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് ശരീരഭാരം ഏറെയുള്ളവർക്ക് അധിക മാർദ്ദവമുള്ള മെത്തകൾ അനുയോജ്യമായെന്നു വരില്ല. അതേസമയം പ്രായമായ വ്യക്തികളാണെങ്കിൽ അവർക്ക് മൃദുവായ മെത്തകളാണ് ഉചിതം. ശരീരത്തിന് കൃത്യമായി താങ്ങു നൽകുന്ന മെത്തകൾ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

 

യഥാസമയം മറിച്ചിടണം

മെത്ത വാങ്ങി കട്ടിലിൽ ഇട്ടുകഴിഞ്ഞാൽ കാലങ്ങളോളം മാറ്റമില്ലാതെ മെത്ത അതേ നിലയിൽ തുടരുകയാണ് പല വീടുകളിലെയും പതിവ്. മെത്ത ഉപയോഗത്തിൽ പലരും വരുത്തുന്ന ഒരു വീഴ്ചയാണിത്. ചുരുങ്ങിയത് മൂന്നുമാസത്തിൽ ഒരിക്കലെങ്കിലും മെത്ത മറിച്ചിട്ട് മറുപുറം ഉപയോഗിക്കേണ്ടതാണ്. അത്തരത്തിലുള്ള മെത്തകൾ തന്നെ തിരഞ്ഞെടുക്കുകയും വേണം. പതിവായി കിടക്കുന്ന ഭാഗത്ത് കുഴിവുകൾ ഉണ്ടായി സുഖകരമായ ഉറക്കം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.  

 

മെത്ത കവർ ഉപയോഗിക്കാം

പൊടിപടലങ്ങളും ചർമ്മ കോശങ്ങളും വിയർപ്പുമെല്ലാം മെത്തയിൽ അടിഞ്ഞുകൂടുന്നത് സാധാരണമാണ്. പക്ഷേ പലപ്പോഴും ഇതൊന്നും കണ്ണിൽപ്പെട്ടെന്നു വരില്ല. എന്നാൽ ഈ അശ്രദ്ധമൂലം മെത്തയിൽ ബാക്ടീരിയകളുടെ സാന്നിദ്ധ്യം വർധിക്കാനുള്ള സാധ്യത ഏറെയാണ്. മെത്തയിലെ തുണി വേഗത്തിൽ ചീത്തയാകുന്നതിനു പുറമേ അതിൽ കിടക്കുന്നവർക്ക് അലർജിയോ മറ്റ് അസുഖങ്ങളോ ഉണ്ടായെന്നും വരാം. അതിനാൽ കൃത്യമായ അളവിലുള്ള ഒരു മെത്ത കവർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത് സമയാസമയങ്ങളിൽ കഴുകി വൃത്തിയാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

 

കുട്ടികളുള്ളവർ ശ്രദ്ധിക്കേണ്ടത്

മെത്തകൾ കണ്ടാൽ കുട്ടികൾ അതിൽ കയറി ചാടുന്നത് പതിവ് കാഴ്ചയാണ്. കുട്ടികളുടെ കുസൃതി എന്ന് കരുതി അത് ആസ്വദിക്കുന്നവരാവും അധികവും. എന്നാൽ ഇത് മെത്തകൾക്ക് വേഗത്തിൽ കേടുപാടുകൾ ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കു. കുട്ടികൾ ചാടുമ്പോൾ പുറത്തെ തുണിയിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായതായി തോന്നില്ലെങ്കിലും മെത്തയ്ക്കുള്ളിലെ സ്പ്രിങ്ങുകൾക്കും ഫ്രെയിമിനുമെല്ലാം കാലപ്പഴക്കം ഇല്ലാതെ തന്നെ സാരമായ കേടുപാടുകൾ ഉണ്ടാകും.

 

നിർമ്മാതാക്കളുടെ നിർദ്ദേശം കൃത്യമായി പാലിക്കുക

മെത്തകൾ വാങ്ങുമ്പോൾ അതിനൊപ്പം അവ എങ്ങനെ പരിപാലിക്കണം എന്നത് സംബന്ധിച്ച് നിർദ്ദേശങ്ങളും ഉണ്ടാവും. എന്നാൽ പലരും അത് വായിക്കുകപോലും ചെയ്യാതെ ഒഴിവാക്കുകയാണ് പതിവ്.  ഓരോ മെത്തയുടെയും നിർമ്മാണവും പരിചരിക്കേണ്ട രീതിയും വ്യത്യസ്തമാണ്. അതിനാൽ നിർമാതാക്കളുടെ നിർദ്ദേശങ്ങൾ കൃത്യമായി മനസ്സിലാക്കി അത് പാലിക്കാൻ ശ്രദ്ധിക്കുക.

ഇതിനെല്ലാം പുറമേ വീട് മാറുന്ന സമയത്ത് മെത്തകൾ മടക്കി എടുക്കുന്നതും വളർത്തുമൃഗങ്ങളെ യഥേഷ്ടം മെത്തയിൽ വിഹരിക്കാൻ അനുവദിക്കുന്നതും എല്ലാം അവയ്ക്ക് കേടുപാടുകൾ ഉണ്ടാക്കുന്ന കാര്യങ്ങളാണ്. നമ്മുടെ ആരോഗ്യവുമായി ഏറ്റവുമധികം ബന്ധപ്പെട്ട് കിടക്കുന്ന മെത്തകൾ കൃത്യമായി പരിചരിച്ചാൽ അവ ഏറെക്കാലം ഈടു നിൽക്കുകയും സ്വസ്ഥമായ ഉറക്കം ഉറപ്പാക്കാനാവുകയും ചെയ്യും.

English Summary- Mattress Buying Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com