ADVERTISEMENT

ഫർണിച്ചറിന് നാച്വറൽ വുഡ് തന്നെ ഉപയോഗിക്കണമെന്നില്ല. എംഡിഎഫ്, പ്ലൈവുഡ് പോലുളള മെറ്റീരിയലുകൾ ഉപയോഗിക്കാം. ഇൻബിൽറ്റ് ഫർണിച്ചറുകൾ ഫെറോസിമെന്റിൽ തീർക്കുന്ന രീതിയും ഇപ്പോഴുണ്ട്. ഇന്ന്, എംഡിഎഫ്, ലാമിനേറ്റഡ് പ്ലൈ, മറൈൻ പ്ലൈ, വെനീർ തുടങ്ങിയ മെറ്റീരിയലുകൾക്ക് ജനപ്രീതി ഏറെയാണ്. ഇവയിൽ പ്രധാനം പ്ലൈവുഡ് തന്നെ. ക്യാബിനറ്റുകൾ, വോൾ പാനലിങ്, വാഡ്രോബ്, ഷെൽഫ്, ഫർണിച്ചർ എന്നിവയുടെയെല്ലാം നിർമാണത്തിന് പ്ലൈവുഡ് ഉപയോഗിക്കുന്നുണ്ട്

സോഫ്റ്റ് വുഡ്, ഹാർഡ് വുഡ്, െഡക്കറേറ്റീവ്, ട്രോപ്പിക്കൽ, മറൈൻ എന്നിങ്ങനെ അഞ്ചു തരം പ്ലൈവുഡുകൾ ഉണ്ട്. പൈൻ, ഫിർ മരങ്ങളിൽ നിന്ന് ഉണ്ടാക്കിയെടുക്കുന്നവയാണ് സോഫ്റ്റ് വുഡ് പ്ലൈ. ഉറപ്പും ബലവുമാണ് ഹാർഡ് വുഡിന്റെ സവിശേഷത. ട്രോപ്പിക്കൽ വനങ്ങളിലെ തടികൾകൊണ്ടാണ് ട്രോപ്പിക്കൽ പ്ലൈ ഉണ്ടാക്കുന്നത്. തേക്ക്, റോസ് വുഡ്, ഓക്ക്, മഹാഗണി, മേപ്പിൾ മരങ്ങൾ ഉപയോഗിച്ച് ഡെക്കറേറ്റീവ് ജോലികൾക്കു വേണ്ടി പ്രത്യേകം നിർമിച്ചെടുക്കുന്നവയാണ് ഡെക്കറേറ്റീവ് പ്ലൈ. ഈർപ്പത്തെ ചെറുക്കും എന്നതാണ് മറൈൻ പ്ലൈയുടെ പ്രത്യേകത. ഫംഗസിനെ ശക്തമായി പ്രതിരോധിക്കുന്ന ഇവ കിച്ചൻ ക്യാബിനറ്റുകൾ, കബോർഡുകൾ, വാഡ്രോബുകൾ എന്നിവയുടെ ഉപയോഗത്തിന് മികച്ചതാണ്. നാല് എം എം മുതൽ 10 എം എം വരെ കനത്തിൽ പ്ലൈവുഡുകൾ ലഭിക്കും. തടിയുടെ പൾപ്പിൽ നിന്നുനിർമിക്കുന്ന പ്ലൈവുഡിന് തടിയുടെ അത്ര ഗുണമേന്മ അവകാശപ്പെടാനില്ല. എന്നാൽ ചെലവും ചുരുങ്ങിയതും പുനരുപയോഗിക്കാൻ കഴിയുന്നവയുമാണ്.

വെനീറും മൾട്ടി വുഡും

തടിയുടെ തീരെ കനം കുറഞ്ഞ ഭാഗങ്ങളാണ് വെനീർ. അലങ്കാരത്തിനാണ് വെനീർ കൂടുതലും ഉപയോഗിക്കുന്നത്. പ്ലൈവുഡിൽ നിർമിച്ച ഫർണിച്ചറുകൾ, ടീപോയി, വാതിലു കൾ എന്നിവയ്ക്കെല്ലാം തടിയുടെ പ്രതീതി നൽകാൻ വെനീറിനു കഴിയും. മൂന്ന്, നാല് എംഎം കനത്തിലാണ് സാധാരണ വെനീർ ലഭിക്കുക. 8X4 വലുപ്പത്തിലുള്ള ഷീറ്റുകളായാണ് ഇവ ലഭിക്കുന്നത്. ടീക്ക്, വെങ്കൈ എന്നിങ്ങനെ എല്ലാ തടിയുടെയും വെനീർ ലഭ്യമാണ്.

തടിയുടെ പ്രതീതി മാത്രമല്ല, തടിയുടെ ഒട്ടേറെ ഗുണങ്ങളുമുണ്ട് മൾട്ടിവുഡിന്. വെള്ളം, കറ, കെമിക്കലുകൾ, ആസിഡ് എന്നിവയെല്ലാം പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് മൾട്ടിവുഡിന്. പുതുക്കിപ്പണിയൽ, അലങ്കാരപ്പണികൾ എന്നിവയ്ക്കെല്ലാം മൾട്ടിവുഡ് ഉപയോഗിക്കുന്നുണ്ട്. കിച്ചൻ ക്യാബിനറ്റുകൾ, ഷെൽഫുകൾ എന്നിവയുടെ നിർമാണത്തി നും ഇന്റീരിയറിലെ ഡെക്കറേഷനുമെല്ലാം മൾട്ടിവുഡ് ഉപയോഗിച്ചു വരുന്നു. ഇഷ്ടമുള്ള രൂപത്തിലേക്ക് ഇവ മാറ്റിയെടുക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.പ്ലൈവുഡ് പോലെതന്നെ, താരതമ്യേന പുതിയ മെറ്റീരിയലുകളാണ് എംഡിഎഫും വെനീറും ലാമിനേറ്റഡ് വുഡുമൊക്കെ. അതുകൊണ്ടു തന്നെ ഇവയുടെ ഈടിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഈ മെറ്റീരിയലുകൾ എല്ലാം പല ഗ്രേഡില്‍ ലഭ്യമാണ്. വില കുറയട്ടെ എന്നു കരുതി ഏറ്റവും കുറഞ്ഞ ഗ്രേഡിലുള്ള സാധനം വാങ്ങിയാൽ ഈടിന്റെ കാര്യത്തിൽ ചതിവു പറ്റാം. ഗുണനിലവാരമുള്ള എംഡിഎഫിന് തടിയുടെ അടുത്തു തന്നെ ചെലവു വരും.

ചെലവു കുറഞ്ഞ രീതിയിൽ ഫർണിഷിങ് പൂർത്തിയാക്കാൻ പഴയ ഫർണിച്ചറുകൾ മാറ്റി പുതിയ മെറ്റീരിയൽ തിരഞ്ഞെടുത്തു നോക്കൂ. അപ്പോൾ തന്നെ പ്രകടമായ മാറ്റം കാണാം. ഇങ്ങനെ കഴിയാവുന്നിടത്തോളം കാര്യങ്ങൾ പുനരുപയോഗിക്കാൻ ശ്രമിച്ചാൽ ഫർണിഷിങ്ങിലെ അധികച്ചെലവ് ഒഴിവാക്കാൻ സാധിക്കും. 

English Summary- Substitute for Natural Wood in House Furnishing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com