വീട്ടിൽ ഉറുമ്പുകളെ കൊണ്ട് പൊറുതിമുട്ടിയോ? പരിഹാരമുണ്ട്
Mail This Article
ഉറുമ്പുകളെ ഒഴിവാക്കാനായി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അവയുടെ ശല്യത്തിന് ഒരു മാറ്റവും ഇല്ലാതെ തുടരുന്നത് സ്ഥിരം കാഴ്ചയാണ്. മനുഷ്യന് ദോഷകരമായ ഉറുമ്പുപൊടി അടക്കമുള്ളവ ഉപയോഗിച്ചാലും രണ്ടോ മൂന്നോ ദിവസത്തിനു ശേഷം വീണ്ടും അവ പതിന്മടങ്ങ് ശക്തിയോടെ പ്രത്യക്ഷപ്പെടും. കടിക്കുന്ന ഉറുമ്പുകളാണെങ്കിൽ പറയുകയും വേണ്ട. സ്വസ്ഥമായി കിടന്നുറങ്ങാൻ പോലും പറ്റാത്ത അവസ്ഥ. ഉറുമ്പ് ശല്യം പൂർണമായും നീക്കാൻ സഹായകരമായ ചില മാർഗ്ഗങ്ങൾ ഇതാ.
ചോക്ക് ഉപയോഗിക്കാം
ചോക്കുകളിൽ അടങ്ങിയിരിക്കുന്ന കാൽസ്യം കാർബണേറ്റ് ഉറുമ്പുകളെ പ്രതിരോധിക്കും. ഉറുമ്പുകൾ കയറിക്കൂടാൻ ഇടയുള്ള ഭാഗങ്ങളിൽ ചോക്കുകൊണ്ട് വരയ്ക്കുകയോ ചോക്കുപൊടി വിതറുകയോ ചെയ്യുക. ഉറുമ്പുശല്യം ഒരു പരിധിവരെ മാറി കിട്ടും.
ഗ്ലാസ് ക്ലീനറും ഡിഷ് വാഷ് ലിക്വിഡും
ഗ്ലാസ് ക്ലീനറും ഡിഷ് വാഷ് ലിക്വിഡും മിശ്രിതമാക്കി സ്പ്രേ ചെയ്താൽ ഉറുമ്പ് ശല്യം ഒഴിവാക്കാം. എന്നാൽ സ്പ്രേ ചെയ്ത ലായനി പിന്നീട് തുടച്ചുനീക്കാൻ മറക്കരുതെന്നുമാത്രം.
വെളുത്ത വിനാഗിരി
വെളുത്ത വിനാഗിരി ഉണ്ടെങ്കിൽ ഉറുമ്പുകൾ അവിടെ എത്തില്ല. വെളുത്ത വിനാഗിരിയും വെള്ളവും സമാസമം എടുത്ത് അതിലേക്ക് അല്പം ലാവൻഡർ ഓയിൽ, കർപ്പൂര തുളസിതൈലം, യൂക്കാലി തൈലം എന്നിങ്ങനെ അവശ്യ എണ്ണയിൽ ഏതെങ്കിലും ചേർത്ത് മിശ്രിതമാക്കി അടുക്കളയിലെ കൗണ്ടർടോപ്പും ഡൈനിങ് ടേബിളും മേശകളും ഒക്കെ തുടയ്ക്കാൻ ഉപയോഗിക്കാം.
നാരങ്ങയും ഓറഞ്ചും
നാരങ്ങയുടെയും ഓറഞ്ചിന്റെയും തൊലി ഉറുമ്പുകൾ വരുന്ന ഭാഗത്തുവച്ചാൽ അവയെ അകറ്റി നിർത്താനാവും. തറ തുടയ്ക്കുമ്പോൾ അല്പം നാരങ്ങാനീര് കൂടി വെള്ളത്തിൽ ചേർത്താൽ ഉറുമ്പുകൾ അടുക്കാതിരിക്കാൻ സഹായിക്കും. ഓറഞ്ചിന്റെ തൊലി ചെറുചൂടുവെള്ളത്തിൽ ചേർത്തരച്ച് കുഴമ്പു പരുവത്തിലാക്കി ഉറുമ്പു വരുന്ന ഇടങ്ങളിൽ പുരട്ടിയശേഷം തുടച്ചുനീക്കാം.
ഉപ്പ്
മധുരപ്രിയരായ ഉറുമ്പുകളെ അകറ്റിനിർത്താൻ ഉപ്പും ഉപയോഗിക്കാവുന്നതാണ്. ഉറുമ്പുകളെ തുരത്താൻ ഏറ്റവും എളുപ്പമുള്ള മാർഗം കൂടിയാണ് ഇത്. തിളപ്പിച്ച വെള്ളത്തിൽ വലിയ അളവിൽ ഉപ്പിട്ട ശേഷം ഉറുമ്പ് വരുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും. ഇവയ്ക്കെല്ലാം പുറമെ വീടിനകം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ തറയിൽ കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. ഉറുമ്പ് കയറിക്കൂടാൻ ഇടയുള്ള ചെറിയ ദ്വാരങ്ങളും വിള്ളലുകളും എത്രയും വേഗം അടയ്ക്കാനും ശ്രദ്ധിക്കുക.