റഗ്ഗുകൾ വൃത്തിയാക്കുന്നത് ഇനി തലവേദനയല്ല; പരിഹാരമുണ്ട്
Mail This Article
വീടിനകം വൃത്തിയാക്കുമ്പോൾ ഏറ്റവും തലവേദന തറയിൽ വിരിക്കുന്ന റഗ്ഗുകൾ വൃത്തിയാക്കുന്നതാണ്. പൊടിയും ചെളിയും വളർത്തുമൃഗങ്ങളുടെ രോമവും എന്നുവേണ്ട എല്ലാവിധ അഴുക്കുകളും അടിഞ്ഞുകൂടുന്ന സ്ഥലമാണ് റഗ്ഗുകൾ. വാക്വം ക്ലീനർ ഉപയോഗിച്ചാൽ റഗ്ഗുകൾ പൂർണമായി വൃത്തിയാകും എന്നാണ് പലരുടെയും ധാരണ. എന്നാൽ വാക്വം ചെയ്താലും പൊടിപടലങ്ങളും മറ്റും അവയിൽ അവശേഷിക്കും.
ഇവയിലെ അലർജനുകളുടെ സാന്നിധ്യംമൂലം ശ്വാസകോശരോഗങ്ങളും പിടിപെടാം.
ഏത് ടൈപ്പ് റഗ്ഗാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ച് വൃത്തിയാക്കൽ മാർഗ്ഗങ്ങളും വ്യത്യാസപ്പെട്ടിരിക്കും. പ്രകൃതിദത്ത ഫൈബറുകൾ കൊണ്ടുണ്ടാക്കുന്ന റഗ്ഗുകളും സിന്തറ്റിക് റഗ്ഗുകളും രണ്ടുതരത്തിലാണ് കൈകാര്യം ചെയ്യേണ്ടത്. കമ്പിളി നൂലുകൾകൊണ്ടുള്ള റഗ്ഗാണെങ്കിൽ തണുത്ത വെള്ളം ഉപയോഗിക്കണം. റഗ്ഗുകൾ വൃത്തിയാക്കുമ്പോൾ പൊതുവേ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ നോക്കാം.
• റഗ്ഗുകൾ നേരിട്ട് തറയിൽ ഇടാതെ വലിയ പ്ലാസ്റ്റിക് ഷീറ്റോ ടാർപോളിനോ വിരിച്ച് അതിൽ റഗ്ഗ് നിവർത്തിവച്ച് വൃത്തിയാക്കാം.
• കാർപെറ്റ് ക്ലീനറും കാർപെറ്റ് ഷാംപൂവും റഗ്ഗിൽ ഉപയോഗിക്കരുത്. അവയിലെ കെമിക്കലുകൾ റഗ്ഗിലെ ഫൈബറുകൾക്ക് കേടുപാടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. റഗ്ഗുകൾക്ക് മാത്രമായുള്ള ഷാംപൂവും ക്ലീനിങ് സൊല്യൂഷനും ഉപയോഗിക്കുക.
• സോഫ്റ്റ് ബ്രിസ്സിലുകളുള്ള ബ്രഷോ സ്പോഞ്ചോ ഉപയോഗിച്ച് വേണം ക്ലീനിങ് ലോഷൻ മുഴുവനായി തേച്ചുപിടിപ്പിക്കാൻ. ക്ലീനിങ് സൊല്യൂഷൻ അഞ്ച് മിനിറ്റ് നേരമെങ്കിലും റഗ്ഗിൽ തന്നെ തുടരാൻ അനുവദിക്കുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കാം.
• നല്ല വെള്ളം ഉപയോഗിച്ച് വേണം റഗ്ഗുകൾ കഴുകാൻ. ഇതിനായി ഒരു ഗാർഡൻ വാട്ടർ ഹോസ് ഉപയോഗിക്കുന്നത് നന്നായിരിക്കും. അഴുക്കും ക്ലീനിങ് സൊലൂഷനും പൂർണ്ണമായി റഗ്ഗിൽ നിന്നും നീക്കം ചെയ്യപ്പെട്ടു എന്ന് ഉറപ്പുവരുത്തണം.
• വെള്ളം എളുപ്പത്തിൽ നീക്കം ചെയ്യാൻ ഉചിതമായ എല്ലാ മാർഗങ്ങളും സ്വീകരിക്കാം. വെറ്റ് ഡ്രൈ വാക്വം ഉണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത്.
• കാറ്റേറ്റ് റഗ്ഗുകൾ ഉണങ്ങാൻ അനുവദിക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗ്ഗം. നാരുകളുള്ള ഭാഗം നന്നായി ഉണങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം അടിഭാഗവും ഉണങ്ങാൻ അനുവദിക്കുക. റഗ്ഗിൽ ജലാംശം ഇല്ല എന്ന് ഉറപ്പാക്കിയിട്ടു വേണം അത് തിരികെ മുറിയിലേയ്ക്ക് എത്തിക്കാൻ.
• വൃത്തിയാക്കലിനിടെ റഗ്ഗുകളിലെ നാരുകളും നൂലുകളും ഒന്നായി കൂട്ടി ഒട്ടുകയോ ഞെരിഞ്ഞു പോവുകയോ ഒക്കെ ചെയ്തെന്ന് വരാം. റഗ്ഗ് ഉണക്കി മുറിയിൽ എത്തിച്ചശേഷം വാക്വം ക്ലീനർ അതിനുമുകളിൽ കൂടി ഒരു റൗണ്ട് പ്രവർത്തിപ്പിക്കുന്നത് നാരുകളെ വിടുവിക്കാൻ സഹായിക്കും. അല്ലെങ്കിൽ മൃദുവായ ബ്രഷ് ഉപയോഗിച്ച് നാരുകൾ ചീകി നേരെയാക്കുകയും ചെയ്യാം.