ഇത് ഹോം ഫർണിഷിങ്ങിലെ പ്രധാനഘട്ടം: പിശുക്ക് പാടില്ല, വേണം ദീർഘവീക്ഷണം
Mail This Article
പ്ലമിങ് (plumbing) തുടങ്ങുമ്പോൾ നമ്മൾ ആദ്യം അറിയേണ്ടത് ബാത്റൂമിന്റെ അളവുകളെപ്പറ്റിയാണ്. പ്ലാനിൽ തന്നിരിക്കുന്ന അളവുകൾ ഒരു മുറിയുമായി താരതമ്യം ചെയ്തു നോക്കി വലുപ്പം എത്ര വേണം എന്നു നിശ്ചയിക്കാവുന്നതേയുള്ളൂ. വീടുകള്‍ക്കെല്ലാം ഇപ്പോൾ അറ്റാച്ച്ഡ് ബാത്റൂമാണുള്ളത്. കൂടാതെ ഒരു കോമൺ ബാത്റൂം ഉണ്ടാവും.
വാഷ്ബേസിൻ, ക്ലോസെറ്റ്, ഷവർ ഏരിയ എന്നിങ്ങനെ യഥാക്രമം മൂന്നായി വിഭജിച്ചു പോകാം. അങ്ങനെ ക്രമീകരിക്കണമെങ്കിൽ ബാത്റൂമുകൾ ദീർഘചതുരാകൃതിയിലാകണം. ഒരേ ഭിത്തിയിൽ തന്നെ അവ മൂന്നും ക്രമീകരിക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും സൗകര്യപ്രദം. വാസ്തുശാസ്ത്രപ്രകാരമുള്ള കണക്കുകൾ കടന്നുവരുമ്പോൾ ഇത്തരം ക്രമീകരണങ്ങൾ നടക്കണമെന്നില്ല. പ്ലമിങ് ലേഔട്ട് തയാറാക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തുക.
200 – 250 CM മുതൽ നീളവും 150 – 180 CM വരെ വീതിയുമുള്ള ബാത്റൂമുകളാണ് ഉണ്ടാക്കേണ്ടത്. സ്ഥലപരിമിതിയുണ്ടെങ്കിൽ അൽപം വിട്ടുവീഴ്ചയാകാം. ബാത്റൂമിലെ മൂന്നു ഭിത്തിയിലും ഫിറ്റിങ്സ് നൽകുന്നത് ഒരേ സമയം അരോചകവും അസൗകര്യവുമാണ്. സൗകര്യം കുറഞ്ഞ ബാത്റൂമുകളിൽ 85– 90 CM വരെ ഷവർ ഏരിയ കണക്കാക്കി അധികം വലുപ്പമില്ലാത്ത സൗകര്യപ്രദമായ വാഷ്ബേസിൻ നൽകിയാൽ മതിയാകും. 14–16 ഇഞ്ചാണ് ക്ലോസെറ്റുകളുടെ സാധാരണ വലുപ്പം.
ആക്സസറീസ് ഭംഗിയായി ഉറപ്പിക്കുന്നതിന് നമ്മൾ സ്ഥാപിക്കുന്ന വാട്ടർ പോയിന്റുകൾ കൃത്യമായിരിക്കണം. പ്ലാസ്റ്ററിങ് കഴിഞ്ഞു പ്ലമിങ് ആരംഭിക്കാം. ബാത്റൂമിനുള്ളിലെ വേസ്റ്റ് ലൈനുകൾ പ്ലാസ്റ്റങ്ങിനു മുൻപു ചെയ്യുന്നതിൽ തെറ്റില്ല. വിപണിയിൽ ക്ലോസെറ്റിന്റെയും വാഷ്ബേസിന്റെയും പുതിയ മോഡലുകൾ വന്നു കൊണ്ടിരിക്കുന്നുണ്ട്.
ഭിത്തിയിൽ നിന്ന് വേസ്റ്റ് പൈപ്പിലേക്കുള്ള അളവ്, മോഡൽ അനുസരിച്ചു വ്യത്യാസം ഉണ്ടാകും. നമ്മൾ ഉദ്ദേശിക്കുന്ന മോഡൽ പ്ലമറുമായി നിർബന്ധമായും ചർച്ച ചെയ്തിരിക്കണം. 900 സ്ക്വയർ ഫീറ്റ് വീടുകളിൽ പോലും സിംഗിൾ പീസ് ക്ലോസെറ്റുകൾ സ്ഥാപിക്കുന്നു. കൺസീൽഡ് ഫ്ലഷ് ടാങ്ക്, കൺസീൽഡ് ഫ്ലഷ് കോക്ക് എന്നിവയാണ് ഫ്ലഷിങ് ആവശ്യത്തിനായി ഉപയോഗിക്കുന്നത്.
വാട്ടർ ലൈൻ ഔട്ട്പുട്ട് ലെവൽ 2"(63MM) പൈപ്പ് ഉപയോഗിക്കാം. 1.5 " (50MM) ൽ കുറയുന്നത് അഭികാമ്യമല്ല. ബാത്റൂമിൽ വാട്ടർ ലൈനിനായി CPVC (ക്ലോറിനേറ്റഡ് പോളിവിനൈൽ ക്ലോറൈഡ്) പൈപ്പ് ഉപയോഗിക്കാം. പച്ചവെള്ളത്തിനും ചൂടു വെള്ളത്തിനും SDR 11 CPVC പൈപ്പ് മതിയാകും. ഇൻലെറ്റിൽ ലൈൻ ഫിൽറ്റർ സ്ഥാപിക്കുന്നതു കരടു വന്നടിഞ്ഞു ബ്ലോക്ക് ഉണ്ടാവാതിരിക്കാൻ സഹായിക്കും. ശ്രദ്ധിക്കേണ്ട കാര്യം ഇടയ്ക്ക് ഫിൽറ്റർ ക്ലീൻ ആക്കണം അഥവാ വാഷ് ഔട്ട് ചെയ്യണം.
സൈഫോണിക് ക്ലോസെറ്റാണ് ഉപയോഗിക്കുന്നതെങ്കിൽ 1.5–3 മീറ്ററിനുള്ളിൽ എയർ പൈപ്പ് നിർബന്ധമായും നൽകിയിരിക്കണം. വാട്ടർ ലൈനുകൾ പ്രഷർ ടെസ്റ്റ് നടത്തി ലീക്ക് ഇല്ല എന്ന് ഉറപ്പു വരുത്തണം.
4" (110MM) പൈപ്പാണ് ക്ലോസെറ്റ് വേസ്റ്റ് ലൈൻ, ഫ്ലോർ വേസ്റ്റ്, കിച്ചൻ വേസ്റ്റ് തുടങ്ങിയവ 3" (90MM) പൈപ്പ് ആകുന്നതാണ് നല്ലത്. കഴിയുമെങ്കിൽ രണ്ടു വേസ്റ്റ് ലൈനുകളും വീടിനു വെളിയിൽ വേസ്റ്റ് പിറ്റിലേക്കു പോകുന്നത് 4" (110MM) പൈപ്പ് ഉപയോഗിക്കുന്നതാണു ഏറ്റവും നല്ലത്.
ഫ്ലോർ മൗണ്ട് ക്ലോസറ്റിനെ അപേക്ഷിച്ചു വാൾ മൗണ്ട് ക്ലോസെറ്റ് ആണ് വൃത്തിയാക്കുന്നതിനും സൗകര്യം.
ലീറ്ററിന് 5–7 രൂപ വരെ വിലയുളള വാട്ടർ ടാങ്കുകൾ ഉപയോഗിച്ചാൽ മതിയാവും. ടാങ്കുകളുടെ ഗുണമേന്മ പോലെ തന്നെ പ്രധാനമാണ് നമ്മൾ ഉപയോഗിക്കുന്ന വെള്ളവും. ഇൻലൈറ്റ് ഫിൽറ്ററുകളും ഇൻലൈറ്റ് പ്യൂരിഫയർ ഒക്കെ ഇന്നു ലഭ്യമാണ്. സ്റ്റീൽ ടാങ്കുകൾ മുതൽ വൃത്തിയാക്കാൻ എളുപ്പമുള്ളതാണെന്ന് അവകാശപ്പെടുന്ന വിവിധ ടാങ്കുകൾ വിപണിയിലുണ്ട്. യൂണിയൻ ടൈപ്പ് ടാങ്ക് കണക്റ്റർ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പ്ലമറുടെ സഹായമില്ലാതെ തന്നെ ടാങ്ക് ക്ലീൻ ചെയ്യാം.
ദിവസത്തിൽ ഒരു മണിക്കൂറിൽ താഴെ മാത്രം ചെലവഴിക്കുന്ന സ്ഥലമാണെങ്കിലും ആഡംബരത്തെക്കാൾ വൃത്തിക്കു പ്രാധാന്യം വേണ്ട സ്ഥലമാണ് ബാത്റൂം. ആവശ്യം അനുസരിച്ചു മാത്രം ഫിറ്റിങ് നടത്തുക. ഒരു സോപ്പ് ഡിഷ്, കോർണർ ഷെൽഫ്, ടവൽ റാക്ക് ഇവ ധാരാളം മതിയാവും.
ടേബിൾ ടോപ്പ് വിത്ത് കൗണ്ടർ വാഷ് ബേസിനുകൾ ഇന്നു ട്രെൻഡാണ്. നിലവാരം കുറഞ്ഞ കൗണ്ടർ ബേസിൻ ഉപയോഗിക്കുന്നതിനു പകരം ഫെറോ സ്ലാബ് െചയ്ത് അതിനു മുകളിൽ ഗ്രാനൈറ്റ് നൽകി മനോഹരമായ ടേബിൾ ടോപ്പ് നൽകാം.
ടാപ്പുകളും മറ്റു ബാത്റൂം ആക്സസറീസുകളും തൂക്കി വിൽക്കുന്ന കടകൾ നാട്ടില്‍ സുലഭമാണ്. ഗുണമേന്മ ഉറപ്പു വരുത്തി മാത്രം ഉൽപന്നങ്ങൾ വാങ്ങുക. കരിങ്കല്ലു കൊണ്ടു വൃത്തത്തിൽ കെട്ടിയുണ്ടാക്കുന്ന േവസ്റ്റ് ടാങ്കുകളാണ് നല്ലത്. സൗകര്യക്കുറവുണ്ടെങ്കിൽ മാത്രം റെഡി മെയ്ഡ് ടാങ്ക്, സിമന്റ് റിങ് തുടങ്ങിയ മറ്റു മാർഗങ്ങൾ സ്വീകരിക്കുക. വേസ്റ്റ് ലൈൻ പൈപ്പിന് അടിയിൽ ഒരു മീറ്റർ അകലത്തിലെങ്കിലും ചുടുകട്ടയോ മറ്റോ നൽകി സ്ലോപ് കൃത്യമായി നിലനിർത്താൻ പരമാവധി ശ്രമിക്കണം. ജോയിന്റുകൾ പരമാവധി ഒഴിവാക്കി നേർരേഖയിലൂടെത്തന്നെ പൈപ്പ് ലൈനുകൾ നൽകണം. പ്ലാൻ തയാറാക്കി വാങ്ങുമ്പോൾ തന്നെ വേസ്റ്റ് പിറ്റിന്റെ സ്ഥാനം നിശ്ചയിക്കുന്നത് പ്ലമിങ് എളുപ്പത്തിൽ ചെയ്യുന്നതിനു സഹായകരമാകും.
വാട്ടർലൈൻ ഇറക്കുന്നതിനു റെയിൽ ഭിത്തിയിൽ ഉറപ്പിച്ച ശേഷം അതിൽ U ബോൾട്ട് ഉപയോഗിച്ചു ചെയ്യുന്ന രീതിയുണ്ട്. മഴ നനയുന്ന ഭാഗം ആണെങ്കിൽ രണ്ടോ മൂന്നോ വർഷത്തിനകം അവ തുരുമ്പു പിടിച്ചു പോകും. ബലം നഷ്ടപ്പെടുന്നു എന്നതു മാത്രമല്ല പിന്നീട് മെയിന്റൻസ് ഉണ്ടാകുന്ന സമയം U ബോൾട്ടുകൾ അഴിച്ചു മാറ്റുന്നതും ഏറെ ദുഷ്കരമാണ്. അത്തരത്തിലുള്ള സിസ്റ്റമാണ് ഉപയോഗിക്കുന്നതെങ്കിൽ ആദ്യ കാഴ്ചയിലുള്ള ഭംഗിക്കപ്പുറം ദീർഘകാലം നിലനിൽക്കുന്നതു വാങ്ങുക. ഇന്റീരിയർ ഭാഗത്തും ഡക്റ്റ് നൽകിയുള്ള പ്ലമിങ് രീതിയിലും മേൽ പറഞ്ഞ സിസ്റ്റമാണ് ഏറ്റവും അനുയോജ്യമായത്. സ്റ്റെയിൻലെസ് സ്റ്റീൽ ഹെവി സാഡിൽ റെയിൽ സപ്പോർട്ടിനെ അപേക്ഷിച്ചു ഭംഗി അൽപം കുറയുമെങ്കിലും കൂടുതൽ കാലം നിലനിൽക്കുന്നവയാണ്.
താൽക്കാലികമായ ആവശ്യമില്ലെങ്കിലും ഡിഷ് വാഷര്‍, ഔട്ട് സൈഡ് വാഷിങ്മെഷീൻ, ഔട്ട് സൈഡ് ടോയ്‌ലറ്റ്, വാട്ടർ പ്യൂരിഫയർ, വാട്ടർ ഗീസർ, സോളർ വാട്ടർ ഹീറ്റർ എന്നിവയ്ക്കുള്ള വാട്ടർ ലൈനുകളും ആവശ്യമായ വേസ്റ്റ് ലൈനും ചെയ്തു പോകുന്നത് ഭാവിയിൽ ഒരുപാടു സാമ്പത്തിക ലാഭം നൽകും. സാഹചര്യം, സാമ്പത്തികം, സമയം എന്നിവ പരിഗണിച്ച് ആവശ്യമുള്ളതു തിരഞ്ഞെടുക്കാം.
ഔട്ട്ഹൗസ് പോലുള്ളവ നിർമിക്കാൻ പ്ലാനുണ്ടെങ്കിൽ ഈ ഘട്ടത്തിൽ അതുകൂടി കണക്കിലെടുത്തുവേണം പ്ലമിങ് നടത്താൻ. പൈപ്പ്‌ലൈനും വേസ്റ്റ്‌ലൈനും END CAP ഉപയോഗിച്ചു ക്ലോസ് ചെയ്തശേഷം ഭാവിയിൽ നമുക്ക് അതു പ്രയോജനപ്പെടുത്താൻ കഴിയും.
ആകെ ബജറ്റിന്റെ 15 മുതൽ 25 ശതമാനം ഇന്നു പ്ലമിങ്ങിനായി മാറ്റിവയ്ക്കേണ്ടി വരും. അതുകൊണ്ടു തന്നെ ആവശ്യകതയ്ക്കും വൃത്തിക്കും പ്രാധാന്യം നൽകി സൗകര്യവും ഭംഗിയും കുറഞ്ഞ രീതിയിൽ തന്നെ പ്ലമിങ് പൂർത്തിയാക്കാം.