അടുക്കളയിൽ നിന്ന് ഡൈനിങ് ടേബിൾ എത്ര അകലത്തിൽ വയ്ക്കാം?
Mail This Article
ഏറ്റവും സൗകര്യപ്രദം ഡൈനിങ് ടേബിൾ അടുക്കളയോട് ചേർന്നിരിക്കുന്നതാണ്. അടുക്കളയ്ക്കകത്തുതന്നെ ഡൈനിങ് ടേബിളുണ്ടെങ്കിൽ അത്രയും നന്ന് എന്നേ ഞാൻ പറയൂ. അത് വീട്ടിലുള്ളവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് ഏറ്റവും നല്ലയിടമായിരിക്കും. കുട്ടികൾക്ക് പാചകം കാണാം, നമുക്ക് കുട്ടികളേയും കാണാം. അടുക്കളയിലിരുന്ന് കുട്ടികൾക്ക് പഠിക്കാം. വീട്ടുകാർക്ക് അടുക്കളയിൽ തന്നെയിരുന്ന് എഴുതാം വായിക്കാം. വർത്തമാനം പറഞ്ഞ് പാചകം ചെയ്യാം. അങ്ങനെയെങ്കിൽ അടുക്കള സജീവമാവും.
ദുരൂഹമായ ഇടങ്ങളായി പരിഗണിച്ച്, വാതിലുകൾ വച്ച് അടച്ച് ബെഡ്റൂമുകൾപോലെ പരിഗണിക്കേണ്ടുന്ന ഇടമാവരുത് അടുക്കളകൾ. അതിഥികളായ ആണിനും പെണ്ണിനും ഒക്കെ വന്നിരിക്കാവുന്ന ഇടങ്ങളാവണം അടുക്കള എന്നതാണ് എന്റെ കാഴ്ചപ്പാട്. അതിന് വേണ്ടത് അടുക്കളയ്ക്കകത്ത് ഒരു ടേബിൾ ഇടാനുള്ള ഇടമുണ്ടാവണം.
സ്ഥലപരിമിതിയുണ്ടെങ്കിൽ അടുക്കളയും ഡൈനിങ് ഹാളും തമ്മിൽ വേർതിരിവുണ്ടാക്കരുത് എന്നതാണ്. അടുക്കള ഒരിക്കലും വീടിന്റെ പുറകിലേക്ക് വിളികേൾക്കാത്ത അകലത്തിലേക്ക് കൊണ്ടുപോകരുത്. അടുക്കളയിൽ നിന്ന് സംസാരിച്ചാൽ വീട്ടിലുള്ള ആർക്കും കേൾക്കാനാവണം.
അതല്ലെങ്കിൽ ലിവിങ് റൂമിൽ നിന്നുള്ള അതിഥികളുമായുള്ള സംഭാഷണം അടുക്കളയിലിരുന്ന് കേൾക്കാനാവണം അതിൽ ഇടപെടാനുമാവണം. അതിഥികൾ നമ്മുടെ പാചകം കാണരുത്, പാചകത്തിന്റെ മണം ആരും അറിയരുത്, അടുക്കളയ്ക്കകത്ത് അലക്ഷ്യമായിട്ടിരിക്കുന്ന പാത്രങ്ങൾ ആരും കാണരുത് എന്നിങ്ങനെയുള്ള അന്ധവിശ്വാസങ്ങളാണ് അടുക്കളയെ ഏറെ രഹസ്യമാക്കിവക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഒരൊറ്റ തുറസിൽ വച്ച് നോക്കൂ. പരസ്പരം ഇടപെടാനും സംസാരിക്കാനും പറ്റുന്ന ഏറ്റവും സുന്ദരമായ വീട്ടനുഭവമായിരിക്കുമത്. അതിഥികളെ ഭയന്ന് മേൽപ്പറഞ്ഞ ഇടങ്ങൾ മുറികളാക്കി പ്രത്യേകമാക്കാൻ നോക്കുന്നതിൽ ഒരു യുക്തിയുമില്ല. മുകളിലേക്കുള്ള ഗോവണികൂടി ഇപ്പറഞ്ഞയിടത്തെവിടെയെങ്കിലും മറയില്ലാതെ ചെയ്യാനാവുമെങ്കിൽ വീട് അക്ഷരാർത്ഥത്തിൽ നല്ലൊരു കലാസൃഷ്ടിയാക്കാവുന്നതാണ്.