ADVERTISEMENT

പലപ്പോഴും വീടുകളിൽ ഡെഡ് സ്‌പേസുകൾ സൃഷ്ടിക്കുന്ന ഒരിടമാണ് സ്‌റ്റെയർകേസ്. ഗോവണിയുടെ തുടക്കത്തിലും അവസാനത്തിലും ഇടയിലും വരുന്ന ഭാഗമാണ് ലാൻഡിങ് സ്പേസുകൾ. പലപ്പോഴും ലാൻഡിങ് സ്പേസുകൾ വെറുതെ ഒഴിച്ചിടാറാണ് പതിവ്. എന്നാൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ ഈ ലാൻഡിങ് സ്പേസുകൾ ഉപയോഗപ്രദവും മനോഹരവുമാക്കി മാറ്റാൻ സാധിക്കും. 

ബുക്ക് ഷെൽഫ്, റീഡിങ് കോർണർ

പുസ്തകങ്ങൾ സൂക്ഷിക്കാൻ പരിമിതമായ ഇടം മതിയാകും. അതുകൊണ്ടുതന്നെ ലാൻഡിങ് സ്പേസുകളിൽ ബുക്ക് ഷെൽഫുകൾ ഉൾപ്പെടുത്തുന്നത് ഏറ്റവും ഉപയോഗപ്രദമായ ഐഡിയയാണ്. ഇടുങ്ങിയ ലാൻഡിങ് സ്പേസുകളിലെ ഭിത്തികളിൽ ആകൃതിക്ക് യോജിച്ച വിധത്തിൽ സൗകര്യപ്രദമായി ബുക്ക് ഷെൽഫുകൾ ഉൾപ്പെടുത്താം. സ്ഥല സൗകര്യത്തിന് അനുസരിച്ച് ഫ്ലോർ ടു സീലിങ്  ബുക്ക് ഷെൽഫുകളോ കോർണർ ഷെൽഫുകളോ ഒക്കെ തിരഞ്ഞെടുക്കാവുന്നതാണ്.

സ്റ്റെയറിന്‍റെ താഴെ ഭാഗത്ത് സ്ഥലം ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിൽ അവിടം റീഡിങ് കോർണറാക്കി മാറ്റിയെടുക്കാൻ സാധിക്കും. ഒരു കോഫി ടേബിളും കസേരയും ചെറിയ ബുക്ക് ഷെൽഫും ഉണ്ടെങ്കിൽ സംഗതി റെഡി. വീടിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും അൽപം ഒതുങ്ങി വിശ്രമിക്കാനുള്ള ഇടമാക്കി ഇവിടം ഉപയോഗിക്കാം.

സൗകര്യപ്രദമായ സ്റ്റോറേജ്

സ്റ്റെയറിന്‍റെ രണ്ടു ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ലാൻഡിങ് സ്പേസ് പലപ്പോഴും ഉപയോഗമില്ലാതെ കിടക്കുന്നതാണ് പതിവ്. ഇവിടം ഒരു ബോണസ് സ്റ്റോറേജ് സ്പേസാക്കി മാറ്റിയെടുക്കാം. ക്ലീനിങ് ഉത്പന്നങ്ങളോ ടവലുകളോ ഒക്കെ സൂക്ഷിച്ചു വയ്ക്കാവുന്ന തരത്തിൽ ചെറിയ സ്റ്റോറേജ് യൂണിറ്റുകൾ ഈ ഇടങ്ങളിൽ സ്ഥാപിക്കാം. 

വർക്ക് സ്പേസ്

ലാൻഡിങ് സ്പേസിന് അൽപം സ്ഥല വിസ്താരം ഉണ്ടെങ്കിൽ വീട്ടിൽ ജോലി ചെയ്യുന്നതിനായി പ്രത്യേകം മറ്റൊരു ഓഫിസ് തയാറാക്കേണ്ട ആവശ്യമില്ല. ലാപ്ടോപ്പോ ഡെസ്ക്ടോപ്പോ വയ്ക്കാൻ സാധിക്കുന്ന തരത്തിൽ ചെറിയ മേശയും കസേരയും ഇടാനുള്ള സൗകര്യം ഉണ്ടാവണമെന്ന് മാത്രം. ഓഫിസ് ആവശ്യത്തിന് വേണ്ടിവരുന്ന പേപ്പറുകളും ഫയലുകളും സൂക്ഷിക്കാനുള്ള ചെറിയ സ്റ്റോറേജ് യൂണിറ്റ് കൂടി ഉൾപ്പെടുത്തിയാൽ ലാൻഡിങ് സ്പേസ് ഏറ്റവും ഉപയോഗപ്രദമായി മാറും. 

ഇൻഡോർ ഗാർഡൻ

വീടിനുള്ളിൽ ഇൻഡോർ പ്ലാന്റുകൾ വയ്ക്കാൻ ഏറ്റവും അനുയോജ്യമായ ഇടമായും ലാൻഡിങ് സ്പേസുകളെ മാറ്റിയെടുക്കാം. അലമാരയോ മേശയോ ഇടത്തക്ക സൗകര്യമില്ലാത്ത ലാൻഡിങ് സ്പേസ് പോലും മനോഹരമായ വിധത്തിൽ ഉപയോഗപ്രദമാക്കാൻ ഇതിലൂടെ സാധിക്കും.  വ്യത്യസ്ത വലിപ്പത്തിലുള്ള ചെടികൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ആവശ്യമെങ്കിൽ പല തട്ടുകളുള്ള ചെറിയ ഗാർഡൻ സ്റ്റാൻഡുകളും ഉപയോഗിക്കാം.

മെമ്മറി വോൾ

അധികം സ്ഥലം ഉപയോഗിക്കാതെ തന്നെ ലാൻഡിങ് സ്പേസുകൾ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണ കേന്ദ്രമാക്കി മാറ്റാൻ മെമ്മറിവോൾ നിർമ്മിക്കുന്നതിലൂടെ സാധിക്കും. കുടുംബാംഗങ്ങളുടെ ചിത്രങ്ങളോ കലാസൃഷ്ടികളോ ഒരു ആർട്ട് വർക്ക് എന്നതുപോലെ മനോഹരമായി ലാൻഡിങ് സ്പേസുകളിലെ ഭിത്തികളിൽ പ്രദർശിപ്പിക്കാം. വീടിന്റെ പൊതുവേയുള്ള കളർ ടോണിൽ നിന്നും നിന്നും വ്യത്യസ്തമായി മെമ്മറി വോളിന്  പ്രത്യേക നിറം കൂടി നൽകിയാൽ വീട്ടിലെത്തുന്ന അതിഥികളുടെ ശ്രദ്ധ കവരുന്ന ഇടമായി ലാൻഡിങ് സ്പേസ് മാറും.

ഇരിപ്പിടം ഉൾപ്പെടുത്താം

ലാൻഡിങ് സ്പേസിനോട് ചേർന്ന് ഹാൾ വേയോ ജനാലയോ ഉണ്ടെങ്കിൽ ഇവിടെ ചെറിയ ബെഞ്ച് ഉൾപ്പെടുത്തുന്നത് ഉപയോഗപ്രദമാണ്. വീതി കുറഞ്ഞതോ പ്രത്യേക ആകൃതിയിലുള്ളതോ ആയ ഇരിപ്പിടങ്ങൾ ഈ ഭാഗത്തേക്ക് തിരഞ്ഞെടുക്കാം. ബെഞ്ചിനടിയിൽ സ്റ്റോറേജ് സ്പേസ് കൂടി ഉണ്ടെങ്കിൽ ഏറ്റവും നല്ലത്.

English Summary:

How to use stair landing space effectively? Decor Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com