ഇത് മിക്കവരുടെയും വീട്ടിലെ പ്രശ്നം: പരിഹാരമുണ്ട്; ഇതൊന്ന് പരീക്ഷിച്ചുനോക്കൂ
Mail This Article
വീടിനുള്ളിൽ തങ്ങിനിൽക്കുന്ന ദുർഗന്ധം ആർക്കും ഇഷ്ടമാവില്ല. വിശേഷിച്ച് മഴക്കാലത്ത് ഈർപ്പത്തിന്റെ സാന്നിധ്യം മൂലം എപ്പോഴും മുഷിഞ്ഞ ഗന്ധം വീടിന്റെ പലഭാഗത്തും അനുഭവപ്പെടും. എത്ര വൃത്തിയാക്കിയാലും ഈ ഗന്ധം തങ്ങിനിൽക്കുന്നതായി തോന്നും. ഈർപ്പംമൂലമുള്ള ഫംഗസുകളുടെ സാന്നിധ്യമാണ് പ്രധാനമായും ദുർഗന്ധത്തിനുള്ള കാരണം. ഇത് ശ്വസന സംബന്ധമായ അസുഖങ്ങൾക്കും വഴിവച്ചെന്നു വരാം. ഇതൊഴിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
ജനാലകളും വാതിലുകളും തുറന്നിടാം
മഴയുള്ള സമയത്ത് ഇഴ ജന്തുക്കളെയും മഴ ചാറ്റലിനെയും പേടിച്ച് വാതിലുകളും ജനാലകളും തുറക്കാൻ മടിക്കുന്നവരാണ് ഏറെയും. വീടിനുള്ളിൽ ദുർഗന്ധം നിറയുന്നതിന്റെ പ്രധാന കാരണവും ഇതാണ്. മഴ കുറയുന്ന സമയത്ത് ജനാലകളും വാതിലുകളും പരമാവധി സമയം തുറന്നിടാൻ ശ്രദ്ധിക്കുക. ഒന്നിനോടൊന്ന് അഭിമുഖമായുള്ള ജനാലകളും വാതിലുകളും തുറന്നിടുന്നതാണ് വായു സഞ്ചാരം സുഗമമാക്കാനും ഈർപ്പം അകറ്റിനിർത്താനും ഏറ്റവും നല്ലത്. വെന്റിലേഷൻ കുറഞ്ഞ ഭാഗങ്ങളിൽ ഡീ ഹ്യൂമിഡിഫയറുകളും ഉപയോഗിക്കാം.
കർപ്പൂരം
പൂപ്പലുകളുടെ സാന്നിധ്യവും ദുർഗന്ധവും അകറ്റിനിർത്താൻ കർപ്പൂരം ഉപയോഗപ്രദമാണ്. മൂന്നോ നാലോ കർപ്പൂരം എടുത്ത് എല്ലാ മുറിയിലും കത്തിച്ചു വയ്ക്കുക. പുക പുറത്തു പോകാത്ത വിധം ജനാലുകളും വാതിലുകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. 15 മിനിറ്റ് മുറി ഇതേനിലയിൽ തുടരാൻ അനുവദിക്കണം.
ബേക്കിങ് സോഡ
ഫ്രിജ്, കബോർഡ്, ഷൂ റാക്ക് തുടങ്ങി ദുർഗന്ധം തങ്ങിനിൽക്കുന്ന ഇടങ്ങളിൽ ബേക്കിങ് സോഡ തുറന്ന നിലയിൽ സൂക്ഷിക്കാം. ദുർഗന്ധങ്ങൾ വലിച്ചെടുക്കാൻ ഇതിന് ശക്തിയുണ്ട്. കാർപെറ്റ്, ഫർണിച്ചറുകൾ, കിടക്ക എന്നിവയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നുണ്ടെങ്കിൽ അൽപം സോഡാപ്പൊടി വിതറി അരമണിക്കൂർ നേരം കാത്തിരുന്നശേഷം വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കി എടുക്കാവുന്നതാണ്.
വെളുത്ത വിനാഗിരി
ഒരു കപ്പ് വെളുത്ത വിനാഗിരി എടുത്ത് വായ വിസ്താരമുള്ള ബൗളിൽ ഒഴിച്ച് തുറന്ന നിലയിൽ മുറികളിൽ സൂക്ഷിക്കാം. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുറിയിലെ ദുർഗന്ധം പൂർണ്ണമായും ഒഴിവാകും.
ആര്യവേപ്പില
മഴക്കാലത്ത് കബോർഡുകളിലും വസ്ത്രങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളിലും ഫംഗസ് ബാധ ഉണ്ടാവാതിരിക്കാനും അതുവഴി ദുർഗന്ധം അകറ്റാനും ആര്യവേപ്പ് ഇലകൾ തണ്ടോടുകൂടി അലമാരകൾക്കുള്ളിൽ സൂക്ഷിക്കുക.
സ്വാഭാവിക ഗന്ധം നിറയ്ക്കാം
വീടിനുള്ളിലെ ദുർഗന്ധത്തിൻ്റെ കാരണം കണ്ടെത്തി അത് പരിഹരിക്കുകയാണ് ഏറ്റവും പ്രായോഗികമായ മാർഗം. എന്നാൽ ചില അവസരങ്ങളിലെങ്കിലും വീടിനുള്ളിൽ താത്ക്കാലികമായി സുഗന്ധം നിറയ്ക്കുന്നത് അസ്വസ്ഥതകൾ ഒഴിവാക്കും. പുൽ തൈലം, ടീ ട്രീ ഓയിൽ തുടങ്ങിയ എസെൻഷ്യൽ ഓയിലുകൾ ഉപയോഗിക്കുന്നത് സുഗന്ധപൂരിതമായ അന്തരീക്ഷം നിറയ്ക്കാൻ സഹായിക്കും. ചെറിയ ബൗളുകളിൽ കാപ്പിപ്പൊടി എടുത്ത് ബാത്റൂമിന് സമീപത്തും വേസ്റ്റ് ബിന്നിന് സമീപത്തും വയ്ക്കുന്നതും ദുർഗന്ധം അകറ്റിനിർത്താൻ ഫലപ്രദമാണ്.