'ഏകാന്തത അനുഭവിക്കുന്ന' വീടുകളിലെ ഡൈനിങ് ടേബിളുകൾ: മാറ്റം കണ്ടുതുടങ്ങി; അനുഭവം
Mail This Article
ഇന്ന് കേരളത്തിലെ മിക്ക വീടുകളിലും ഡൈനിങ് ടേബിളുകളുടെ കഥ ഇനി പറയുംവിധമാകും. പ്രായമായവർ വീട്ടിൽ ഉണ്ടെങ്കിൽ അവർ നേരത്തെ ഭക്ഷണം കഴിച്ചു കിടക്കും. മാക്സിമം നാല് പേർ മാത്രമാണ് ഒരേസമയം ഡൈനിങ് ടേബിളിൽ ഉണ്ടാകാനുള്ള സാധ്യത. കൂട്ടുകുടുംബസമ്പ്രദായം പിന്തുടരുന്ന വീടുകളിൽ മാത്രമാണ് ഇതിനൊരു വ്യത്യാസമുള്ളത്.
ഇനി വല്ലപ്പോഴും അതിഥികൾ വന്നാലത്തെ കാര്യം. നമ്മുടെ ഒരു രീതി വച്ച് പുരുഷന്മാർ ആദ്യം ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കും, സ്ത്രീകൾ വിളമ്പിക്കൊടുക്കും. പിന്നീട് സ്ത്രീകൾ ആദ്യം ഭക്ഷണം കഴിച്ച പുരുഷന്മാരുടെ കുറ്റം പറഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കും...കുട്ടികൾ ഇതിനിടയിൽ എപ്പോഴെങ്കിലും കഴിക്കും. ഇതല്ലാതെ സായിപ്പന്മാരെ പോലെ കൃത്യമായ ഒരു ഡൈനിങ് ടേബിൾ സംസ്കാരം നിലവിൽ നമുക്കില്ല. അപ്പോൾ പിന്നെ നമുക്ക് നമ്മുടെ തീന്മേശകളുടെ വലുപ്പം ഒന്ന് കുറയ്ക്കുന്നതിൽ എന്താണ് തെറ്റ് ..?
നാലുപേർക്കിരുന്നു കഴിക്കാവുന്ന ചതുരാകൃതിയിൽ ഉള്ള ഒരു ഡൈനിങ് ടേബിളോ, അഞ്ചു പേർക്കിരിക്കാവുന്ന വൃത്താകൃതിയിൽ ഉള്ള ഒരു ടേബിളോ അത്താഴത്തിനു മാത്രം ഒരുമിച്ചു കൂടുന്ന ഒരു ശരാശരി മലയാളി കുടുംബത്തിന് ധാരാളമാണ്. കാരണം ഈ വൃത്താകൃതിയിൽ ഉള്ള ടേബിളിനു നല്ല ഒതുക്കം കിട്ടും.
അത്തരത്തിൽ പതിയെയെങ്കിലും കേരളത്തിൽ വീടുകളുടെ അകത്തളങ്ങളിൽ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. ഈ തിരിച്ചറിവിലാണ് ഇന്ന് നാം 'ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അടുക്കളക്കുള്ളിലെ ചെറുതീന്മേശകളുടെ ജനനം. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയെന്നു ചുരുക്കം.
കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ആളുകൾ പ്രാതലും ഉച്ചഭക്ഷണവും ഒരുമിച്ചല്ല കഴിക്കുന്നത്. പ്രാതൽ എന്ന് പറയുന്നത് ഒരോട്ടപ്പാച്ചിലാണ്, മിക്ക വീടുകളിലും. വീട്ടമ്മ ജോലി ചെയ്യുന്ന വീടാണെങ്കിൽ ഉച്ചക്ക് ആരും വീട്ടിലുണ്ടാകില്ല, അല്ലെങ്കിൽ അവർ തനിച്ചു കഴിക്കും. വൈകുന്നേരം മാത്രം ഒരേ സമയം മാക്സിമം നാലുപേർ കണ്ടേക്കാം.
പിന്നെ എന്തിനാണ് നമുക്കീ ഘടാഘടിയൻ തീന്മേശകൾ...?
ചെറിയ ടേബിളുകൾ പ്ലാൻ ചെയ്‌താൽ ഡൈനിങ് റൂമിന്റെ വലുപ്പം കുറയ്ക്കാം. ഏതാണ്ട് അമ്പതു മുതൽ നൂറു ചതുരശ്രഅടിവരെ ഏരിയ കുറയ്ക്കാം. എന്നുവച്ചാൽ ഏതാണ്ട് ഒരു ലക്ഷം രൂപാ മുതൽ രണ്ടു ലക്ഷം രൂപ വരെ ലാഭിക്കാം.
അതായത് ഒരു ശരാശരിക്കാരന്റെ ഏതാണ്ട് പത്തുമാസത്തെ ഭവനവായ്പ തിരിച്ചടവ്. തീരുന്നില്ല. ഡൈനിങ് ഹാളിൽ നിന്നാണ് വീട്ടിനകത്തെ ഒട്ടുമിക്ക റൂമുകളിലേക്കും ഉള്ള വഴി കടന്നുപോകുന്നതെന്ന് നമുക്കറിയാം. ഡൈനിങ് ഹാൾ ചെറുതാകുന്നതോടെ ഈ ഇടങ്ങളിലെ അനാവശ്യ ഏരിയകൾ ഒഴിവാക്കാൻ ഡിസൈനർ നിർബന്ധിതനാകും. അങ്ങനെ വീണ്ടും ലാഭം.
ചെറിയ വീട് എന്നാൽ അതിൽ സൗകര്യം കുറവാണെന്നു അർഥമില്ല. വലിയ വീട്ടിൽ സൗകര്യം ഉണ്ടാകണമെന്നുമില്ല. വലിയ സൗകര്യങ്ങളുള്ള, ഉടമയുടെ കീശയ്ക്കും പ്രകൃതിക്കും ഇണങ്ങുന്ന ചെറിയ വീടുകളാണ് നമുക്ക് വേണ്ടത്.