പലർക്കും ഇഷ്ടപ്പെട്ടില്ല: കാലം മാറിയപ്പോൾ മലയാളിയുടെ അടുക്കളയിൽ വന്ന ചില മാറ്റങ്ങൾ
Mail This Article
ഒരു മാറ്റവും പൊടുന്നനെ നമ്മുടെ വീടുകളിലേക്ക് കയറി വരാറില്ല, വന്നിട്ടുമില്ല. ചേട്ടനിഷ്ടം, അമ്മായിയച്ഛനിഷ്ടം എന്നൊക്കെ പറഞ്ഞ് വീട്ടിൽ മിക്സിയുണ്ടായിട്ടും ഏറെക്കാലം അമ്മിയിലരച്ച് കറിവച്ച കഥകൾ ഒട്ടേറെ സ്ത്രീകൾക്ക് പറയാനുണ്ടാവും. കിഴക്കോട്ട് നോക്കിയേ അമ്മിയിലരയ്ക്കാവൂ, അമ്മിക്കടുത്ത് അടുപ്പുണ്ടാവരുത് തുടങ്ങിയ അലിഖിത നിയമങ്ങളുമുണ്ട്.
കാലം മാറി.
ഇപ്പോൾ പല വീട്ടിലും അമ്മിയുണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കാറില്ല. അതുപോലെയാണ് നമ്മുടെ പരമ്പരാഗത നാടൻ അടുപ്പുകളുടെ കാര്യവും. വിറകിട്ട് തീയൂതിപ്പിടിപ്പിച്ച് വയ്ക്കുന്ന ഇറച്ചിക്കറിക്ക് രുചി കൂടുമെന്ന് പറഞ്ഞ് എത്രയോ കാലം നമ്മുടെ സ്ത്രീകൾ അടുപ്പിനരികത്ത് പുകയത്ത് നിന്നു കാണും. കാലം മാറിയപ്പോൾ പുകയും ഇല്ലാതായി. പല അടുപ്പുകളും ആധുനികവൽക്കരിക്കപ്പെട്ടു. ഉരലും ഉലക്കയും പണ്ടേ പടിയിറങ്ങിപ്പോയി.
സ്ത്രീകൾ മാത്രം അരിയരച്ചിരുന്ന അരിയരപ്പുകല്ല് (Manual Grinder) പറമ്പിലെ മൂലയ്ക്ക് കമിഴ്ന്ന് ആർക്കും വേണ്ടാതെ കിടക്കുന്നു. ഇലക്ട്രിക്ക് ഗ്രൈൻഡർ പോലും അടുക്കള മൂലയ്ക്ക് വിശ്രമത്തിലാണ്. അരിമാവ് പാക്കറ്റിൽ കിട്ടുന്ന കാലം. പാക്കറ്റിൽ ചപ്പാത്തി കിട്ടുന്ന കാലം. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കാലം പലതിനെയും പുറന്തള്ളുന്നു. നമ്മളൊക്കെ അതീവ ഗൗരവത്തിൽ വാസ്തുവും ദിക്കും ഒക്കെ നോക്കി പണിയുന്ന അടുക്കളകൾ പോലും മുറിയായി പണിയുന്നതിന് പകരം വീട്ടിലെ ഒരു മൂലമാത്രമായി ചുരുങ്ങാൻ ഇനി അധികം കാലതാമസമില്ല...