കുട്ടികൾ ഭിത്തിയിൽ വരയ്ക്കുമ്പോൾ വഴക്കുപറയല്ലേ: ഇനി അനായാസം വൃത്തിയാക്കാം!
Mail This Article
കുഞ്ഞുങ്ങളുള്ള വീടുകൾ വൃത്തിയാക്കി വയ്ക്കുന്നത് അത്ര എളുപ്പമല്ല. അക്ഷരം പഠിച്ചു തുടങ്ങും മുൻപേ കയ്യിൽ കിട്ടുന്നതൊക്കെ എടുത്ത് ഭിത്തികളിൽ അവർ കുത്തിവരച്ചു തുടങ്ങും. വൃത്തികേട് ഒഴിവാക്കാനായി ഭിത്തിയിൽ വരയ്ക്കുന്നതിൽ നിന്നും കുഞ്ഞുങ്ങളെ തടയുന്നവരുണ്ട്. എന്നാൽ അവരിലെ കൗതുകവും ഭാവനയും വളരുന്നതിന്റെ അടയാളമാണ് ഈ വികൃതികൾ. കുഞ്ഞുങ്ങളെ ഇതിൽ നിന്നും തടയുന്നതിന് പകരം ഭിത്തി പഴയ പടി വൃത്തിയാക്കാനുള്ള മാർഗങ്ങൾ തേടുന്നതാവും ഉചിതം.
പെൻസിൽ വരകൾ
പേനയോ ക്രയോണോ കൊണ്ടുള്ള വരകളെക്കാൾ പെൻസിൽ പാടുകൾ നീക്കം ചെയ്യുന്നത് താരതമ്യേന ലളിതമാണ്. കുറച്ചു വരകൾ മാത്രമേ ഉള്ളൂവെങ്കിൽ സാധാരണ ഇറേസറുകൾ ഉപയോഗിച്ച് ഫലപ്രദമായി പെൻസിൽ പാടുകൾ നീക്കം ചെയ്യാം. എന്നാൽ നിറം വശങ്ങളിലേക്ക് പടരാത്ത വിധത്തിൽ സാവധാനത്തിൽ ശ്രദ്ധിച്ചു മാത്രം തുടയ്ക്കുക. തുടച്ചുനീക്കുന്നതിനിടെ ഇറേസറിൽ പെൻസിൽ കറ പിടിച്ചിട്ടുണ്ടോ എന്നും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ഇറേസറിലെ പെൻസിൽ നിറം വീണ്ടും ഭിത്തിയിലേക്ക് പടരും. ഗ്രാഫൈറ്റ് ആഗിരണം ചെയ്യാൻ ഏറ്റവും ഉപയോഗപ്രദമായത് ഗം ഇറേസറുകളാണ്. ഭിത്തിയിലെ പാടുകൾ നീക്കം ചെയ്യാൻ ഇവ ഉപയോഗിക്കാം. സ്റ്റേഷനറി സ്റ്റോറുകളിലും ആർട്ട് സ്റ്റോറുകളിലും ഗം ഇറേസറുകൾ ലഭിക്കും.
ഏതു പ്രതലവും വൃത്തിയാക്കാൻ ബേക്കിങ് സോഡയോളം കഴിവുള്ള മറ്റൊന്നില്ല. ഭിത്തിയിലെ പെൻസിൽ പാടുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യാസ്തമല്ല. ഒരു ബൗളിൽ വെള്ളം എടുത്ത ശേഷം അതിൽ അൽപം ബേക്കിങ് സോഡ കലർത്തുക. നല്ല വൃത്തിയുള്ള ഒരു തുണിയെടുത്ത് അത് ഈ ലായനിയിൽ മുക്കാം. ശേഷം ഈ തുണി ഉപയോഗിച്ച് പെൻസിൽ പാടുകളിൽ മൃദുവായി തുടച്ചാൽ മതിയാകും.
പതിവായി ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റാണ് മറ്റൊരു മാർഗം. മൃദുവായ, വൃത്തിയുള്ള ഒരു തുണിയിലേക്ക് അൽപം ടൂത്ത് പേസ്റ്റ് പുരട്ടുക. ഈ തുണി പെൻസിൽ മാർക്കുകളിൽ ഉരസിയാൽ അവ വേഗത്തിൽ നീക്കം ചെയ്തു കിട്ടും.
ഭിത്തിയിലെ പെൻസിൽ പാടുകൾ നീക്കം ചെയ്യാൻ വീര്യം കുറഞ്ഞ ഡിറ്റർജന്റും ഉപയോഗിക്കാം. ചെറിയ അളവിൽ ഡിറ്റർജന്റ് വെള്ളത്തിൽ ലയിപ്പിച്ച് വൃത്തിയുള്ള തുണി ഈ വെള്ളത്തിൽ മുക്കി പാടുകൾ മൃദുവായി തുടച്ചുനീക്കുക. വീര്യം കുറഞ്ഞ ഡിറ്റർജന്റ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ഭിത്തിയിലെ പെയിന്റ് മങ്ങി പോകാൻ സാധ്യതയുണ്ട് .
പേന വരകൾ നീക്കം ചെയ്യാൻ
നെയിൽ പോളിഷ് റിമൂവറുകൾ ഉപയോഗിച്ച് ഭിത്തിയിലെ പേനയുടെ പാടുകൾ നീക്കം ചെയ്യാൻ സാധിക്കും. നെയിൽ പോളിഷ് റിമൂവറിലേക്ക് ഒരു കോട്ടൺ ഇയർ ബഡ് മുക്കുക. ഈ ഇയർ ബഡ് ഉപയോഗിച്ച് പേനയുടെ പാടുകൾ മൃദുവായി തുടച്ചുനീക്കാം. ഭിത്തിയിലെ പെയിന്റിന് ദോഷകരമാവാത്ത വിധത്തിൽ മൃദുവായി മാത്രം തുടയ്ക്കാൻ ശ്രദ്ധിക്കുക.
ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് പെൻസിൽ പാടുകൾ നീക്കം ചെയ്യുന്നത് പോലെ തന്നെ പേനയുടെ പാടുകളും നീക്കം ചെയ്യാനാവും. മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ വൃത്തിയുള്ള തുണിയിൽ പേസ്റ്റ് പുരട്ടിയ ശേഷം അത് ഉപയോഗിച്ച് തുടച്ചുനീക്കാം.
ക്രയോൺ മാർക്കുകൾ നീക്കാൻ
മെഴുക് ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്നത് കൊണ്ട് തന്നെ ക്രയോണുകൾ വേഗത്തിൽ ഉരുകും. അതിനാൽ ഹെയർ ഡ്രയർ ഭിത്തിക്ക് നേരെ പിടിച്ച് പ്രവർത്തിപ്പിച്ചാൽ കട്ടിയുള്ള ക്രയോൺ മാർക്കുകൾ ഉരുകാൻ സഹായിക്കും. ഉരുകി തുടങ്ങുമ്പോൾ തന്നെ അവ തുടച്ചുനീക്കാനും ശ്രദ്ധിക്കുക.
മയോണൈസാണ് ക്രയോൺസ് പാടുകൾ നീക്കാൻ കഴിവുള്ള മറ്റൊന്ന്. അൽപം മയണൈസ് എടുത്ത് ക്രയോൺ മാർക്കുകൾക്ക് മുകളിൽ പുരട്ടാം. ഏതാനും മിനിറ്റുകൾ അതേ നിലയിൽ തുടരാൻ അനുവദിക്കണം. അതിനുശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് മയോണൈസ് തുടച്ച് നീക്കിയാൽ ക്രയോൺപാടുകൾ നീങ്ങിയത് കാണാനാവും. പാടുകൾ നീക്കം ചെയ്ത ശേഷം മൃദുവായ തുണി വെള്ളത്തിൽ മുക്കി ഒരിക്കൽ കൂടി ഭിത്തി തുടച്ച് മയോണൈസിന്റെ ഗന്ധം അകറ്റാം.
റൂളറുകൾ പോലെ അധികം മൂർച്ചയില്ലാത്ത പരന്ന വസ്തുക്കളുടെ അഗ്രം ഉപയോഗിച്ച് ക്രയോണിന്റെ പാടുകൾ സാവധാനം ചുരണ്ടി നീക്കാനും സാധിക്കും. ക്രയോൺ പാടുകൾ മങ്ങിയ ശേഷം വീര്യം കുറഞ്ഞ ഡിറ്റർജന്റ് വെള്ളത്തിൽ കലർത്തി വൃത്തിയുള്ള തുണി അതിൽ മുക്കി തുടച്ചാൽ മതിയാകും.