ADVERTISEMENT

ഒരു വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ മുഴുവൻ വാങ്ങുന്നതിന്റെ ഇരട്ടിയോ അതിൽ അധികമോ വില വരുന്ന ഒരു തലയണ! സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ വീട്ടുപടിക്കലേക്ക് വേണമെങ്കിൽ കുതിര വണ്ടിയിലോ ലിമോസിൻ കാറിലോ തലയണ എത്തും. ഇത് ലോകത്തിലെ ഏറ്റവും വിലയേറിയ തലയിണയുടെ കഥയാണ്. പഴമയുടെ പ്രൗഢി തുളുമ്പി നിൽക്കുന്ന ഈ വിഐപി തലയണയിൽ സ്വർണ്ണ നൂലിഴകൾ വരെയുണ്ട്.

ലക്ഷ്വറി അലങ്കാര ഉത്പന്നങ്ങളുടെ ശേഖരമായ മില്യൻസ് ആൻഡ് ബില്യൻസിലാണ് ഈ വിശിഷ്ട തലയണയുള്ളത്. ഹംഗറി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസൈൻ ബ്രാൻഡായ മ്യൂസ്കയാണ് തലയിണയുടെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. ലക്ഷ്വറി വിദഗ്ധനായ ബലാസസ് പെക്സി തന്റെ സ്റ്റൈൽ അഡ്വൈസറി പുസ്തകത്തെ അടിസ്ഥാനമാക്കി നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് പഴയ ഇറ്റാലിയൻ നഗരങ്ങളുടെ പ്രൗഢി നിറഞ്ഞുനിൽക്കുന്ന ഗ്രാഫിക്സുകൾ തലയണയ്ക്ക് വേണ്ടി തയാറാക്കിയത്. 

രണ്ടുതരം തലയിണകളാണ് ആവശ്യക്കാർക്കായി തയാറാക്കിയിട്ടുള്ളത്. വെൽവെറ്റിൽ തയാറാക്കിയ തലയണയിൽ പെക്സിയുടെ പുസ്തകത്തിൽ നിന്നുള്ള ഒരു ഗ്രാഫിക് ഡിസൈൻ മാത്രം ഉൾക്കൊള്ളിച്ചിരിക്കുന്നതാണ് ഒന്നാമത്തേത്. മില്യൻസ് ആൻഡ് ബില്യൻസിന്റെ വോൾപേപ്പർ പാറ്റേണുകളുടെ ഭാഗങ്ങളാണ് രണ്ടാമത്തേതിൽ. ഇവയ്‌ക്കൊപ്പം ഹംഗറിയിലെ വാത്തകളിൽ നിന്നും ശേഖരിച്ച തൂവലുകളും ഉൾപ്പെടുത്തിയാണ് തലയണകൾ നിർമിക്കുന്നത്. 

pillow

വേണമെങ്കിൽ ആവശ്യക്കാർക്ക് തലയണകൾ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാം. ഇറ്റലിയിലെ പരമ്പരാഗത നൂല് ഉത്പാദകരായ പിയാന ക്ലറിക്കോയാണ് തലയിണകൾക്കായുള്ള നൂല് ഒരുക്കുന്നത്. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രത്യേകതകളുമായി എത്തുന്ന തലയണയുടെ വില ഒൻപത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. 

തലയണയുടെ വിശേഷത എടുത്തു കാണിക്കുന്ന തരത്തിലാണ് ഡെലിവറി. തലയണകൾ വാങ്ങുന്നവരുടെ ആവശ്യത്തിനൊത്ത് തികച്ചും രാജകീയ പ്രൗഢിയിൽ കുതിര വണ്ടിയിലോ, ലിമോസിനിലോ, വിന്റേജ് കാറുകളിലോ തലയണ വീട്ടിലെത്തും.

costliest-pillow

ഈ ലക്ഷ്വറി തലയണയ്ക്ക് പുറമേ ലിമിറ്റഡ് എഡിഷനായി ഒരു സ്‌പെഷൽ തലയണയും മില്യൻസ് ആൻഡ് ബില്യൻസിൻ്റേതായി പുറത്തുവരുന്നുണ്ട്. ദ ഇയർ ഓഫ് സ്നേക്ക് 2025 ലിമിറ്റഡ് എഡിഷൻ ലക്കി പില്ലോ എന്നാണ് തലയണയ്ക്ക് നൽകിയിരിക്കുന്ന പേര്. വിശിഷ്ടമായ ക്ഷീരസ്ഫടികം ഉള്ളിൽ തയ്ച്ചുചേർത്ത തലയണകളാണ് ഇവ.  

English Summary:

Costliest Pillow in the World- Press Release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com