ഇത് അടുക്കളയിലെ ഏറ്റവും ബോറൻ പണി: ഇവ ശ്രദ്ധിച്ചാൽ ഇനി ഭാരമാകില്ല
Mail This Article
പാചകം ഏറെ ഇഷ്ടപ്പെടുന്നവർക്കും പലപ്പോഴും മടുപ്പുള്ള കാര്യമാണ് പാത്രം കഴുകൽ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാത്രങ്ങൾ വേഗത്തിലും എളുപ്പത്തിലും വൃത്തിയാക്കാൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം.
ചൂടുവെള്ളം ഉപയോഗിക്കാം
പാത്രത്തിലെ എണ്ണമയവും കറകളും അഴുക്കും വേഗത്തിൽ നീക്കം ചെയ്യാൻ ചൂടുവെള്ളമാണ് ഏറ്റവും ഉപകാരപ്രദം. ഭക്ഷണപദാർത്ഥങ്ങൾ പാചകം ചെയ്തതോ വിളമ്പിയതോ ആയ പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകിയാൽ വൃത്തിയാക്കൽ എളുപ്പത്തിൽ കഴിയും. ഡിഷ് വാഷ് ഉപയോഗിക്കും മുൻപ് ചൂടുവെള്ളംകൊണ്ട് പാത്രങ്ങൾ ഒരാവർത്തി കഴുകുക.
ബേക്കിങ് സോഡ
വീട് വൃത്തിയാക്കലിൽ ബേക്കിങ് സോഡയോളം സഹായകമായ മറ്റൊന്നില്ല. പാത്രം കഴുകുന്ന കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഭക്ഷണസാധനങ്ങൾ അടിക്കുപിടിച്ചു പോയ പാത്രങ്ങൾ കഴുകാൻ ഏറെ സമയം വേണ്ടി വരും. എന്നാൽ ഇവിടെ ബേക്കിങ് സോഡ സഹായമാകും. കട്ടിയിൽ കറ പിടിച്ചു പോയ സ്ഥലങ്ങളിൽ ബേക്കിങ് സോഡ വിതറുക. അൽപം വെള്ളം കൂടി തളിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മൃദുവായി സ്ക്രബ്ബ് ചെയ്യാം.വേഗത്തിൽ കറകൾ ഇളകി പാത്രം വൃത്തിയാകും.
ഗ്ലാസ് പാത്രങ്ങളിൽ വിനാഗിരി
മറ്റു പാത്രങ്ങൾ പോലെ അമർത്തി ഉരച്ചാൽ ഗ്ലാസ് പാത്രങ്ങളിൽ പോറൽ വീഴാനും ഭംഗി മങ്ങാനും കാരണമാകും. എന്നാൽ എളുപ്പത്തിൽ ഗ്ലാസ് പാത്രങ്ങൾ തിളങ്ങാൻ വിനാഗിരി ഉപകരിക്കും. വിനാഗിരിയും വെള്ളവും കലർത്തിയ മിശ്രിതം ഉപയോഗിച്ച് ഗ്ലാസ് പാത്രങ്ങൾ കഴുകുക.
പാത്രങ്ങൾ കുതിർത്ത് വയ്ക്കാം
അഴുക്ക്, ഭക്ഷണപദാർഥങ്ങൾ ഉണങ്ങിപ്പിടിച്ച നിലയിലാണ് പാത്രങ്ങളെങ്കിൽ അവ നേരിട്ട് വെള്ളം ഒഴിച്ച് കഴുകി വൃത്തിയാക്കി എടുക്കാൻ ഏറെ സമയം വേണ്ടിവരും. ഇത്തരം പാത്രങ്ങൾ തുടക്കത്തിൽ വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കുക. മറ്റു പാത്രങ്ങളെല്ലാം കഴുകിയശേഷം ഒടുവിൽ ഇവ കഴുകാനെടുക്കാം. അധികസമയം പാഴാക്കാതെ എളുപ്പത്തിൽ പാത്രങ്ങൾ വൃത്തിയാക്കി എടുക്കാൻ ഇതിലൂടെ സാധിക്കും.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
• പാത്രം കഴുകലിൽ ഒരു അടുക്കും ചിട്ടയും ഉണ്ടെങ്കിൽ അതൊരു ഭാരമായി തോന്നില്ല. ഉദാഹരണത്തിന് ആദ്യം സ്പൂണുകൾ, തവികൾ, അടപ്പു പാത്രങ്ങൾ തുടങ്ങിയ ചെറിയ പാത്രങ്ങൾ കഴുകാൻ തിരഞ്ഞെടുക്കാം. അവ കഴുകി ഒതുക്കിയ ശേഷം വലിയ പാത്രങ്ങളിലേക്ക് കടന്നാൽ സാധനങ്ങൾ കൂടി കിടക്കാതെ എളുപ്പത്തിൽ വൃത്തിയാക്കൽ പൂർത്തിയാക്കാനാകും.
* അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്ത ശേഷം മാത്രം കഴുകാനുള്ള പാത്രം സിങ്കിൽ വയ്ക്കുക. സിങ്കിന്റെ ഡ്രെയിൻ അടഞ്ഞു പോകുന്നത് ഒഴിവാക്കാനും അതിലൂടെ വൃത്തിയാക്കൽ എളുപ്പമാക്കാനും ഇത് സഹായിക്കും.
* കഴുകിയ പാത്രങ്ങൾ സൂക്ഷിച്ച് വയ്ക്കാനുള്ള റാക്കുകൾ സിങ്കിന് സമീപം സ്ഥാപിക്കാം. ഓരോ പാത്രങ്ങളും കഴുകിയശേഷം വെള്ളം വാർന്നു പോകാനായി മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കാം.