ചോറ്റുപാത്രത്തിലെ എണ്ണമയം, ദുർഗന്ധം; വൃത്തിയാക്കുമ്പോൾ തെറ്റുകൾ ഒഴിവാക്കുക
Mail This Article
അടുക്കളയിലെ അറുബോറൻ പണികളിലൊന്നാണ് പലർക്കും പാത്രംകഴുകൽ. മറ്റ് പാത്രങ്ങളെ അപേക്ഷിച്ച് ലഞ്ച് ബോക്സിന്റെ കാര്യത്തിൽ അധികം ശ്രദ്ധ നൽകേണ്ടതുണ്ട്. ഭക്ഷണ സാധനങ്ങൾ ഏറെനേരം അടച്ചുസൂക്ഷിക്കുന്ന പാത്രമായതിനാൽ അവ വൃത്തിയായിരിക്കേണ്ടത് ആരോഗ്യത്തിനും പ്രധാനമാണ്. എത്രകഴുകിയാലും ചോറ്റുപാത്രത്തിനുള്ളിൽ നിന്നും ഭക്ഷണത്തിന്റെ ഗന്ധം വിട്ടുപോകുന്നില്ല എന്ന പ്രശ്നം പലരും നേരിടുന്നുണ്ട്. എണ്ണമയം പൂർണ്ണമായും നീക്കം ചെയ്യാനാവാത്തതു മൂലം പാത്രത്തിന്റെ നിറംമങ്ങുന്നതും പതിവാണ്. അൽപമൊന്നു ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങളൊഴിവാക്കാനാകും.
കഴുകാൻ താമസം വേണ്ട
ഭക്ഷണം കൊണ്ടുപോകുന്ന പാത്രം വൈകിട്ട് വീട്ടിലെത്തിയ ശേഷമാവും ഭൂരിഭാഗം ആളുകളും വൃത്തിയാക്കാൻ എടുക്കുന്നത്. മണിക്കൂറുകളോളം ഭക്ഷണവും പിന്നീട് അതിന്റെ അവശിഷ്ടവും പാത്രത്തിൽ തന്നെ അവശേഷിക്കുന്നതാണ് ദുർഗന്ധം തങ്ങിനിൽക്കുന്നതിന്റെ പ്രധാന കാരണം. വീടിനു പുറത്ത് പാത്രങ്ങൾ ഡിഷ് വാഷ് ഉപയോഗിച്ച് കഴുകിയെടുക്കാൻ സൗകര്യം ലഭിക്കണമെന്നില്ല. എങ്കിലും ഭക്ഷണം കഴിച്ച ഉടൻ തന്നെ പാത്രത്തിലെ അവശിഷ്ടങ്ങൾ നീക്കി വെറും വെള്ളത്തിലെങ്കിലും കഴുകി വയ്ക്കുന്നത് ഒരുപരിധിവരെ പരിഹാരമാണ്. ടിഷ്യൂ പേപ്പർ കയ്യിൽ കരുതിയാൽ പാത്രം തുടച്ചെടുക്കുകയും ചെയ്യാം.
എണ്ണമയത്തിന് ചൂടുവെള്ളം
എണ്ണമയം അധികമുള്ള ഭക്ഷണമാണ് ചോറ്റുപാത്രത്തിൽ കരുതിയിരുന്നതെങ്കിൽ അത് നീക്കം ചെയ്യാൻ ചെറുചൂടു വെള്ളം ഉപയോഗിച്ച് കഴുകുന്നതാണ് ഉചിതം. ഡിഷ് വാഷ് ലിക്വിഡ് കൂടി കലർത്തി മൃദുവായ സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കഴുകാം. കറകളും എണ്ണമയവും അകലുന്നതിന് പുറമേ പാത്രത്തിലെ ദുർഗന്ധം അകറ്റാനും ചൂടുവെള്ളം സഹായിക്കും.
പാത്രത്തിലെ ഡിസൈനുകൾ
ചോറ്റുപാത്രത്തിൽ ഡിസൈനുകൾ ഉണ്ടെങ്കിൽ അത്തരം വിടവുകളിൽ ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും അടിഞ്ഞുകൂടാൻ സാധ്യത ഏറെയാണ്. ഇത്തരം പാത്രങ്ങൾ കഴുകാനായി പ്രത്യേകം ഒരു ടൂത്ത്ബ്രഷ് കരുതി വയ്ക്കുക. ഡിഷ് വാഷ് കലർത്തിയ വെള്ളത്തിൽ ടൂത്ത് ബ്രഷ് മുക്കിയ ശേഷം ഡിസൈനുകൾക്ക് മേലെ ഉരച്ച് കഴുകി അഴുക്കു നീങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം .
വിനാഗിരി
വെള്ളവും വിനാഗിരിയും ഡിഷ് വാഷ് ലിക്വിഡും കലർത്തി മിശ്രിതം തയാറാക്കാം. കടുത്ത കറ ചോറ്റുപാത്രത്തിൽ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ പാത്രം അതേപടി ഈ ലായനിയിലേയ്ക്ക് മുക്കിവയ്ക്കണം. 15 മിനിറ്റ് നേരം ഇതേ നിലയിൽ തുടരാൻ അനുവദിക്കുക. പിന്നീട് ചെറുചൂടുവെള്ളം ഉപയോഗിച്ച് പാത്രം കഴുകിയെടുക്കാം.
ചെറുനാരങ്ങ
ചെറുചൂടുവെള്ളത്തിൽ പാത്രം കഴുകിയശേഷം ചെറുനാരങ്ങയിൽ നിന്നും അൽപഭാഗം മുറിച്ചെടുത്ത് ഡിഷ് വാഷ് ലിക്വിഡിൽ മുക്കി പാത്രത്തിൽ ഉരച്ചു കൊടുക്കണം. വളരെ വേഗത്തിൽ പാത്രം വൃത്തിയാക്കാൻ ഇതിലൂടെ സാധിക്കും.
നന്നായി ഉണക്കാം
എത്ര വൃത്തിയായി കഴുകി വയ്ക്കുന്ന ചോറ്റുപാത്രത്തിലും ദുർഗന്ധം തങ്ങിനിൽക്കുന്നുണ്ടെങ്കിൽ അത് വൃത്തിയായി ഉണങ്ങിയിട്ടില്ല എന്നതാണ് കാരണം. കഴുകിയെടുത്ത ശേഷം ഉടൻ ചോറ്റുപാത്രം അടച്ചുവയ്ക്കരുത്. സാധിക്കുമെങ്കിൽ വെയിലത്തു വച്ചുതന്നെ ചോറ്റുപാത്രം ഉണക്കിയെടുക്കുക.