വീട് പെയിന്റ് ചെയ്യാൻ ഉദ്ദേശമുണ്ടോ? കീശ ചോരാതെ അതിമനോഹരമായി ‘മുഖം മിനുക്കാം’
Mail This Article
എല്ലാവർക്കും പ്രിയപ്പെട്ട ഇടമാണ് വീട്. കംഫർട്ടിനും ആകൃതിക്കും സൗകര്യങ്ങൾക്കും ഒപ്പം പ്രധാനപ്പെട്ടതാണ് വീടിന്റെ നിറവും. അത് പുതിയ വീടായാലും പഴയതായാലും. മുൻകാലങ്ങളിലെല്ലാം വീടിനു പെയിന്റ് ചെയ്യാൻ ഒന്നോ രണ്ടോ നിറങ്ങൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇന്ന് അതല്ല അവസ്ഥ. ഓരോ മുറിക്കും അനുയോജ്യമായ നിറങ്ങളും ഷേഡുകളും നൽകിയാണു വീടിന്റെ പെയിന്റിങ് പൂർത്തിയാക്കുന്നത്. ഇത് നിലവിലുള്ള വീടിന്റെ മുഖം മിനുക്കൽ ആണെങ്കിലും അങ്ങനെ തന്നെ. പഴയ വീടോ പുതിയ വീടോ പെയിന്റ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വർണങ്ങളുടെ ഈട് നിലനിർത്താൻ കഴിയും. അതോടൊപ്പം പോക്കറ്റ് കാലിയാകാതെ സൂക്ഷിക്കാനും സാധിക്കും. അതിലെ ചില വഴികൾ നോക്കാം.
പ്രധാനമായും രണ്ടുതരം പെയിന്റിങ് രീതികളാണു നിലവിലുള്ളത്. വാട്ടർ പ്രൂഫ് പെയിന്റും സാധാരണ പെയിന്റും. സാധാരണ വീടു പണിയുമ്പോൾ മണലിട്ടു തേച്ച ഭിത്തിയാണെങ്കിൽ പെയിന്റ് നേരിട്ടു ചെയ്താലും കുഴപ്പമില്ല. എന്നാൽ, ഇപ്പോൾ മണൽ അധികം ലഭ്യമല്ലാത്തതിനാൽ എംസാൻഡ് ആണ് കൂടുതലും വീടിനുപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ വൈറ്റ് സിമന്റ് അടിച്ചാലും പ്രൈമറിൽത്തന്നെ തുടങ്ങണം പെയിന്റിങ്. പ്രൈമറിന്നു േശഷം പുട്ടി അതിനുശേഷം വേണം അടുത്ത ഘട്ടത്തിലേക്കു കടക്കാൻ.
പെയിന്റ് ചെയ്യുന്നതിന് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ഏറെ ശ്രദ്ധിക്കണം. മുറികളുടെ ഉൾഭാഗത്ത് പ്രകാശം ലഭിക്കുന്ന കളറുകളാണ് ഉപയോഗിക്കേണ്ടത്. കിടപ്പു മുറികളിലും മറ്റും ലൈറ്റ് കളറുകളാണ് അഭികാമ്യം. ഇളം നിറങ്ങൾ സന്തോഷവും സമാധാനവും നൽകുന്നതിനൊപ്പം മുറിക്കകത്ത് കൂടുതൽ വെളിച്ചം ലഭിക്കാനും സഹായിക്കും. ഓരോ മുറികള്‍ക്കും ഓരോ മൂഡ് ആണ്. അതനുസരിച്ച് നിറങ്ങള്‍ നല്‍കാം. ഉദാഹരണത്തിന് കിടപ്പറയ്ക്ക് എപ്പോഴും നല്ലത് ഇളം നിറങ്ങളാണ്. ഇളം പച്ച, പിങ്ക് തുടങ്ങിയ നിറങ്ങളാണ് കിടപ്പുമുറികള്‍ക്ക് അഭികാമ്യം. അതുപോലെ ഏറ്റവും കൂടുതല്‍ ആക്റ്റീവ് ആയിരിക്കേണ്ട സ്ഥലമാണ് ഡൈനിങ്ങ് റൂം. ഇവിടെ കുറച്ചു നിറം കൂടിയാലും കുഴപ്പമില്ല. നീല, ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ ഡൈനിങ്ങ് റൂമുകള്‍ക്ക് അനുയോജ്യമായിരിക്കും.
ഊര്‍ജ്ജസ്വലതയുടെ പ്രതീകമാണല്ലോ അടുക്കള. ഇവിടെയും വൈബ്രന്റ് നിറങ്ങള്‍ ചേരും. ആഢ്യത്വവും ആഡംബരവും നിറഞ്ഞതാണ് ലിവിംഗ് റൂം. അതുകൊണ്ട് തന്നെ എപ്പോഴും ലിവിംഗ് റൂം ആകര്‍ഷണീയമാകണം. ഇതിനായി ഇളം നിറങ്ങള്‍ മുതല്‍ ഓറഞ്ച് നിറം വരെ ഉപയോഗിക്കാം. വെയിലും മഴയും ധാരാളമുള്ള നാടാണ് നമ്മുടേത്. കാലാവസ്ഥാപരമായ ഇത്തരം പ്രത്യേകതകൾ മനസില്‍ വച്ചുവേണം പുറം വീടിനുള്ള പെയ്ന്റ് തിരഞ്ഞെടുക്കാന്‍. ഒരു ചുവരില്‍ മാത്രം കടും നിറവും മറ്റ് ചുവരുകളില്‍ ഇളം നിറം ഉപയോഗിക്കുന്നതും തറയുടെ നിറത്തിന് ചേരുന്ന നിറം ചുവരുകള്‍ നല്‍കുന്നവരും ഉണ്ട്.
പെയിന്റിങ്ങിനു മുൻപ് ശ്രദ്ധിക്കാം
1. ആവശ്യമുള്ള മുഴുവൻ പെയിന്റും ഒന്നിച്ച് വാങ്ങുക. അല്ലാത്തപക്ഷം ഷോർട്ടേജ് വന്നാൽ പിന്നെ അതേ കളർ ഷേഡിലുള്ള പെയിന്റ് കിട്ടാൻ ബുദ്ധിമുട്ടു നേരിടും.
2. പ്ലാസ്റ്ററിങ് നന്നായി ഉണങ്ങിയതിനുശേഷം മാത്രമേ വൈറ്റ് സിമന്റ്/ പ്രൈമർ ഭിത്തിയിൽ അടിക്കാവൂ. നിലവിലുള്ള പെയിന്റിങ് പൊളിഞ്ഞിളകി റീപെയിന്റിങ്ങാ ണെങ്കിൽ പഴയ പെയിന്റ് ഉരച്ച് കളഞ്ഞ്, കഴുകി വൃത്തിയാക്കി, പ്രൈമർ അടിച്ചതിനുശേഷമേ പുതിയത് അടിക്കാവൂ. പെയിന്റിങ് കോൺട്രാക്ടിനു കൊടുക്കുന്നവർ രണ്ടു കോട്ട് പ്രൈമറും അടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
3. സിമന്റിലെ ചെറുസുഷിരങ്ങൾ അടയ്ക്കാനുള്ള പുട്ടി അതി നുശേഷം ഇടാം. പുട്ടി ഇട്ടതിനുശേഷം വീണ്ടും പ്രൈമർ അടിക്കാം. പ്രൈമറും നന്നായി ഉണങ്ങിയതിനുശേഷം എമൽഷൻ പെയിന്റ് ചെയ്യാം.
4. ഓരോ സ്റ്റേജ് പെയിന്റിങ്ങും, മുൻപ് ചെയ്ത പ്രതലം നന്നായി ഉണങ്ങി വലിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കിയാൽ ദീർഘകാലം ഈട് ലഭിക്കും.
5. പഴയ വീട് പെയിന്റ് ചെയ്യുമ്പോൾ ഭിത്തിയിൽ നനവ് കാണുന്നുവെങ്കിൽ അത് മാറ്റിയിട്ടേ ചെയ്യാവൂ. െടറസിലെ ക്രാക്കിൽ നിന്നും ഊർന്നിറങ്ങുന്ന ജലസാന്നിധ്യം ഭിത്തിയിൽ കാണപ്പെടാറുണ്ട്. റൂഫ് വാട്ടർ പ്രൂഫ് ചെയ്ത് ലീക്ക് നിര്‍ത്തിയിട്ട് ഭിത്തി പെയിന്റ് ചെയ്യാൻ ശ്രദ്ധിക്കണം.
6. വീട് പെയിന്റ് ചെയ്യുമ്പോൾ ഇന്റീരിയർ എക്സ്റ്റീരിയർ ഭാഗങ്ങൾക്കു വ്യത്യസ്ത പെയിന്റുകൾ ഉപയോഗിക്കുക. സാമ്പത്തിക സ്ഥിതി നോക്കി ഇമൽഷൻ പെയിന്റുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
7. പെയിന്റ് ചെയ്യാനായി ബ്രഷുകൾക്കു പകരം റോളറുകൾ ഉപയോഗിച്ചാൽ ഫിനിഷിങ് മെച്ചമാകും.