ADVERTISEMENT

വാടക തുക, വീടിന്റെ വൃത്തി, സുരക്ഷ എന്നിവയ്ക്കപ്പുറം താമസത്തിന് എത്തുന്ന വ്യക്തിയുടെ ജീവിതരീതിയും താൽപര്യങ്ങളുമൊക്കെ ചികഞ്ഞ് പരിശോധിക്കുന്ന പതിവ് തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. വൻകിട നഗരങ്ങളിൽ വാടകക്കാരന്റെ സ്വഭാവവും വരുമാനവും ഒക്കെ അറിയാൻ ഇൻ്റർവ്യൂ പോലും നടത്തുന്ന വീട്ടുടമസ്ഥർ ഉണ്ട്.

ഫ്ലാറ്റിൽ ഒപ്പം താമസിക്കാൻ പുതിയ ഒരാളെ തേടി, കർശന നിയന്ത്രണങ്ങളുടെ പട്ടിക നിരത്തി ഒരു യുവതി പങ്കുവച്ച പരസ്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഫ്ലാറ്റ്മേറ്റ് വെജിറ്റേറിയനായിരിക്കണമെന്ന് നിർബന്ധമാണെന്ന് പരസ്യത്തിൽ യുവതി പറയുന്നു. ഇത് വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

വൻഷിത എന്ന യുവതിയാണ് സഹവാസിയെ തേടിയുള്ള പരസ്യം എക്സിലുടെ പങ്കുവച്ചത്.മുറി വാടകയ്ക്ക് വിട്ടുനൽകണമെങ്കിൽ എന്തൊക്കെ കാര്യങ്ങൾ പാലിക്കണമെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

അൽപം അലോസരപ്പെടുത്തുന്ന സ്വഭാവമുള്ള വ്യക്തിയാണ് താനെന്ന് വൻഷിത പറയുന്നു. വൃത്തിയുടെ കാര്യത്തിൽ വിട്ടുവീഴ്ചാ മനോഭാവവും ഇല്ല. ചെറുപ്പക്കാരായ യുവതികളെ മാത്രമാണ് സഹവാസിയായി വൻഷിത തേടുന്നത്. ഹിന്ദി സംസാരിക്കുന്ന വെജിറ്റേറിയനായ ആളായിരിക്കണം. വീട്ടിൽ അതിഥികൾ എത്തുന്നതിൽ പ്രശ്നമുണ്ടാവരുത്. പുകവലിയും മദ്യപാനവും ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതും കാര്യമായി എടുക്കരുത്, വളർത്തുമൃഗങ്ങളോട് പ്രശ്നം ഉണ്ടാകരുത് എന്നിങ്ങനെ ഡിമാൻഡുകൾ നീളുന്നു.

മദ്യപാനവും പുകവലിയും അനുവദനീയമായ വീട്ടിൽ സസ്യാഹാരം മാത്രം കഴിക്കുന്ന വ്യക്തിയെ മാത്രമേ താമസിപ്പിക്കൂ എന്ന വൻഷിതയുടെ നിലപാടാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ധാരാളമാളുകൾ വിമർശനങ്ങൾ ഉയർത്തിയതോടെ ഇവർ വിശദീകരണവുമായി രംഗത്തെത്തി. പച്ച മാംസം കാണുന്നത് തനിക്ക് അരോചകമായതാണ് ഇത്തരമൊരു നിയന്ത്രണം വച്ചതിന് പിന്നിലെ കാരണമെന്നാണ് വിശദീകരണം. 

ബെംഗളൂരുവിലെ ഒരു 3 ബിഎച്ച്കെ അപ്പാർട്ട്മെന്റിലാണ് വൻഷിതയുടെ താമസം. വിൽസൺ ഗാർഡനിൽ സ്ഥിതിചെയ്യുന്ന അപ്പാർട്ട്മെന്റിലെ ഒരു മുറിയാണ് പുതിയ അതിഥിക്കായി നീക്കി വച്ചിരിക്കുന്നത്. 17000 രൂപയാണ് മാസ വാടക. ഡെപ്പോസിറ്റ് തുകയായി 70000 രൂപയും ആവശ്യപ്പെടുന്നുണ്ട്. വലിയ കിടക്ക, കട്ടിൽ, എസി , ഗെയ്സർ, സ്റ്റോറേജ് യൂണിറ്റുകൾ, വോൾ മൗണ്ട് ഡെസ്ക് തുടങ്ങിയ സൗകര്യങ്ങളെല്ലാം മുറിയിലുണ്ട്. ഇതിനുപുറമെ അപ്പാർട്ട്മെന്റിൽ ഫ്രിജ്, മിക്സി, വാഷിങ് മെഷീൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

English Summary:

Woman Seeking Vegetarian Hindi Speaking Flatmate- Post Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com