ADVERTISEMENT

ലോകത്ത് ഇന്ന് ആളുകൾ ഏറ്റവും അധികം ബുദ്ധിമുട്ട് നേരിടുന്നത് താമസിക്കാൻ ഒരിടം കണ്ടെത്താനാണ്. നാടുവിട്ട് മറ്റേതെങ്കിലും നഗരങ്ങളിൽ എത്തിയാൽ കൊക്കിൽ ഒതുങ്ങുന്ന വാടകയ്‌ക്കോ വിലയ്‌ക്കോ ഒരു മുറിയോ വീടോ കണ്ടെത്തണമെങ്കിൽ മാസങ്ങളുടെ പ്രയത്നം വേണ്ടിവരും. യാതൊരു സൗകര്യങ്ങളും ഇല്ലാത്ത കുടുസ്സു മുറികളിൽ പതിനായിരങ്ങൾ വാടക നൽകി  കഴിയുന്നവർ തങ്ങളുടെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കാറുമുണ്ട്.

എന്നാൽ ഇതിൽ നിന്നെല്ലാം വിപരീതമായി തുച്ഛമായ തുകയ്ക്ക് എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു താമസസ്ഥലം ലഭിച്ചതിന്റെ സന്തോഷം  അറിയിച്ചുകൊണ്ട് ഒരു വിദ്യാർഥി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അറ്റാച്ച്ഡ് ബാത്റൂം ഉള്ള മുറിക്ക് 15 രൂപ മാത്രമാണ് മാസവാടക എന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ബീഹാർ സ്വദേശിയും അവസാന വർഷ എംബിബിഎസ് വിദ്യാർഥിയുമായ മനീഷ് അമനാണ് തനിക്ക് താമസിക്കാൻ ലഭിച്ച മുറിയുടെ ചിത്രങ്ങൾ അടക്കം പങ്കുവച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ കല്യാണിയിലുള്ള  എയിംസിലാണ് മനീഷ് പഠിക്കുന്നത്. വിദ്യാർഥികൾക്കായി സബ്സിഡി അടിസ്ഥാനത്തിൽ നൽകിയിരിക്കുന്ന താമസ സൗകര്യമാണ് ഇത്. പ്രതിമാസം 15 രൂപ മാത്രം വാടകയ്ക്ക് ഇങ്ങനെയൊരു താമസസൗകര്യം എന്നത് സങ്കൽപിക്കാൻ പോലും ബുദ്ധിമുട്ടായിരിക്കും. അത്രത്തോളം സൗകര്യങ്ങളാണ് മുറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരാൾക്ക് സുഖമായി താമസിക്കാവുന്ന സ്ഥല വിസ്തൃതി മുറിക്കുള്ളിൽ ഉണ്ട്. താരതമ്യേന വലിയൊരു കിടക്ക, സ്റ്റഡി ടേബിൾ, സീലിങ് ഫാൻ, ഓഫിസ് ചെയർ, ഷെൽഫ് തുടങ്ങിയവയെല്ലാം ചിത്രങ്ങളിൽ കാണാം. ഭംഗിയായി പെയിന്റ് ചെയ്ത മുറിയാണിത്. ബാത്റൂമിന്റെ കാര്യമാണ് എടുത്തുപറയേണ്ടത്. വോൾ ടൈൽ ഒട്ടിച്ച വൃത്തിയുള്ള ബാത്റൂം തന്നെയാണ് മുറിക്കൊപ്പമുള്ളത്. 

മുറിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും മനീഷ് പങ്കുവച്ചതോടെ അമ്പരപ്പാണ് ആളുകൾ പ്രകടിപ്പിക്കുന്നത്. ഇത് ഒരുതരത്തിലും വിശ്വസിക്കാനാവില്ല എന്നാണ് ഭൂരിഭാഗം ആളുകളും പ്രതികരിക്കുന്നത്. ഈ മുറിക്ക് ഒരു ദിവസം 15 രൂപയാണ് വാടക എന്ന് പറഞ്ഞാൽ പോലും വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് കമന്റുകൾ ഉണ്ട്. 

ഈ മുറി 15,000 രൂപ വാടകയ്ക്ക് മറ്റൊരാൾക്ക് വിട്ടുനൽകി പണം സമ്പാദിക്കാൻ മനീഷിനെ തമാശ രൂപേണ ഉപദേശിക്കുന്നവർ പോലുമുണ്ട്. ബുദ്ധിമുട്ടുകളോ സാമ്പത്തിക പ്രാരാബ്ധങ്ങളോ ഇല്ലാതെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ലഭിക്കുന്ന ഇത്തരം സൗകര്യങ്ങൾ പ്രകീർത്തിക്കപ്പെടേണ്ടത് തന്നെയാണെന്ന് ധാരാളം ആളുകൾ അഭിപ്രായപ്പെടുന്നു. ബംഗളൂരു, ഡൽഹി, മുംബൈ തുടങ്ങിയ ഇടങ്ങളിലാണെങ്കിൽ ഈ മുറിക്ക് എത്ര രൂപ വാടക നൽകേണ്ടി വരുമായിരുന്നു എന്ന് താരതമ്യപ്പെടുത്തി കമന്റുകൾ ഇടുന്നവരും കുറവല്ല.

English Summary:

Student Claims he pays only 15 Rs for Single Room- Viral in X

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com