വില 100 കോടിയിലധികം! ഇത് ഇന്ത്യയിലെ ഏറ്റവും വിലയേറിയ പാർപ്പിടസമുച്ചയങ്ങളിലൊന്ന്; വൈറൽ വിഡിയോ
Mail This Article
ഇന്ത്യൻ റിയൽഎസ്റ്റേറ്റ് മേഖലയിൽ ഏറ്റവും വേഗതത്തിൽ വളരുന്ന നഗരം ഏതാണെന്നോ? ഡൽഹിയും മുംബൈയും ഹൈദരാബാദും ബെംഗളൂരുവുമൊന്നുമല്ല. ഹരിയാനയിലെ ഗുരുഗ്രാമാണ്. വൻകിട പാർപ്പിട പദ്ധതികൾ നഗരത്തിന്റെ മുഖച്ഛായ മാറ്റിയെഴുതുകയാണ്.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റസിഡൻഷ്യൽ സൊസൈറ്റികളിൽ ഒന്നായ കമീലിയാസ് സ്ഥിതിചെയ്യുന്നതും ഗുരുഗ്രാമിലാണ്. ഇപ്പോഴിതാ അത്യാഡംബരങ്ങൾ നിറഞ്ഞ കമീലിയാസിലെ ഒരു അപ്പാർട്ട്മെന്റിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ അമ്പരപ്പിക്കുന്നത്.
വൻകിട കമ്പനികളുടെ സിഇഒകൾ, വ്യവസായ പ്രമുഖർ, അതിസമ്പന്നർ തുടങ്ങിയവർ മാത്രമാണ് കമീലിയാസിലെ താമസക്കാർ. ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ആർക്കിടെക്ട്, കണ്ടൻ്റ് ക്രീയേറ്ററായ പ്രിയം സരസ്വതിനൊപ്പം കമീലിയാസിലെ തന്റെ വീടിന്റെ അകക്കാഴ്ചകൾ വിവരിക്കുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കോൺക്രീറ്റ് കെട്ടിടങ്ങൾ നിറഞ്ഞ നഗരത്തിൽ അതിന്റെ ശ്വാസംമുട്ടൽ അനുഭവപ്പെടാതെ സ്വച്ഛമായി ജീവിക്കാനാവുന്ന ഒരു ഇടമാണ് കമീലിയാസിൽ തങ്ങൾക്ക് ലഭിച്ചത് എന്ന വീട്ടുടമസ്ഥ പറയുന്നു.
അകത്തേക്ക് പ്രവേശിക്കുമ്പോൾ അതിഥികളെ ഊഷ്മളമായി വരവേൽക്കുന്നത് കണ്ണാടിയിൽ തീർത്ത ആർട്ട് വർക്കുകളാണ്. ഗോൾഡ് -വൈറ്റ് തീമിലാണ് ഈ ഇടം. 72 അടി വിസ്തൃതിയിൽ 50 ആളുകളെ ഒരേസമയം ഉൾക്കൊള്ളാവുന്ന വലുപ്പത്തിൽ നിർമിച്ചിരിക്കുന്ന ബാൽക്കണിയാണ് വീടിന്റെ പ്രധാന ആകർഷണം. സ്വിമ്മിങ് പൂളും പുറത്തെ പച്ചപ്പും ആസ്വദിച്ചുകൊണ്ട് നഗരത്തിന്റെ തിരക്കുകൾ അനുഭവപ്പെടാത്ത വിധത്തിൽ സമയം ചെലവഴിക്കാനാവുന്ന വിധത്തിലാണ് ബാൽക്കണി ഒരുക്കിയത്. അതിവിശാലമായ ബെഡ്‌റൂമുകളാണ് അപ്പാർട്മെന്റിൽ.
വീടിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അതിലെ ബാൽക്കണിയുടെ അത്രയും മാത്രം വിസ്തൃതിയുള്ള വീടുകൾക്ക് പോലും വൻനഗരങ്ങളിൽ ലക്ഷങ്ങൾ വാടക നൽകേണ്ടി വരുന്ന അവസ്ഥ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്രയും ആഡംബരത്തിൽ നിർമിച്ച അപ്പാർട്ട്മെന്റിന്റെ വില എത്രയായിരിക്കുമെന്ന സംശയം പ്രകടിപ്പിക്കുന്നവരും കുറവല്ല. ആഡംബര ഭവന പദ്ധതിയായതിനാൽ 100 കോടിക്കും മുകളിൽ വിലയുള്ള അപ്പാർട്ട്മെന്റുകൾ കമീലിയാസിലുണ്ട്.