'ഏത് ടൈപ്പ് ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം'; ഇതാണ് ഷമ്മിയെ വിറപ്പിച്ച സിമിമോൾ
Mail This Article
'ഏത് ടൈപ്പ് ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം'. കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയെ വിറപ്പിച്ച ഒറ്റ ഡയലോഗിലൂടെ സിമിമോൾ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. കുമ്പളങ്ങി നൈറ്റ്സ് ഇപ്പോഴും നിറഞ്ഞ സദസ്സിൽ ഓടുമ്പോൾ സിമിമോൾ ആയി എത്തിയ ഗ്രേസ് ആന്റണിയും ഹാപ്പിയാണ്. ഗ്രേസ് വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
പപ്പ ആന്റണി കോൺട്രാക്ടർ ആണ്. അമ്മ ഷൈനി വീട്ടമ്മയും. ചേച്ചി കുടുംബിനിയാണ്. ഇതാണ് ഇപ്പോൾ എന്റെ കുടുംബം. പപ്പയുടെ നാട് ചമ്പക്കരയാണ്. അമ്മയുടേത് മാനാശേരിയും. വിവാഹശേഷം ഇരുവരും പെരുമ്പള്ളി എന്ന സ്ഥലത്ത് വീട് മേടിച്ചു താമസമാക്കി. അതിനുശേഷമാണ് ഇപ്പോൾ താമസിക്കുന്ന വീട്ടിലേക്ക് എത്തുന്നത്. കുമ്പളങ്ങിയിലെ സിമിമോളുടെ വീടുപോലെ ചെറിയ വീടാണ്. പക്ഷേ നല്ല സമാധാനമുള്ള, സന്തോഷമുള്ള വീടാണ്. ഇപ്പോൾ 21 വർഷമായി ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്...അവധിക്കാലത്ത് മാനാശേരിയിലുള്ള അമ്മവീട്ടിലേക്ക് ഞങ്ങൾ പോകും. കസിൻസ് എല്ലാവരുമായി കളിയും ചിരിയുമായി നല്ല രസമായിരുന്നു അക്കാലം..
കോളജ് പഠനം കാലടിയിലായിരുന്നു. അവിടെ ഹോസ്റ്റലിൽ ആയിരുന്നു താമസം. ഞാൻ ഭയങ്കര ഹോംസിക്ക് ആയിരുന്നു. വെള്ളിയാഴ്ച ആകാൻ കാത്തിരിക്കും. പിന്നെ വീട്ടിലേക്കുള്ള ആദ്യ ബസ് പിടിക്കും. അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണത്തിന്റെ രുചിയുടെ മഹത്വം തിരിച്ചറിഞ്ഞത് ആ ഹോസ്റ്റൽ കാലയളവിലായിരുന്നു.
പപ്പയും അമ്മയും കലയോട് സ്നേഹമുള്ളവരാണ്. പക്ഷേ അവരുടെ ചെറുപ്പകാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒന്നും പഠിക്കാനായില്ല. എന്റെ ചെറുപ്പം മുതൽ ഡാൻസും നാടകവുമൊക്കെ പഠിച്ചിരുന്നു. ഹാപ്പി വെഡിങ് എന്ന സിനിമയാണ് ആദ്യം ചെയ്തത്. അതിലൂടെ കുമ്പളങ്ങിയിലെത്തി.
കുമ്പളങ്ങിയിലെ വീടുകൾ...
കുമ്പളങ്ങിയിലെ എന്റെയും ബേബിമോളുടെയും വീട് ഇഷ്ടമായി എന്ന് ഒരുപാട് പേർ പറഞ്ഞിരുന്നു. വേലിപ്പരത്തി കൊണ്ട് അതിരു തീർത്ത, പൂഴിമണ്ണ് നിറഞ്ഞ മുറ്റമുള്ള, ഇരുണ്ട ചുവരുകളുള്ള, നിറയെ മരങ്ങളും സ്നേഹമുള്ള അയൽപ്പക്കങ്ങളുമുള്ള കൊച്ചുവീട്. ശരിക്കും ഒരു ഹോംസ്റ്റേ ആയി പ്രവർത്തിക്കുകയാണ് ആ വീട്. സിനിമയ്ക്ക് വേണ്ടി മുള കൊണ്ട് മറ്റൊരു കുടിലും വീടിനുമുന്നിൽ നിർമിച്ചു. ഷൂട്ട് കഴിഞ്ഞിട്ടും അത് പൊളിച്ചു കളയണ്ട എന്ന് വീട്ടുകാർ തീരുമാനിച്ചു.
കുമ്പളങ്ങിയിലെ ഒരു ചെറുദ്വീപിലാണ് സൗബിന്റെയും ഷെയിനിന്റെയുമൊക്കെ സിനിമയിലെ വീട്. സിമന്റ് പൂശാത്ത, വാതിലുകളുടെ അടച്ചുറപ്പില്ലാത്ത, ചുവന്നിഷ്ടിക ചുമരുകളുളള ആ കൊച്ചുവീട് യഥാർഥത്തിൽ സിനിമയ്ക്കായി ഉണ്ടാക്കിയതാണ്. കലാസംവിധായകനായ ജോതിഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ടീം ആണ് കുമ്പളങ്ങിയിലെ ആ വീടിന് പിന്നിൽ.
വീട് സ്വപ്നം...
ബേബിമോളെ അവതരിപ്പിച്ച അന്നയുടെ വീട്ടിൽ ഞാൻ പോയിരുന്നു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ വീട് എന്നുകൂടി ചേർത്തുപറയണം. അകത്തു നിറയെ അന്നയ്ക്ക് കിട്ടിയ ട്രോഫികളാണ്. സ്‌കൂളിലും കോളജിലും എല്ലാ കലാപരിപാടിക്കും അവൾ മുന്നിൽ കാണുമായിരുന്നത്രെ. ഇനി സിനിമയിലെ നിന്നുള്ള ട്രോഫികൾ കൂടി വയ്ക്കാൻ സ്ഥലമുണ്ടാകുമോ എന്ന് ഞാൻ തമാശയായി ചോദിക്കാറുണ്ട്.
ഇപ്പോൾ പുതിയ ഒരു വീട് പണിയാനുള്ള പദ്ധതിയിലാണ് ഞാനും കുടുംബവും. കുറച്ചുകൂടി സൗകര്യങ്ങളുള്ള ഒരു ചെറുവീട്. അത്രയും മതി... എവിടെപ്പോയാലും നമ്മളെ തിരിച്ചു വിളിക്കുന്ന, സ്നേഹം തരുന്ന, സമാധാനം തരുന്ന ഇടമാണ് നമ്മുടെ വീട്.