'നിനച്ചിരിക്കാതെ ആ മരണം; അങ്ങനെ ഞാൻ മിനിസ്‌ക്രീനിലെ മുത്തശ്ശിയായി': വത്സല മേനോൻ
Mail This Article
ഇരുനൂറിലധികം സിനിമകൾ. അനേകം സീരിയലുകൾ. പുതുതലമുറയ്ക്ക് വാത്സല്യം നിറയുന്ന, തന്റേടിയായ മുത്തശ്ശിയായാണ് ഇവരെ പരിചയം. സംഭവ ബഹുലമാണ് വത്സല മേനോൻ എന്ന അഭിനേത്രിയുടെ ജീവിതം. വത്സലാമ്മ തന്റെ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു...
കുടുംബം...
തൃശൂർ ജില്ലയിലെ കാളത്തോട് എന്ന സ്ഥലത്താണ് ഞാൻ ജനിച്ചത്. അച്ഛൻ രാമൻ മേനോൻ, അമ്മ ദേവകിയമ്മ, എനിക്ക് മൂന്നു ചേട്ടന്മാർ. ഇതായിരുന്നു കുടുംബം. ചെറുപ്പകാലം വാടകവീടുകളിലായിരുന്നു ചെലവഴിച്ചത്. ഒരു വീട്ടിൽ നിന്നും അടുത്ത വാടകവീട്ടിലേക്കുള്ള ഓട്ടപ്രദക്ഷിണമായിരുന്നു അക്കാലം. അച്ഛൻ റിട്ടയർ ചെയ്ത ശേഷമാണ് കാളത്തോടുള്ള തറവാടിന് മുന്നിൽ സ്വന്തമായി വീട് വയ്ക്കുന്നത്. പക്ഷേ അധികകാലം അച്ഛന്റെയും അമ്മയുടെയും കൂടെ കഴിയാൻ കഴിഞ്ഞില്ല. പതിനാറാമത്തെ വയസ്സിൽ വിവാഹിതയായി. ഭർത്താവ് ഹരിദാസ് നായർക്ക് മുംബൈയിലായിരുന്നു ഉദ്യോഗം. അങ്ങനെ ഞാനും മുംബൈയിലേക്ക് ചേക്കേറി.
ചെറുപ്പത്തിൽ ക്‌ളാസിക്കൽ നൃത്തം അഭ്യസിച്ചിരുന്നു. അക്കാലത്തെ പല സദസ്സുകളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. 1953 ൽ തിരമാല എന്ന സിനിമയിലൂടെ ബാലതാരമായാണ് എന്റെ തുടക്കം.
മുംബൈ ജീവിതം...
നമ്മുടെ കേരളാശൈലിയിലുള്ള വീടുകളിൽ ജനിച്ചുവളർന്ന ഞാൻ പിന്നീടുള്ള 29 കൊല്ലത്തോളം ജീവിച്ചത് മുംബൈയിലെ ഫ്ളാറ്റുകളിലായിരുന്നു. ആദ്യമൊക്കെ ആകാശജീവിതവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. പിന്നെ പതിയെ അഡ്ജസ്റ്റായി. അവിടെ വച്ച് എനിക്ക് മൂന്നു മക്കളുണ്ടായി. പ്രകാശ്, പ്രേം, പ്രിയൻ. മുംബൈയിലേക്ക് ചേക്കേറിയപ്പോഴും എനിക്ക് സിനിമയിൽ നിന്നും വിളി വന്നിരുന്നു. പക്ഷേ മക്കൾ സ്വന്തം കാലിൽ നിൽക്കുന്ന വരെ അഭിനയിക്കില്ല എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. അവിടെ മക്കളെ വളർത്തിയും, ഫ്ലാറ്റിലുള്ള മറ്റു കുട്ടികളെ നൃത്തം പഠിപ്പിച്ചും വർഷങ്ങൾ കടന്നു പോയി.
യോഗമില്ലാതെ പോയ വീട്...
കുട്ടികൾ വളർന്ന ശേഷം ഞാൻ സിനിമയിൽ വീണ്ടും സജീവമായി. അന്ന് മദ്രാസ് ആയിരുന്നു മലയാളസിനിമയുടെ ആസ്ഥാനം. അങ്ങനെ ഞാൻ മദ്രാസിൽ ഒരു വാടകവീടെടുത്ത് താമസം തുടങ്ങി. 16 കൊല്ലത്തോളം അവിടെ താമസിച്ചു. ആ സമയത്ത് ഭർത്താവ് വിആർഎസ് എടുത്തു നാട്ടിലെത്തി. തൃശൂർ ഏനാമാവ് ആണ് അദ്ദേഹത്തിന്റെ സ്വദേശം. അവിടെ ഓഹരി കിട്ടിയ സ്ഥലത്ത് വീടു വച്ച് സെറ്റിൽ ചെയ്യാൻ പദ്ധതിയിടുമ്പോഴാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. അങ്ങനെ നാട്ടിലൊരു വീടിനു യോഗമില്ലാതെ പോയി. പണിയാൻ പോകുന്ന ആ വീടിനെക്കുറിച്ച് മനസ്സിൽ ഞങ്ങൾ ഒരുപാട് കിനാവുകൾ നെയ്തിരുന്നു. അദ്ദേഹത്തിന്റെ അഭാവം ജീവിതത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചു. വിരസത മാറ്റാൻ ഞാൻ വീണ്ടും സീരിയലുകളിൽ സജീവമായി.
തിരുവനന്തപുരത്തേക്ക്...
വർഷങ്ങൾ വീണ്ടും കടന്നുപോയി. മലയാള സിനിമ കൊച്ചിയിലേക്ക് കൂടുമാറി. സീരിയലുകൾ തിരുവനന്തപുരത്തേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ഞാൻ പതിയെ സീരിയലുകളിലേക്ക് ചുവടുമാറ്റി. അവിടെ ഒരു വാടകവീടെടുത്ത് താമസം തുടങ്ങി. പൂജപ്പുര ഒരു വാടക ഫ്ലാറ്റിലായിരുന്നു പിന്നീടുള്ള എട്ടു വർഷക്കാലം ജീവിതം.
ജന്മദിന സമ്മാനായി കിട്ടിയ വീട്...
ഇതിനിടെ മക്കൾ കുടുംബസ്ഥരായി. പ്രകാശ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറി. പ്രേം സിംഗപ്പൂരിലേക്കും. ഇളയമകൻ പ്രിയൻ കൊച്ചിയിൽ താമസമാക്കി. എട്ടു വർഷം മുൻപുള്ള എന്റെ പിറന്നാളിന് രണ്ടാമത്തെ മകൻ പ്രേം സമ്മാനമായി തന്നത് ഒരു ഫ്ലാറ്റാണ്. പനമ്പള്ളി നഗറിലുള്ള ആ ഫ്ലാറ്റിലാണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്. ജീവിതത്തിലെ നല്ലൊരു പങ്കും ഫ്ലാറ്റുകളിൽ ജീവിച്ചതുകൊണ്ട് എനിക്കും ഫ്ലാറ്റ് ജീവിതത്തോടാണ് ഇപ്പോൾ കൂടുതൽ താൽപര്യം. ഞാൻ ഗുരുവായൂരപ്പന്റെ ഭകതയാണ്. എന്റെ വിവാഹം, മക്കളുടെ ചോറൂണ് മുതലുള്ള പ്രധാന സംഭവങ്ങൾ എല്ലാം ഗുരുവായൂർ വച്ചായിരുന്നു. ഇതുവരെ താമസിച്ച എല്ലാ വീടുകളിലും ഞാൻ ഒരു പൂജാമുറി ഒരുക്കിയിരുന്നു. അവിടെ ഗുരുവായൂരപ്പന്റെ വിഗ്രഹവും. ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റിലുമുണ്ട് അത്തരമൊരിടം.
മിനിസ്‌ക്രീനിലെ മുത്തശ്ശി
കാലം മാറിയതോടെ സിനിമകളിൽ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ഏതാണ്ട് ഫീൽഡ് ഔട്ടായി. എങ്കിലും സീരിയലുകളിൽ കുടുംബാംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതുകൊണ്ട് ഞാൻ ഇപ്പോഴും അഭിനയിക്കുന്നു. പുതുതലമുറയ്ക്ക് സിനിമയിലെയും സീരിയലുകളിലെയും മുത്തശ്ശിയായാണ് എന്നെ പരിചയം. അതും ഒരു സന്തോഷമുള്ള കാര്യമാണ്.