ഈ വീട് കേരളത്തില്‍ അല്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ?
Mail This Article
കേരളത്തനിമയുള്ള നല്ല ഓടിട്ട വീട്. പറമ്പിൽ തെങ്ങും വാഴയും ആവോളം. മുറ്റത്തും തൊടിയിലും പലവിധ മരങ്ങളും ചെടികളും. തിരുമുറ്റത്തു എണ്ണം പറഞ്ഞൊരു ആമ്പല്‍കുളം. എന്നാല്‍ ഈ വീട് കേരളത്തില്‍ അല്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? എങ്കില്‍ വിശ്വസിക്കണം..
പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ പിനാകിന്‍ പട്ടേലിന്റെ അലിബാഗിലെ വീടിനെ കുറിച്ചാണ് മേൽപ്പറഞ്ഞത്.
കേരളത്തനിമയുള്ള വീടുകളോട് തോന്നിയ ഇഷ്ടമാണ് സ്വന്തം വീടിനും കേരളീയഛായ നൽകാൻ ഇദ്ദേഹത്തിന് പ്രചോദനമായത്. 'റിമോട്ട്, ബട്ട് കണക്റ്റഡ്' എന്നാണ് ഈ വീടിനെ കുറിച്ച് അദ്ദേഹം വിശേഷിപ്പിക്കുന്നത്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞു കുടുംബത്തോടൊപ്പം സമയം ചിലവിടാന്‍ ഏറ്റവും നല്ലയിടമാണ് ഈ വീട്. മെറ്റലും തടിയും ചേര്‍ത്ത ഫ്രെയിമില്‍ ഓടുകള്‍ വിരിച്ചാണ് വീടിന്റെ മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത്.
വീടിനോട് ചേര്‍ന്നുള്ള ആമ്പല്‍കുളത്തില്‍ ഗപ്പിമീനുകളെ വളര്‍ത്തിയാണ് കൊതുകുശല്യം കുറയ്ക്കുന്നത്. വീടിനു പുറത്തായി കല്ലുപാകിയ നീളന്‍ ഇടനാഴിയാണ് മാസ്റ്റര്‍ബെഡ്റൂമിലേക്ക് നയിക്കുന്നത്. ഗ്രാനൈറ്റ് കൊണ്ട് നിർമിച്ച സിംഹത്തിന്റെ പ്രതിമകളാണ് മറ്റൊരാകർഷണം.
മനോഹരമായ സ്വിമ്മിങ് പൂള്‍, ജക്കൂസി എന്നിവയും പിനാകിന്‍ പട്ടേലിന്റെ വീട്ടില്‍ സജ്ജമാണ്. കൃത്രിമ പ്രകാശമില്ലെങ്കിലും, വീടിന്റെ പൂമുഖത്ത് ഇരുന്നാല്‍ ചന്ദ്രന്റെ നിലാവ് ആവോളം ലഭിക്കുമെന്ന് വീട്ടുകാരി ഡോളി പറയുന്നു. 2000 മുതല്‍ പട്ടേലും കുടുംബവും ഇവിടെ താമസമുണ്ട്.