അന്ന് ഷറപ്പോവയെ കളിയാക്കിയവർ ഇന്ന് പുകഴ്ത്തുന്നു! വൈറലായി പുതിയ വീട്
Mail This Article
മരിയ ഷറപ്പോവ ഒരു പോരാളിയാണ്. കളിയിലും അതിനേക്കാൾ ജീവിതത്തിലും. ഇല്ലായ്മകളുടെ നഷ്ടബാല്യത്തിൽ നിന്നും സ്ഥിരോത്സാഹവും പരിശ്രമവും കൊണ്ടാണ് അവർ ടെന്നീസ് കോർട്ടിലെ റാണിയായി മാറിയത്. ഇന്ന് ടെന്നീസ് താരത്തെക്കാൾ മൂല്യമുള്ള പരസ്യമോഡലും സംരംഭകയും കൂടിയാണിവർ.
കയ്യിൽ അൽപം പുത്തൻപണം വന്നാൽ കൊട്ടാരം പോലെ വീടുപണിയുന്ന ചില മലയാളികളെങ്കിലും കണ്ടുപഠിക്കേണ്ടതാണ് മരിയ ഷറപ്പോവയുടെ പുതിയ വീട്. അടുത്തിടെയാണ് ലോസാഞ്ചലസിലെ തന്റെ സ്വപ്നവീടിന്റെ ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചത്. ജാപ്പനീസ് ശൈലിയിൽ, കടലിനോടു ചേർന്ന് നിർമിച്ച മരിയയുടെ വീടിന്റെ ചിത്രങ്ങളും വിഡിയോയും നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
മൂന്ന് നിലകളിലായി കടലിന്റെ സൗന്ദര്യം നുകരാവുന്ന തരത്തിലാണ് മരിയയുടെ വീടിന്റെ നിര്‍മ്മാണം. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന തരത്തിലാണ് മരിയയുടെ മാസ്റ്റര്‍ ബെഡ്റൂമും ബാത്ത്റൂമും രൂപകൽപന ചെയ്തിരിക്കുന്നത്. ഓപ്പണ്‍ ലിവിങ് റൂം, ഡൈനിങ് റൂം, ഗാലറി എന്നിവയാണ് ഏറ്റവും താഴത്തെ നിലയില്‍. രണ്ടാമത്തെ നിലയിലായി അതിഥികൾക്കുള്ള കിടപ്പുമുറികൾ നൽകി. മുകള്‍നിലയില്‍ സ്യൂട്ട് റൂമുകള്‍. ഒപ്പം മനോഹരമായ പൂള്‍, ബേസ്മെന്റ് ലോഞ്ച് എന്നിവയുമുണ്ട്.
തന്റെ സ്വപ്നഭവനത്തിന്റെ ഓരോ ഘട്ടത്തിലും മരിയ അതീവശ്രദ്ധാലുവായിരുന്നു. ടൂര്‍ണമെന്റിന് പോയാലും മറ്റെവിടെ പോയാലും വീട് പണിയുടെ സമയത്ത് അടുത്ത ഫ്ലൈറ്റ് പിടിച്ചു താന്‍ ലോസാഞ്ചലസിലെത്തിയിരുന്നുവെന്നു മരിയ പറയുന്നു.
'സമ്പന്നമായ ഒരു കുട്ടിക്കാലം ഒന്നും തനിക്കില്ലായിരുന്നു. നമുക്ക് ആവശ്യമില്ലാത്ത വസ്തുക്കൾ കുത്തിനിറയ്ക്കാനുള്ള ഇടമാകരുത് വീട്. മിനിമലിസമാണ് ജാപ്പനീസ് വാസ്തുവിദ്യയുടെ സത്ത. ഇതിൽ ആകൃഷ്ടയായാണ് ഞാൻ വീട് ഇത്തരത്തിൽ ഒരുക്കിയത്'...മരിയ പറയുന്നു..
പ്രശസ്ത ആർക്കിടെക്ട് കിര്‍ക്ക് പാട്രിക് ആണ് മരിയയുടെ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കോര്‍ട്ട്നി ആപ്പിള്‍ബൂം ആണ് ഇന്റീരിയർ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ആന്റിക് വസ്തുക്കള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. വീടിന്റെ മുക്കും മൂലയും ഒരുക്കാന്‍ എല്ലാ നേതൃത്വവും ഉപദേശങ്ങളും നല്‍കിയത് മരിയ തന്നെയാണെന്നും ഡിസൈനര്‍മാർ പറയുന്നു. അത്രയ്ക്ക് ഐഡിയകള്‍ മരിയയ്ക്ക് തന്റെ വീടിനെ കുറിച്ച് ഉണ്ടായിരുന്നു എന്ന് വ്യക്തം.
ലോകത്തില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും താന്‍ യാത്ര ചെയ്തിട്ടുണ്ട് , ഒരുപാട് സൗകര്യങ്ങള്‍ അടുത്തറിയാന്‍ സാധിച്ചിട്ടുണ്ട് പക്ഷേ, എല്ലാത്തിലും നിന്നും മടങ്ങി വരുമ്പോള്‍ സ്വസ്ഥതയും സമാധാനവും നൽകുന്നൊരിടം...തന്റെ വീടെന്ന സങ്കൽപം അതായിരുന്നെന്നു മരിയ പറയുന്നു. ചുരുക്കത്തിൽ, വന്നവഴി മറക്കാത്ത ഉടമസ്ഥയെക്കാൾ സുന്ദരിയാണ് പുതിയ വീടെന്നാണ് ആരാധകർ സാക്ഷ്യപ്പെടുത്തുന്നത്.