ഇത് ഇന്ത്യയിലെ ഏറ്റവും വലിയ 'റീസൈക്കിൾഡ്' വീട്; അറിയണം ഈ സ്നേഹത്തിന്റെ കഥ!
Mail This Article
ദീർഘകാലം ഡൽഹിയിൽ താമസിച്ച മല്ലപ്പള്ളി സ്വദേശി ബിജു എബ്രഹാം മാതാപിതാക്കൾക്ക് പ്രായമായപ്പോഴാണ് നാട്ടിൽ തിരിച്ചെത്തിയത്. അവർക്ക് തുണയായി കഴിയാൻ തറവാടിന് സമീപം ഒരു വീടും പണിയാൻ തീരുമാനിച്ചു. അപ്പോഴാണ് പ്രവാസികൾ ഏറെയുള്ള മല്ലപ്പള്ളിയില്‍ തന്റെ മാതാപിതാക്കളെ പോലെ ഒറ്റപ്പെടൽ അനുഭവിക്കുന്നവർ ഏറെയുണ്ടെന്നു മനസിലാക്കിയത്. അങ്ങനെ തന്റെ വീടിനെ വിപുലപ്പെടുത്തി ഒരു ഓൾഡ് ഏജ് ഫ്രണ്ട്ലി ഹോംസ്റ്റേ ആക്കിമാറ്റി ബിജു.
ഓൾഡ് ഏജ് ഹോം എന്നത് ഇപ്പോഴും മലയാളികൾക്ക് പൊരുത്തപ്പെടാനാകാത്ത ഒരു കാര്യമാണ്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി പ്രായമായവർക്ക് ഒത്തുചേരാനും സമയം ചെലവഴിക്കാനുമുള്ള ഒരിടം എന്ന നിലയിലാണ് 'ഊര്' എന്ന ഈ ഹോംസ്റ്റേ ഒരുക്കിയിട്ടുള്ളത്. ബിജു പറയുന്നു. 12,000 ചതുരശ്രയടിയിൽ തനി നാലുകെട്ട് മാതൃകയിലാണ് ഊരിന്റെ രൂപകൽപന. ഒരേക്കറോളം ഭൂമിയിൽ നാലുകെട്ടും ഒത്തുചേരലുകൾക്കുള്ള ആംഫിതിയറ്ററും ലാൻഡ്സ്കേപ്പുമെല്ലാം ഒരുക്കിയിരിക്കുന്നു.
'ആക്രി' വീട്...
ഭൂമിക്ക് ഭാരമാകാത്ത രീതിയിലാകണം വീട് എന്ന് ബിജു ആദ്യമേ ഉറപ്പിച്ചിരുന്നു. നൂറു ശതമാനം പഴയ നിർമാണസാമഗ്രികൾ കൊണ്ടാണ് ഈ വീട് നിർമിച്ചത്. തമാശയ്ക്ക് 'ആക്രി വീട്' എന്നും പറയാം. ഇതിനായി ലേലത്തില്‍ വച്ച പഴയ 24 വീടുകള്‍ ബിജു വാങ്ങി. ഇവിടെ നിന്നും പൊളിച്ചു നീക്കിയ തടി , കട്ട , ടൈല്‍സ് , കല്ലുകള്‍ എന്നിവയെല്ലാം വീടിന്റെ നിര്‍മ്മാണത്തിനായി എടുത്തു. ഇതുവഴി നിർമാണച്ചെലവ് നന്നേ കുറഞ്ഞു. പാറ പൊട്ടിക്കാതെ മരം മുറിക്കാതെ കോൺക്രീറ്റ് ഉപയോഗം പരമാവധി ഒഴിവാക്കിയാണ് ഈ വീട് പണിതത് എന്നത് ചില്ലറക്കാര്യമല്ല. പരിസ്ഥിതിസൗഹൃദ വീടുകളുടെ പ്രചാരകരായ കോസ്റ്റ്‌ഫോർഡാണ് വീട് നിർമിച്ചത്. ഡിസൈനർ പദ്മകുമാര്‍ ആണ് വീട് രൂപകൽപന ചെയ്തത്.
സ്വീകരണമുറി, ലൈബ്രറി, അടുക്കള, 15 കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. അടച്ച മുറികളെക്കാൾ തുറന്ന ഇടങ്ങളാണ് വീട്ടിലുള്ളത്. എല്ലാം തുറന്നിരിക്കുന്നത് നടുമുറ്റത്തേക്കാണ്. ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും വലിയ റീസൈക്കിൾഡ് വീട് ഇതാകും. പരിസ്ഥിതി സൗഹൃദ നിർമിതിയുടെ അംഗീകാരങ്ങളും ഊരിനെ തേടിയെത്തിയിട്ടുണ്ട്. ലിംക റെക്കോർഡ്സിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ബിജു പറയുന്നു.
അനാഥാലയമല്ല...
മല്ലപ്പള്ളിയിൽ ഊര് സ്ഥിതി ചെയ്യുന്നതിന്റെ നാലു കിലോമീറ്റർ ചുറ്റളവിൽ അതിന്റെ സേവനങ്ങൾ എത്തിച്ചേരുന്നുണ്ട്. വൃദ്ധരായ ദമ്പതികളുളള വീടുകളിൽ മൂന്ന് നേരം ഭക്ഷണം എത്തിച്ചുനൽകുന്നു. വീടുകളിലെ ചെറിയ അറ്റകുറ്റപ്പണികൾക്ക് ആളെ എത്തിച്ചു കൊടുക്കുന്നു. പ്രായമായ മാതാപിതാക്കൾക്കുള്ള വീടുകളിൽ പ്രവർത്തകർ എത്തി വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കും.
പ്രവാസികളായ മക്കളുള്ള വീടുകളിൽ ഒറ്റയ്കാകുന്ന വൃദ്ധദമ്പതികൾക്ക് ഒരു ഓൾഡ് ഏജ് ഹോമിന്റെ ശ്വാസം മുട്ടിക്കുന്ന ചിട്ടവട്ടങ്ങൾ ഒന്നുമില്ലാതെ ഇവിടെ താമസിക്കാം. അതുപോലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി മക്കൾക്ക് കുറച്ചു ദിവസം മാറിനിൽക്കേണ്ടി വരുമ്പോഴും മാതാപിതാക്കളുടെ സംരക്ഷണം ഊരിനെ ഏൽപിക്കാം. ഇതിൽ നിന്നും ഈടാക്കുന്ന ചെറിയ ഫീസ് വഴിയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
കുടുംബം..
ഞാൻ വർഷങ്ങളായി ഡൽഹിയിൽ 'എൻജിഒ'കളുമായി ബന്ധപ്പെട്ട പ്രവർത്തിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഊരിനെ കാണുന്നത്. ഭാര്യ ഡൽഹിയിൽ അധ്യാപികയാണ്. രണ്ടാൺമക്കൾ. ഒരാൾ ഡിഗ്രി കഴിഞ്ഞു ജോലിക്ക് കയറി. ഒരാൾ ബിരുദ വിദ്യാർഥി. ഇപ്പോൾ രണ്ടര വർഷമായി ഊര് തുടങ്ങിയിട്ട്. ഉപയോക്താക്കളിൽ നിന്നും ലഭിക്കുന്ന നല്ല വാക്കുകളാണ് ഇത് മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രചോദനം. പിന്തുണയുമായി എന്റെ മാതാപിതാക്കളും സമീപത്തുള്ള തറവാട്ടിൽ നിന്നും ഇവിടെയെത്തുന്നു.
പ്രായമാവർ സമൂഹത്തിനു ഭാരമല്ല, മറിച്ച് അവർക്ക് സന്തോഷകരമായ സാമൂഹിക ജീവിതം ഉറപ്പുവരുത്തേണ്ടത് നമ്മുടെ കടമയാണെന്ന് ഊര് എന്ന സ്‌നേഹവീട് ഓർമിപ്പിക്കുന്നു.