വീടിനകത്ത് ലാലേട്ടൻ!
Mail This Article
മോഹൻലാലിന്റെ കട്ട ഫാൻ ആയ ടോബിൻ ജോസഫ് മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചെന്നിരിക്കും! അങ്ങനെ വേറിട്ട വഴിയിലൂടെ 6 വർഷം കൊണ്ട് വിസ്മയമൊരുക്കുകയാണ് ചങ്ങനാശേരി മാമ്മൂട് സ്വദേശി ടോബിൻ ജോസഫ്. മാമ്മൂട് കണിച്ചുകുളം ‘ഹോം ഓഫ് ജോയ്’ വീട്ടിലൊരുങ്ങുന്ന മംഗലശ്ശേരി മ്യൂസിയത്തിൽ മോഹൻലാലിന്റെ ‘ദേവാസുര’ത്തിലെയും ‘രാവണപ്രഭു’വിലെയും മംഗലശ്ശേരി നീലകണ്ഠൻ ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ പുനർജനിക്കുന്നു.
6 വർഷമെടുത്ത് മ്യൂസിയം തയാറാക്കുക, സിനിമയിലെ കഥാപാത്രങ്ങളെ പുനരാവിഷ്കരിക്കുക, നായകൻ സിനിമയിൽ ഉപയോഗിച്ച വണ്ടി തേടി പോകുക...കേൾക്കുന്നവർക്കു വട്ടാണെന്നു തോന്നാം. പക്ഷേ, ടോബിനിത് ആഗ്രഹ പൂർത്തീകരണമാണ്. ടോബിന്റെ ഇരുനില വീടാണ് മ്യൂസിയം ആയി ഒരുങ്ങുന്നത്. താഴത്തെ ഭാഗം ‘ദേവാസുര’ത്തിനും മുകൾനില ‘രാവണപ്രഭു’വിനും മാറ്റിവച്ചിരിക്കുന്നു. ഇരുസിനിമകളിലെയും കഥാപാത്രങ്ങളുടെ 25 ഫൈബർ പ്രതിമകൾ ഉണ്ട്. ചിലത് ചലിക്കുന്ന പ്രതിമകളാണ്. ഇരുപതോളം ചിത്രങ്ങളും മ്യൂസിയത്തിലുണ്ട്. മ്യൂസിയത്തിന്റെ പണി പൂർത്തിയാകുന്നതേയുള്ളൂ. മോഹൻലാലിന്റെ ആരാധകനായ അച്ഛൻ ജോയ് തോമസിന്റെ ഓർമയ്ക്കു കൂടിയാണ് ടോബിൻ മ്യൂസിയം തയാറാക്കുന്നത്.
‘ദേവാസുര’ത്തിൽ മോഹൻലാൽ ഉപയോഗിച്ച ജീപ്പും ഈ മ്യൂസിയത്തിലുണ്ട്. പാലക്കാട് മുടപ്പല്ലൂരിലെ മോഹൻലാലിന്റെ മറ്റൊരു ആരാധകനായ ശശീന്ദ്രനിൽ നിന്നാണ് ജീപ്പ് ലഭിച്ചത്. ‘ദേവാസുര’ത്തിന്റെ ഇരുപത്തിയാറാം വാർഷികത്തിൽ മ്യൂസിയം തുറക്കുന്നതിനൊപ്പം ടോബിൻ കഥയും തിരക്കഥയും എഴുതിയ 30 മിനിറ്റ് ഹ്രസ്വചിത്രം കൂടി പ്രദർശനത്തിനെത്തും. മോഹൻലാൽ ആരാധകനായ ഒരു കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.
അയൽവാസി കൂടിയായ സിനിമാ സംവിധായകൻ ജോണി ആന്റണി മ്യൂസിയത്തിന്റെ ആശയം ഉടലെടുത്തതു മുതൽ ടോബിന്റെ കൂടെയുണ്ട്. അടുത്ത ഫെബ്രുവരിയിൽ മ്യൂസിയം തുറക്കണമെന്നും ഈ ചടങ്ങിൽ മോഹൻലാലും സംവിധായകൻ രഞ്ജിത്തും പങ്കെടുക്കണമെന്നുമാണ് ടോബിന്റെ ആഗ്രഹം. പ്രവേശനം സൗജന്യം. മംഗളൂരുവിലെ ഇന്ദ്ര നഴ്സിങ് കോളജിൽ പ്രഫസറാണ് ടോബിൻ. അമ്മ മോളി തോമസ് ആണ് മാമ്മൂടിലെ വീട്ടിൽ ഇപ്പോഴുള്ളത്. ഭാര്യ സൗമ്യയും 3 മക്കളും മംഗളൂരുവിലാണ്.
English Summary- Fan Turned own house to Mohanlal Museum