ടിനി ടോമിന്റെ പുതിയ സ്വപ്നക്കൂട്, ഒപ്പം ഒരു അതിഥിയും! ക്രിസ്മസ് സ്‌പെഷൽ വീട്
Mail This Article
ക്രിസ്മസിന്റെ ആഘോഷങ്ങളിലേക്ക് അലിഞ്ഞു ചേരുകയാണ് ആലുവ നഗരം. നഗരത്തിൽ തന്നെ എന്നാൽ തിരക്കുകളിൽനിന്നും ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സ്വച്ഛസുന്ദരമായ ഒരു പ്രദേശത്താണ് നടൻ ടിനി ടോമിന്റെ പുതിയ വീട്. ടിനിയുടെ ഏദൻ എന്ന വീടിന്റെ വിശേഷങ്ങൾ ആറു മാസങ്ങൾക്കു മുൻപ് സ്വപ്നവീടിലൂടെ പങ്കുവച്ചിരുന്നു. ഏദനിൽ നിന്നും നസ്രേത് എന്ന പുതിയ വീട്ടിലേക്കുള്ള മാറ്റം ബാക്കിയുണ്ടായിരുന്ന ചില സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് എന്ന് ടിനി പറയുന്നു. പുതിയ വീടിന്റെ വിശേഷങ്ങൾ ടിനിയും കുടുംബവും പങ്കുവയ്ക്കുന്നു ക്രിസ്മസ് സ്‌പെഷൽ സ്വപ്നവീടിലൂടെ..
പഴയ വീട്ടിൽ ഞാൻ മിസ് ചെയ്തിരുന്ന ഒരു കാര്യം പുഴയുടെ സാന്നിധ്യമാണ്. വീട്ടിൽ ഇരുന്നാൽ പുഴയുടെ മനോഹര കാഴ്ചകളിലേക്ക് കണ്ണോടിക്കാവുന്ന പ്രദേശത്തു ഒരു വീട് എന്ന സ്വപ്നമാണ് നസ്രേത് എന്ന ഈ ഭവനത്തിലൂടെ സഫലമാകുന്നത്. പുതിയ വീട് തേടുമ്പോൾ ഭാര്യ രൂപ ഒരു ആവശ്യം ഉന്നയിച്ചിരുന്നു. എന്റെയും ഭാര്യ രൂപയുടെയും അമ്മമാർ അവരുടെ വീടുകളിൽ തനിച്ചാണ്. അവർക്ക് പ്രായമായി വരികയാണ്. അവരെ കൂടി ഉൾക്കൊള്ളാനാകുന്ന വീട് വേണം എന്ന്. ഞങ്ങളുടെ രണ്ടുപേരുടെയും ആഗ്രഹങ്ങൾ സമ്മേളിച്ചത് ഇവിടെയാണ്. വീടിനു തൊട്ടടുത്തൂടെ ആലുവാപ്പുഴയുടെ കൈവരി ഒഴുകുന്നു. സ്വച്ഛസുന്ദരമായ പ്രദേശമാണ്. ഇവിടെ ആറു കിടപ്പുമുറികളുണ്ട്. എല്ലാവരെയും ഉൾക്കൊള്ളിക്കാൻ കഴിയും. ഇത് വില്ല പ്രോജക്ട് ആയതുകൊണ്ട് ഞാൻ ഷൂട്ടിങ്ങിനായി മാറി നിൽക്കുമ്പോഴും സുരക്ഷയുടെ ടെൻഷൻ വേണ്ട.
പുതിയ വീട്ടിൽ പുതിയ ഒരു അതിഥിയും കൂടി എത്തിയിട്ടുണ്ട്. വർക്കി എന്ന പൂച്ച. സിനിമാതാരം നാദിർഷായുടെ അനിയൻ സമദ് വീടിന്റെ പാലുകാച്ചലിനോട് അനുബന്ധിച്ച് നൽകിയ സമ്മാനമാണ് ഈ പേർഷ്യൻ ബ്രീഡ് പൂച്ച. സമദ് ആ സമയത്ത് പ്രധാനകഥാപാത്രമായി അഭിനയിക്കുന്ന സിനിമയുടെ പേരായിരുന്നു വർക്കി. ആ ഓർമയ്ക്ക് പൂച്ചയ്ക്കും വർക്കി എന്ന പേര് ടിനി ഡെഡിക്കേറ്റ് ചെയ്തു. ഇപ്പോൾ വീട്ടിലെ ശ്രദ്ധാകേന്ദ്രമാണ് ഇവൻ. എല്ലായിടത്തും വർക്കിയുടെ കണ്ണും നോട്ടവുമെത്തണം. ഇല്ലെങ്കിൽ ആൾക്ക് ഇരിക്കപ്പൊറുതിയില്ല.
രണ്ടു പോർച്ച്, ലിവിങ്, ഡൈനിങ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ഹാൾ, ഹോം തിയറ്റർ, എന്നിവയാണ് ഈ വീട്ടിലുള്ളത്. എന്റെ പഴയ വീട്ടിൽ കുറച്ചധികം അലങ്കാരങ്ങൾ ഞാൻ ചെയ്തിരുന്നു. ഫോൾസ് സീലിങ്ങും നിറയെ ഫർണിച്ചറുകളും ഉണ്ടായിരുന്നു. വീട് ഫൈവ് സ്റ്റാർ ഹോട്ടൽ പോലെയാകരുത് എന്ന തിരിച്ചറിവിലാണ് ഈ വീട് ഞങ്ങൾ ഒരുക്കിയത്. എന്നാൽ പഴയ വീട്ടിലെ ചില ഓർമ്മകൾ ഇവിടേക്ക് മാറ്റിനട്ടിട്ടുമുണ്ട്. ഉദാഹണത്തിനു ലിവിങ്ങിലെ ഫർണിച്ചറും കണ്ണാടിയും പഴയ പ്രെയർ ടേബിളും ഹോം തിയേറ്ററും അതേപടി ഇവിടേക്ക് മാറ്റി നൽകി. അതുപോലെ ഇന്തോനേഷ്യയിൽ പോയപ്പോൾ വാങ്ങിയ തേക്കിൻ തടിയിൽ കടഞ്ഞെടുത്ത ക്രിസ്തുവിന്റെ രൂപവും കുരിശുമാലയും മുകളിലെ ഹാളിൽ വീണ്ടും പ്രതിഷ്ഠിച്ചിട്ടുണ്ട്.
തുറസായ നയത്തിലാണ് മുറികൾ. ലിവിങും ഡൈനിങ്ങും തമ്മിൽ ഒരു കർട്ടൻ കൊണ്ടാണ് വേർതിരിച്ചിരിക്കുന്നത്. ഭാര്യ രൂപ നന്നായി പാചകം ചെയ്യാൻ ഇഷ്ടമുള്ള വ്യക്തിയാണ്. അതുകൊണ്ട് കൈകാര്യം ചെയ്യാൻ എളുപ്പത്തിൽ ചെറിയ അടുക്കളയാണ് നൽകിയത്. സമീപം വർക്കേരിയയുമുണ്ട്. മുകൾനിലയിലെ പ്രധാന ഹൈലൈറ്റ് പുഴയുടെ കാഴ്ചകളിലേക്ക് തുറക്കുന്ന വലിയ ഹാളാണ്. വീട്ടിൽ സുഹൃത്തുക്കൾ വരുമ്പോൾ ഒത്തുകൂടുന്ന പാർട്ടി സ്‌പേസ് കൂടിയാണിവിടം. ഇത് ഞങ്ങളുടെ പെർഫോമിങ് സ്റ്റേജ് കൂടിയാണ്. പാട്ടും ഡാൻസും മിമിക്രിയും ഒക്കെ ഇവിടെ ഞങ്ങൾ അവതരിപ്പിക്കാറുണ്ട്.
ആദ്യ ക്രിസ്മസിനെ സ്വീകരിക്കാൻ വീട് അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. ഗെയ്റ്റ് കടന്നു വീടുവിലേക്ക് എത്തുമ്പോൾ ആദ്യം കാഴ്ച പതിയുന്നത് മനോഹരമായി ഒരുക്കിയ പുൽക്കൂട്ടിലേക്കാണ്. ഇരുവശത്തും നക്ഷത്രങ്ങളും നൽകിയിട്ടുണ്ട്. മുകൾനിലയിൽ എൽഇഡി ലൈറ്റുകൾ വരിഞ്ഞിരിക്കുന്നു. രാത്രിയാകുമ്പോൾ ഈ ലൈറ്റുകളുടെ പ്രഭയിൽ വീട് മിന്നിത്തിളങ്ങി നിൽക്കുന്നു. ഒപ്പം വീട്ടുകാരും.
English Summary: Actor Tini Tom, Swapnaveedu, Christmas Special